കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി ഉയർന്നു. ഇത് 54 ശതമാനം വർദ്ധനവാണ്. 2014-ന് മുമ്പ് രാജ്യത്ത് ഏഴ് എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദില്ലി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ (Medical Colleges) എണ്ണം 54 ശതമാനം വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Modi). "2014-ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി ഉയർന്നു. ഇത് 54 ശതമാനം വർദ്ധനവാണ്. 2014-ന് മുമ്പ് രാജ്യത്ത് ഏഴ് എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, അംഗീകാരമുള്ള എയിംസുകളുടെ എണ്ണം 22 ആയി ഉയർന്നു,” തമിഴ്‌നാട്ടിൽ 11 മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഈ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തത്. 2014ലാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. "ഭാവികാലം ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കും. ഈ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.
മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകൾ ഏകദേശം 1.48 ലക്ഷം സീറ്റുകളായി ഉയർന്നുവെന്നും 2014 ലെ 82,000 സീറ്റുകളിൽ നിന്ന് 80 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ ഉദാരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ, ഇറ്റാ, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ദിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലായി ഒമ്പത് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.