Success Story : നീറ്റ് പരീക്ഷയിൽ മികച്ച നേട്ടവുമായി ജമ്മുകശ്മീരിലെ ആദ്യ ട്രൈബൽ യുവാവ്

By Web Team  |  First Published Feb 22, 2022, 4:06 PM IST

ഇന്റർനെറ്റ് ലഭിക്കാനും സ്‌കൂളിൽ  പോകാനും കിലോമീറ്ററുകൾ നടന്നു പോകേണ്ടി വന്നത്, അദ്ദേഹം കടന്നുപോയ ബുദ്ധിമുട്ടുകളിൽ ഒന്നായിരുന്നു.


ശ്രീന​ഗർ: നീറ്റ് 2022 (NEET 2022) പരീക്ഷയിൽ ഉന്നതവിജയം നേടി കുടുംബത്തിനും സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് തുഫൈൽ അഹമ്മദ് (Tufail Ahmad) എന്ന ട്രൈബൽ യുവാവ് (Tribal Youth). ജമ്മു കശ്മീരിലെ ശ്രീനഗറിലെ മുളനാർ ഹർവാനിൽ നിന്നുളള യുവാവാണ് തുഫൈൽ. മിഷൻ സ്കൂൾ ന്യൂ തീദ് ഹർവാൻ ശ്രീന​ഗർ സ്കൂളിലായിരുന്നു എട്ടാം ക്ലാസ് വരെ പഠിച്ചത്. ഷാലിമറിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് 12 ക്ലാസ് പൂർത്തിയാക്കി.

ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളും പ്രതസന്ധികളും തുഫൈൽ അഹമ്മദ് എഎൻഐയോട് സംസാരിക്കവേ പങ്കുവെച്ചു. പഠനത്തിനായി അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്റർനെറ്റ് ലഭിക്കാനും സ്‌കൂളിൽ 
പോകാനും കിലോമീറ്ററുകൾ നടന്നു പോകേണ്ടി വന്നത്, അദ്ദേഹം കടന്നുപോയ ബുദ്ധിമുട്ടുകളിൽ ഒന്നായിരുന്നു.
"പഠനത്തിനാവശ്യമായ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ വേണ്ടി ഇന്റർനെറ്റ് ആക്‌സസ് ലഭിക്കാൻ ഞാൻ ശ്രീനഗറിലേക്ക് ഒരുപാട് ദൂരം നടക്കും. വീട്ടിൽ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. 3ഉം 4ഉം ക്ലാസുകളിൽ പഠിക്കുന്ന സമയത്തൊന്നും പുതിയ പുസ്തകങ്ങൾ വാങ്ങിയിട്ടേയില്ല. അഹമ്മദ് പറയുന്നു. 

Latest Videos

undefined

നീറ്റ് 2022 നേടാനുള്ള പ്രചോദനത്തെക്കുറിച്ച് സംസാരിക്കവെ, താൻ അഭിമുഖീകരിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് തന്നെ ഈ നേട്ടത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. "ആദിവാസികളെ കുറിച്ച് പറയുമ്പോൾ, ഞാൻ താമസിക്കുന്ന പ്രദേശത്തുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്.  ഇവിടെയുള്ള ആളുകൾ വൈദ്യുതിയും കണക്റ്റിവിറ്റി പ്രശ്‌നങ്ങളും പലപ്പോഴും നേരിടേണ്ടി വരുന്നുണ്ട്. അതിനാൽ ഈ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ മനസ്സിൽ," തുഫൈല്‍ അഹമ്മദ് പറഞ്ഞു. "എന്റെ ഈ യാത്രയിൽ എന്റെ സഹോദരനും അമ്മയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തു. വിദ്യാഭ്യാസമില്ലാത്ത അമ്മ എന്നെ പഠിക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നു, കുടുംബത്തിൽ നിന്ന് വളരെയധികം പിന്തുണ ലഭിച്ചു. അഹമ്മദ് കൂട്ടിച്ചേർത്തു. 

കുടുംബത്തിനും മുഴുവൻ സമൂഹത്തിനും ഇത് അഭിമാന നിമിഷമാണെന്ന് തുഫൈൽ അഹമ്മദിന്റെ സഹോദരൻ പറഞ്ഞു. ''നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വളരെ വലിയൊരു നേട്ടം കൈവരിക്കാൻ സാധിച്ചു. ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇത് സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും പിന്തുണയോടെയാണ് ഇത് സാധ്യമായത്. ഞങ്ങളുടെ അഭിമാന നിമിഷമാണിത്.''  തുഫൈൽ അഹമ്മദിന്റെ സഹോദരൻ അഭിമാനത്തോടെ കൂട്ടിച്ചേർത്തു. 

click me!