കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

By Web Team  |  First Published Dec 16, 2023, 7:20 PM IST

കോളേജ് അധ്യാപക നിയമനത്തനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനത്തെതുടര്‍ന്നാണ് നടപടി


തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നടത്തുന്ന യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു.സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനത്തെതുടര്‍ന്നാണ് നടപടി. യുജിസി അംഗീകൃത SET/SLET പരീക്ഷകള്‍ നിലവില്‍ സംസ്ഥാനത്ത് നടത്താത്ത സാഹചര്യത്തിലും സംസ്ഥാനത്ത് നടത്തുന്ന SETപരീക്ഷയും യുജിസി അംഗീകൃത SET പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിയ്ക്കപ്പെടാന്‍ ഇടയുള്ളതിനാലും മുന്‍ ഉത്തരവ് പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി സിനി ജെ ഷുക്കൂര്‍ ആണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. 

സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിന് നാഷനല്‍ എലിജിലിറ്റി ടെസ്റ്റ് (നെറ്റ്) മാത്രമല്ല അടിസ്ഥാന യോഗ്യതയെന്നും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും പാസാകുന്നതും അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവാണ് വിവാദമായത്. 2018ലെ യുജിസി റെഗുലേഷന്‍ ഭേദഗതി പ്രകാരമാണ് നെറ്റിനൊപ്പം യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് എന്നിവ അധ്യാപക നിയമനത്തിനുള്ള യോഗ്യതകളായി നിജപ്പെടുത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്‍പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാനുള്ള നടപടിയുടെ ഭാഗമായുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

Latest Videos

undefined

കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി ദേശീയ തലത്തില്‍ നടക്കുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (NET) പുറമെ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കോളേജ് അധ്യാപക നിയമനത്തിനായി തന്നെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റുകളും (SET) സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റുകളും (SLET) നടത്തുന്നുണ്ട്. യുജിസിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ SET, SLET പരീക്ഷകളാണ് കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. ഇത്തരം SET, SLET പരീക്ഷകള്‍ കേരളത്തില്‍ നടത്തപ്പെടുന്നില്ല. പകരം NET തന്നെയാണ് ഇവിടെ കോളേജ് അധ്യാപക യോഗ്യതയായി നിജപ്പെടുത്തിയിരുന്നത്.  

യുജിസി റെഗുലേഷനിലും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയ ഉത്തരവിലും പ്രതിപാദിക്കുന്ന യുജിസി അംഗീകൃത സെറ്റ് യോഗ്യത, കേരളത്തിലെ ഹയര്‍ സെക്കന്ററി അധ്യാപക നിയമന യോഗ്യതയായ സെറ്റ് പരീക്ഷയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. കേരളത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി നടത്തുന്ന State Eligibility Test കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയല്ല. മറിച്ച് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യത മാത്രമാണ്.

യുജിസി അംഗീകൃത സെറ്റ് പരീക്ഷയായി കേരളത്തിലെ സെറ്റ് പരീക്ഷ കണക്കാക്കപ്പെടില്ല. ഫലത്തിൽ കേരളത്തില്‍ നടത്തപ്പെടാത്ത യുജിസി അംഗീകൃത SET, SLET പരീക്ഷകള്‍ ഇവിടുത്തെ കോളേജുകളില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി അംഗീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. നെറ്റ് യോഗ്യതയില്ലാതെ, ഇതര സംസ്ഥാനങ്ങളില്‍ പോയി യുജിസി അംഗീകൃത SET, SLET പരീക്ഷകള്‍ പാസായി വരുന്നവര്‍ക്ക് കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന കോളേജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് വഴിയൊരുക്കാനാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന ആക്ഷേപമാണ് ഇതോടെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണിപ്പോള്‍ വിവാദമായ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കിയത്. 
 

കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യത: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

ഇനി നെറ്റ് വേണ്ടേ? സെറ്റ് പാസായവര്‍ക്ക് കേരളത്തില്‍ കോളേജ് അധ്യാപകരാവാന്‍ സാധിക്കുമോ? ഈ സെറ്റ് വേറെയാണ്

click me!