കരസേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക്; സംസ്ഥാന സർക്കാറിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം നേടി ദിനിൽ പ്രസാദ്

By Web Team  |  First Published Mar 28, 2022, 12:28 PM IST

നല്ല ജലാശയങ്ങളും മഴയും കാലാവസ്ഥയുമൊക്കെ ലഭ്യമായ കേരളീയര്‍ കഴിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം എന്ന രീതിക്ക് ഒരു മാറ്റം വേണമെന്ന ചിന്തയില്‍ നിന്നാണ് കൂടു മത്സ്യകൃഷി ആരംഭിക്കുന്നത്. 
 


കണ്ണൂര്‍: ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച (Dinil Prasad) ദിനില്‍ ജോലി രാജിവച്ച് നാട്ടില്‍ മത്സ്യ കര്‍ഷകന്‍ ആയപ്പോള്‍ പലരും പലതും പറഞ്ഞു. എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും തേടിയെത്തിയിരിക്കുകയാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 2012 ലാണ് കണ്ണൂര്‍ സ്വദേശിയായ ദിനില്‍ സൈന്യത്തില്‍ ചേര്‍ന്നത്. ആറു വര്‍ഷം ജോലി ചെയ്തതിന് ശേഷം ജോലി രാജിവച്ച് ഇറങ്ങി.  നല്ല ജലാശയങ്ങളും മഴയും കാലാവസ്ഥയുമൊക്കെ ലഭ്യമായ കേരളീയര്‍ കഴിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം എന്ന രീതിക്ക് ഒരു മാറ്റം വേണമെന്ന ചിന്തയില്‍ നിന്നാണ് കൂടു മത്സ്യകൃഷി ആരംഭിക്കുന്നത്. 

എറണാകുളം ജില്ലയിലെ പിഴലയില്‍ മത്സ്യ കൂട് കൃഷി ചെയ്യുന്ന വീഡിയോയാണ് ഇതിന് പ്രചോദനമായത്. കയ്യിലുള്ള സമ്പാദ്യം മുടക്കി കൃഷി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും പൂര്‍ണ പിന്തുണയാണ് കൂട് കൃഷിക്ക് നല്‍കിയത്. ആദ്യ ശ്രമത്തെ പ്രളയം തകര്‍ത്തുവെങ്കിലും ലോണ്‍ എടുത്ത് വീണ്ടും കൃഷി ചെയ്തു. സ്ഥിരവരുമാനത്തിനായി ഓട്ടോറിക്ഷത്തൊഴിലാളിയായി. പരാജയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അടുത്ത തവണ ദിനില്‍ വിജയിച്ചു. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കൂട് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിനില്‍ വിത്ത്, കൂട് അടക്കമുള്ള  സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു.  സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹകരണും ലഭിക്കുമെന്നുള്ളത് കൊണ്ട് മത്സ്യകൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കേണ്ടെന്ന് ദിനില്‍ പറയുന്നു. വിദേശത്തേക്ക് കയറ്റി അയക്കുന്നത് പോലുള്ള വിപണി കൂടി കണ്ടെത്താന്‍  സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ദിനില്‍.

Latest Videos

undefined

വിവിധ തൊഴിൽ മേഖലകളിൽ മികവു പുലർത്തിയവർക്കാണ് സംസ്ഥാന സർക്കാർ 'തൊഴിൽശ്രേഷ്ഠ'  പുരസ്‌കാരം നൽകുന്നത്. മത്സ്യമേഖലയിലെ മികവിനാണ് ദിനിലിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയാണ് മൂന്നര വർഷത്തിനുള്ളിൽ കൂട്മത്സ്യകൃഷിയിൽ വിജയഗാഥ രചിക്കാൻ 28കാരനായ ദിനിലിന് സാധിച്ചത്. അഞ്ചരക്കണ്ടി പുഴയിൽ ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങളെ ഇപ്പോൾ കൃഷി ചെയ്ത് വരുന്നുണ്ട്.

ആഭ്യന്തര മത്സ്യോൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ 500 കൂടുമത്സ്യകൃഷി യൂണിറ്റുകൾക്ക് സിഎംഎഫ്ആർഐ തുടക്കമിട്ടപ്പോൾ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനിൽ പ്രസാദിനായിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നൽകിയാണ് പദ്ധതി തുടങ്ങിയത്.

സിഎംഎഫ്ആർഐയുടെ സാങ്കേതിക പരിശീലനവും മേൽനോട്ടവും ലഭിച്ചതോടെ മൂന്നര വർഷത്തിനുള്ളിൽ തന്നെ കൂട്മത്സ്യകൃഷിയിൽ വൻനേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കരിമീൻ കൃഷിക്കൊപ്പം കരിമീൻ വിത്തുൽപാദനവും കല്ലുമ്മക്കായ കൃഷിയുമുണ്ട്. കൂടാതെ, കൂടുമത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും ദിനിൽ നൽകി വരുന്നുണ്ട്. നാല് മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള ഓരോ കൂടിൽ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വർഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷിയൂണിറ്റുകൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്. 
സർക്കാറുകളിൽ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കിൽ മത്സ്യകൃഷിരംഗത്ത് അടുത്ത 10 വർഷംകൊണ്ട് തന്നെ കേരളത്തെ ഒരു 'ഗൾഫ്' ആക്കി മാറ്റാമെന്ന് ദിനിൽ പറഞ്ഞു. നദികളും കായലുകളുമുൾപ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ട്. തന്റെ വിജയത്തിന് ഓരോ ഘട്ടത്തിലും സിഎംഎഫ്ആർഐയുടെ സഹായം വലിയ തോതിൽ പ്രയോജനകരമായെന്നും ദിനിൽ പ്രസാദ് പറഞ്ഞു.
 

click me!