ആറ് വർഷം കൊണ്ട് 12 സർക്കാർ ജോലികൾ, യുപിഎസ്‍സി പരീക്ഷയിൽ ദേശീയതലത്തിൽ 170ാം റാങ്ക്. നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് ഐപിഎസ് നേടിയ വ്യക്തി.
ആറ് വർഷത്തിനിടെ 12 ലധികം സർക്കാർ ജോലികൾ (government jobs). കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും സംഭവം സത്യമാണ്. ഒരു സർക്കാർ ജോലി ലഭിക്കുക എന്നത് ഏതൊരു ഉദ്യോഗാർത്ഥിയുടെയും സ്വപ്നമാണ്. ലക്ഷക്കണക്കിന് ആളുകൾ തയ്യാറെടുപ്പ് നടത്തുന്ന പരീക്ഷയാണ് (UPSC) യുപിഎസ്‍സിയുടേത്. എന്നാൽ വിജയത്തിലെത്തുന്നത് ചിലർ മാത്രം. തങ്ങളുടെ കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി അക്ഷീണം പരിശ്രമിക്കുന്നവരുണ്ട്. അവരെപ്പോഴും വിജയത്തെ ലക്ഷ്യമാക്കി നീങ്ങുന്നവരായിരിക്കും. അത്തരമൊരു വ്യക്തിയാണ് രാജസ്ഥാൻ സ്വദേശിയായ (Prem Sukh Delu) പ്രേം സുഖ് ദേലു. ആറ് വർഷം കൊണ്ട് 12 സർക്കാർ ജോലികൾ, യുപിഎസ്‍സി പരീക്ഷയിൽ ദേശീയതലത്തിൽ 170ാം റാങ്ക്. നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് ഐപിഎസ് നേടിയ വ്യക്തി.
രാജസ്ഥാനിലെ ബിക്കാനീർ ആണ് പ്രേം സുഖ് ദേലുവിന്റെ സ്വദേശം. കർഷക കുടുംബത്തിലാണ് ജനിച്ചത്. എങ്കിലും കഠിനാധ്വാനത്തിലൂടെ വില്ലേജ് ഓഫീസിലെ ഗുമസ്തനായി ജോലി ലഭിച്ചു. എന്നാൽ ഈ ജോലിയിൽ തന്നെ തുടരാതെ മികച്ച അവസരങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. പ്രധാനമായും യുപിഎസ്‍സി പരീക്ഷയായിരുന്നു ലക്ഷ്യം. വളരെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കുട്ടിക്കാലം മുതൽ പ്രേം സുഖ് ആഗ്രഹിച്ചു. അതിനായി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
undefined
സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് പത്താം ക്ലാസ് വരെ പ്രേം സുഖ് പഠിച്ചത്. തുടർന്ന് ബിക്കാനീറിലെ ഗവൺമെന്റ് ദുംഗർ കോളേജിൽ തുടർപഠനം. ഹിസ്റ്ററിയിൽ ഗോൾഡ് മെഡൽ നേടിയാണ് അദ്ദേഹം എംഎ പൂർത്തിയാക്കിയത്. അതേ സമയം തന്നെ യുജിസി-നെറ്റ്, ജെആർഎഫ് എന്നിവയും നേടി. രാജസ്ഥാൻ പൊലീസിൽ കോൺസ്റ്റബിളായിരുന്നു പ്രേം സുഖിന്റെ സഹോദരൻ. മത്സരപരീക്ഷകൾ എഴുതാൻ ഇദ്ദേഹമായിരുന്നു പ്രചോദനം. 2010ലാണ് ബിരുദ പഠനത്തിന് ശേഷം ഗുമസ്തനായി ജോലി ലഭിക്കുന്നത്. എന്നാൽ ഇതിലും മികച്ച ജോലി തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. രജസ്ഥാൻ ഗ്രാം സേവക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടുന്നതും ഈ സമയത്താണ്.
അസിസ്റ്റന്റ് ജയിലർ പരീക്ഷയിൽ ഒന്നാം റാങ്ക് ഇദ്ദേഹത്തിനായിരുന്നു. ജയിലർ തസ്തികയിലേക്ക് നിയമന അറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ സബ് ഇൻസ്പെക്ടർ പരീക്ഷയിലും യോഗ്യത നേടി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പഠനം ഇവിടംകൊണ്ടൊന്നും നിർത്താൻ പ്രേംസുഖ് തയ്യാറായിരുന്നില്ല. ബിഎഡും നെറ്റും നേടി, തുടർന്ന് കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ തീരുമാനിച്ചത്.
കോളേജ് അധ്യാപക ജോലിയിലിരിക്കെ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന് കീഴിൽ തഹസീൽദാരായി തെരഞ്ഞെടുക്കപ്പെട്ടു. ആ ജോലിയിൽ പ്രവേശിച്ച പ്രേംസുഖ് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ തുടങ്ങി. ജോലിക്ക് ശേഷമുള്ള സമയത്തായിരുന്നു പഠനം. 2015 ൽ രണ്ടാമത്തെ പരിശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായി. അഖിലേന്ത്യാ തലത്തിൽ 170ാം റാങ്ക് നേടി, ഐപിഎസ് ഉദ്യോഗസ്ഥനായി. ഗുജറാത്തില അമ്രേലിയിൽ എസിപി ആയിട്ടായിരുന്നു ആദ്യനിയമനം.