Literacy Mission : മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ക്ക് ധനസഹായം നല്‍കണം; നിർദ്ദേശവുമായി സാക്ഷരതാ സമിതി

By Web Team  |  First Published Mar 2, 2022, 4:19 PM IST

ഒരു വര്‍ഷം മുതിര്‍ന്ന 240 പത്താംതരം പഠിതാക്കള്‍ക്കും 160 ഹയര്‍സെക്കന്ററി പഠിതാക്കള്‍ക്കുമാണ് ധനസഹായം നല്‍കാന്‍ ആവശ്യമുയര്‍ന്നത്.


തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതയ്ക്ക് ചേരുന്ന ജില്ലയിലെ 50 വയസ്സിന് മുകളില്‍ പ്രായമുള്ള പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ സഹായം നല്‍കാന്‍ സാക്ഷരതാ സമിതി യോഗം നിര്‍ദേശിച്ചു. ഒരു വര്‍ഷം മുതിര്‍ന്ന 240 പത്താംതരം പഠിതാക്കള്‍ക്കും 160 ഹയര്‍സെക്കന്ററി പഠിതാക്കള്‍ക്കുമാണ് ധനസഹായം നല്‍കാന്‍ ആവശ്യമുയര്‍ന്നത്. 

5 വര്‍ഷം കൊണ്ട് 2000 മുതിര്‍ന്ന പഠിതാക്കളെ കോഴ്‌സില്‍ ചേര്‍ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ തുല്യത പത്ത്, പ്ലസ് ടു എന്നിവയില്‍ വിജയിച്ചവര്‍, മികച്ച വിജയം നേടിയവര്‍ എന്നിവരെ ചേര്‍ത്ത് വിജയോത്സവം സംഘടിപ്പിക്കണമെന്നും സാക്ഷരതാ സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ ബാച്ചുകള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും യോഗം നിരീക്ഷിച്ചു. ജില്ലാ ജയിലിലെ നിരക്ഷരരെ സാക്ഷരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ജയില്‍ സാക്ഷരതാ പരിപാടി പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു. 

Latest Videos

തീരദേശ സാക്ഷരതാ പരിപാടിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായും രജിസ്റ്റര്‍ ചെയ്ത 1112 പേരില്‍ 750 പേര്‍ വിജയിച്ചതായും
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സജി തോമസ് അറിയിച്ചു. മാര്‍ച്ച് 15 നുള്ളില്‍ 15 തീരദേശ പഞ്ചായത്തുകളില്‍ സാക്ഷരതാ സമിതി പുനസംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജോബ് സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ഒരു പഞ്ചായത്തിനെ തെരഞ്ഞെടുത്ത് അവിടെ ചെയ്യാന്‍ കഴിയുന്ന തൊഴില്‍ കണ്ടെത്തി പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി എം അഹമ്മദ്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ലത ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അസി.കോ-ഓര്‍ഡിനേറ്റര്‍ ആര്‍ അജിത്കുമാര്‍ നന്ദി രേഖപ്പെടുത്തി.
 

click me!