ഈ വർഷത്തെ നീറ്റ് യുജി 2021 പരീക്ഷയിൽ 720 ൽ 626 മാർക്കാണ് ഈ വിദ്യാർത്ഥി നേടിയത്. കംതായ് ഗ്രാമത്തിലെ ആദ്യഡോക്ടറാകാൻ ഒരുങ്ങുകയാണ് ദാധുറാം.
രാജസ്ഥാൻ: ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായിട്ടാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെ (NEET Examination) സമീപിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പാസ്സായ വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്കായി (NEET UG 2021) തയ്യാറെടുക്കുന്നത്. ഏതൊരു മത്സരപരീക്ഷയിലുമെന്ന പോലെ നീറ്റ് പരീക്ഷയിലും കഠിനാധ്വാനവും ക്ഷമയും വിജയഘടകങ്ങളാണ്. മികച്ച വിജയം നേടാൻ സാമ്പത്തിക പശ്ചാത്തലം ഒരു ഘടകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദാധുറാം (Dadhuram) എന്ന വിദ്യാർത്ഥി. രാജസ്ഥാനിലെ ബാർമറിലെ സിന്ധായിയിലെ കംതായി ഗ്രാമത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ദാധുറാം.
ഈ വർഷത്തെ നീറ്റ് യുജി 2021 പരീക്ഷയിൽ 720 ൽ 626 മാർക്കാണ് ഈ വിദ്യാർത്ഥി നേടിയത്. കംതായ് ഗ്രാമത്തിലെ ആദ്യഡോക്ടറാകാൻ ഒരുങ്ങുകയാണ് ദാധുറാം. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിച്ച കഥയാണ് ഈ മിടുക്കന് പറയാനുള്ളത്. സാമ്പത്തികമായി വളരെ ദുർബലമായ, കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ കുടുംബപശ്ചാത്തലമാണ് ദാധുറാമിനുള്ളത്. മൂന്നു തവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും യോഗ്യത നേടാൻ സാധിച്ചില്ല. ഓരോ തവണയും തോറ്റുപിൻമാറാതെ ലക്ഷ്യത്തിനായി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ നാലാമത്തെ ശ്രമത്തിൽ 9375ാം റാങ്ക് നേടി നീറ്റ് പാസ്സായി.
undefined
ദാധുറാമിന്റെ അഞ്ചംഗകുടുംബത്തിന് സ്ഥിരമായ വരുമാന മാർഗമില്ല. സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ ചോളം കൃഷി ചെയ്യുന്നുണ്ട്. അത് കുടുംബത്തിന് ഉപയോഗിക്കാൻ മാത്രമേ തികയൂ. നിർമ്മാണമേഖലയിലെ കൂലിത്തൊഴിലാളികളാണ് ദാധുറാമിന്റെ അച്ഛനും സഹോദരനും. 250 കുടുംബങ്ങളാണ ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അവർക്ക് കൃത്യമായ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഒരു ദിവസം അഞ്ചോ ആറോ മണിക്കൂർ മാത്രം വൈദ്യുതി ലഭിക്കും. ദാധുറാമിന്റെ മാതാപിതാക്കൾ നിരക്ഷരരാണ്. കൂലിപ്പണിയല്ലാതെ ഇവർക്ക് മറ്റ് ഉപജീവനമാർഗമില്ല. ഈ സാഹചര്യങ്ങളോടെല്ലാം പൊരുതിയാണ് ദാധുറാം ഈ തിളങ്ങുന്ന വിജയം നേടിയെടുത്തത്.
''ഡോക്ടറാകാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം എംബിബിഎസ് ൽ കുറഞ്ഞതൊന്നും സ്വീകാര്യമായിരുന്നില്ല. 2018 ലാണ് ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്നത്. സ്വയം തയ്യാറെടുത്തു, പഠിച്ചു 440 മാർക്ക് ലഭിച്ചു. രണ്ടാമതും സ്വന്തമായി തന്നെ പഠിച്ചു, 558 മാർക്ക് ലഭിച്ചു. മൂന്നാം തവണ കോച്ചിംഗിന് പോകാൻ തീരുമാനിച്ചു. 2020 ലെ നീറ്റ്പ രീക്ഷയിൽ 593 മാർക്കും അഖിലേന്ത്യാ തലത്തിൽ 23082ാം റാങ്കുമുണ്ടായിരുന്നു. പിന്നീട് കഠിനാധ്വാനം ചെയ്ത് പഠിച്ചാണ് 2021 ലെ നീറ്റ് പരീക്ഷയിൽ 9375 റാങ്ക് നേടിയത്. എംബിബിഎസ് പഠനത്തിന് ശേഷം പിജി ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല, പക്ഷേ ഒരു കാര്യം ഉറപ്പാണ് എംബിബിഎസ് കഴിഞ്ഞതിന് ശേഷം എന്നെപ്പോലെയുള്ള വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളെക്കുറിച്ച് ബോധ്യമുണ്ടാക്കാൻ ശ്രമിക്കും. അവർക്ക് മികച്ച തീരുമാനങ്ങളെടുക്കാനും കരിയറിൽ മികവ് പുലർത്താനും അവരെ സഹായിക്കും.'' പരീക്ഷയിലെ വിജയത്തെക്കുറിച്ച് സംസാരിച്ച വേളയിൽ ദാധുറാം വ്യക്തമാക്കി.