പഠിക്കാൻ മിടുക്കിയായിരുന്നു രൂപ. മകളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവളുടെ പിതാവും ആഗ്രഹിച്ചിരുന്നു. അതിനാല്‍ വിവാഹം കഴിഞ്ഞും രൂപക്ക് പഠനം തുടരാന്‍ സാധിച്ചു..
ജയ്പൂർ: 8ാമത്തെ വയസ്സിൽ, 3ാം ക്ലാസിൽ പഠിക്കുമ്പോൾ, 12 വയസ്സുകാരന്റെ ബാലവധു. 13 വർഷത്തിന് ശേഷം 21ാം വയസ്സിൽ നീറ്റ് പരീക്ഷയിൽ 603 മാർക്കോടെ സ്വപ്നനേട്ടം. ജയ്പൂർ സ്വദേശിയായ രൂപ യാദവ് എന്ന പെൺകുട്ടിക്ക് അവളുടെ സ്വപ്നത്തിലേക്കുള്ള യാത്ര അത്രയെളുപ്പമായിരുന്നില്ല. എന്നിട്ടും പ്രതിസന്ധികളെ സധൈര്യം നേരിട്ട് രൂപ ഇന്ന് ഡോക്ടറാണ്. 2017 ലാണ് നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 2612ാം റാങ്കോടെ രൂപ വിജയത്തിലെത്തുന്നത്. കഴിഞ്ഞ വർഷം രൂപ ഡോക്ടറായി.
ജയ്പൂരിനടുത്തുള്ള ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷകന്റെ മകളാണ് രൂപ. എട്ടാം വയസ്സിൽ 12 വയസ്സുള്ള ശങ്കർ ലാലുമായി രൂപയുടെ വിവാഹം നടന്നു. തീരെ പാവപ്പെട്ട കുടുംബപശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും ആയിരുന്നു ഈ കുടുംബത്തിന്റേത്. പഠിക്കാൻ മിടുക്കിയായിരുന്നു രൂപ. അതുകൊണ്ട് തന്നെ മകളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവളുടെ പിതാവ് ആഗ്രഹിച്ചു. അതിനാല്‍ വിവാഹം കഴിഞ്ഞും രൂപ പഠനം തുടർന്നു.
undefined
പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് രൂപ ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. 84 ശതമാനം മാർക്കോടെയാണ് രൂപ പത്താം ക്ലാസ് പാസ്സായത്. തുടർന്ന് പഠിക്കാൻ ഈ വിജയം രൂപയ്ക്ക് അനുകൂലമായി. രൂപയുടെ പഠനത്തിലെ മിടുക്കിനെ അഭിനന്ദിച്ച ഗ്രാമവാസികൾ അവളെ വീണ്ടും പഠിപ്പിക്കണമെന്ന് ഭർത്താവിനോടും കുടുംബത്തോടും ആവശ്യപ്പെട്ടു. രൂപയുടെ വിദ്യാഭ്യാസം തടസ്സപ്പെടുകയില്ലെന്ന് ഭർതൃവീട്ടുകാർ അവളുടെ അച്ഛന് വാക്കു കൊടുത്തു.
അങ്ങനെ വീണ്ടും പഠനം തുടർന്ന രൂപ വീട്ടുജോലികൾക്കിടയിലും പഠിക്കാൻ സമയം കണ്ടെത്തി. പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച മാർക്ക് നേടി പാസ്സായി. സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബി എസ് സി പഠനത്തിന് ചേർന്നു. അതിനോടൊപ്പം തന്നെ എഐപിഎംടി (ഓൾ ഇന്ത്യ പ്രി മെഡിക്കൽ ടെസ്റ്റ്) പരീക്ഷക്കും തയ്യാറെടുപ്പ് നടത്തി. അഖിലേന്ത്യ തലത്തിൽ 23000 റാങ്കോടെ 415 മാർക്ക് നേടിയാണ് എഐപിഎംടി പരീക്ഷയിൽ രൂപ വിജയിച്ചത്. രൂപയുടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ അവളുടെ ഭർത്താവും വീട്ടുകാരും അധിക സമയം ജോലി ചെയ്ത് അവളെ പിന്തുണച്ചു.
തൊട്ടതെല്ലാം പൊന്നാക്കുന്നത് പോലെ എഴുതിയ പരീക്ഷകളിലെല്ലാം മികച്ച വിജയം നേടിയ രൂപ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആരംഭിച്ചു. പരിശീലനത്തിനും താമസത്തിനുമുള്ള ചെലവുകൾക്കായി, ഭർത്താവ് ശങ്കർ ലാലും സഹോദരൻ ബാബു ലാലും കൃഷി കൂടാതെ അവരുടെ പ്രദേശത്ത് ഓട്ടോ ഓടിക്കുന്ന അധിക ജോലിയും കൂടി ചെയ്തു. എന്നാൽ ആദ്യശ്രമത്തിൽ നല്ലൊരു മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ രൂപാ യാദവിന് കഴിഞ്ഞില്ല. ഒടുവിൽ മൂന്ന് വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ രൂപക്ക് ബിക്കാനീറിലെ സർദാർ പട്ടേൽ മെഡിക്കൽ കോളേജിൽ പ്രവേശനം നേടാനായി.
പ്രീ ഫൈനൽ പരീക്ഷയുടെ സമയത്ത് രൂപയുടെ മകൾക്ക് 25 ദിവസം മാത്രമാണ് പ്രായം. കുഞ്ഞിനെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ ഏല്‍പിച്ചാണ് രൂപ പരീക്ഷക്ക് പോയത്. അങ്ങനെ പ്രതിബന്ധങ്ങളെ തട്ടിമാറ്റി രൂപ 2022 ൽ പഠനം പൂർത്തിയാക്കി ഡോക്ടറായി. ഇപ്പോള്‍ താൻ ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുകയാണെന്നും ഗ്രാമത്തിൽ ഒരു ആശുപത്രി തുറക്കാൻ ആഗ്രഹിക്കുന്നുവെന്നും രൂപ പറയുന്നു.
ഭൂമി വിൽക്കേണ്ടി വന്നാലും അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് അവളുടെ ഭർത്താവിന്റെ വീട്ടുകാർ പറയുന്നു. “കഠിനാധ്വാനം ചെയ്താല്‍ നമ്മൾ ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, സ്വപ്നം കാണുന്നത് നിർത്തരുത്, ആ സ്വപ്നങ്ങൾക്കായി പോരാടാൻ മറക്കരുത്; അവ യാഥാർത്ഥ്യമാക്കുക,” തങ്ങളുടെ യാത്ര ദുഷ്‌കരമായി കാണുന്ന ഓരോ സ്ത്രീക്കും രൂപയുടെ ഉപദേശമിങ്ങനെ.
10ലും 12ലും 2 വിഷയങ്ങൾക്ക് തോറ്റു; 22ാം വയസ്സിൽ ആദ്യശ്രമത്തിൽ ഐഎഎസ്; വിജയമന്ത്രങ്ങളിതാണെന്ന് അഞ്ജു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്