എഞ്ചിനീയറിംഗ് ലക്ഷ്യമാക്കിയാണ് സ്കൂൾ തലം മുതൽ പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് തോമസ് ബിജു പറയുന്നു.
തിരുവനന്തപുരം: ഇത്തവണത്തെ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജുവാണ് രണ്ടാം റാങ്ക് നേടിയത്. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിലെ മൂന്നാം റാങ്കും തോമസ് ബിജുവിനായിരുന്നു. ജെഇഇ മെയിൻ സെഷനിലും രണ്ടാം സെഷനിലും മുഴുവൻ സ്കോറും നേടി തോമസ് ബിജു സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. എഞ്ചിനീയറിംഗ് ലക്ഷ്യമാക്കിയാണ് സ്കൂൾ തലം മുതൽ പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് തോമസ് ബിജു പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചേർന്ന് കംപ്യൂട്ടർ സയൻസ് പഠിക്കാനാണ് തോമസ് ബിജുവിന്റെ തീരുമാനം.
എൻസിഇആർടി പുസ്തകങ്ങളായിരുന്നു പഠിക്കാൻ തെരഞ്ഞെടുത്തത്. പരീക്ഷക്ക് സ്പീഡ് കിട്ടാൻ വേണ്ടി നിരവധി മോക് ടെസ്റ്റുകൾ പരിശീലിക്കുമായിരുന്നു. കെമിസ്ട്രി പഠനത്തിനാണ് കൂടുതൽ സമയം ചെലവഴിച്ചത്. ക്ലാസുള്ള ദിവസങ്ങളിൽ വൈകുന്നേരമാണ് പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. സോഷ്യൽ മീഡിയകൾ ഒന്നും തന്നെ ഉപയോഗിക്കാറില്ലെന്ന് തോമസ് ബിജു പറയുന്നു. സിലബസ് കൃത്യമായി ഫോളോ ചെയ്തായിരുന്നു പഠനം. ഏകദേശം 12 മണിക്കൂറോളം പഠനത്തിനായി മാറ്റിവെച്ചു. സിസ്റ്റമാറ്റിക് ആയി പഠിച്ചാൽ വിജയം നേടിയെടുക്കാമെന്ന് തോമസ് ബിജു പറയുന്നു. പ്ലസ്ടൂവിന് 99.4 ശതമാനം മാർക്ക് നേടിയാണ് തോമസ് ബിജു പാസ്സായത്. തിരുവനന്തപുരം തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്കൂളിലായിരുന്നു പ്ലസ്ടൂ പഠനം.
undefined
അന്നന്നുള്ള പാഠങ്ങളെല്ലാം കൃത്യമായി പഠിക്കുന്ന ശീലമാണ് മികച്ച റാങ്കോടെ എഞ്ചിനീയറിംഗ് പാസാകാനുള്ള പ്രധാന കാരണമെന്ന് ഈ വിദ്യാർത്ഥി പറയുന്നു. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോട് തോമസ് ബിജുവിന് പറയാനുള്ളതും ഇതു തന്നെയാണ്. പഠനം കൃത്യവും ഏകാഗ്രവുമായാൽ വിജയം ഉറപ്പ്.
കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ 77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും തൃശൂർ സ്വദേശി ആൻ മേരി നാലാം റാങ്കും നേടി. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഐഐടി ബോംബെ സോണിലെ ആർ കെ ശിശിറിനാണ് ഒന്നാം റാങ്ക്. 360 ൽ 314 മാർക്കാണ് ശിശിർ നേടിയത്. പെൺകുട്ടികളിൽ ഐഐടി ഡൽഹി സോണിലെ തനിഷ്ക കബ്രയാണ് ഒന്നാം റാങ്ക് നേടിയത്.
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ: മൂന്നാം റാങ്ക് മലയാളിക്ക്