'മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഇന്ന് വെട്ടി മാറ്റിയവർ നാളെ ഗോഡ്സേയെ മഹത് വ്യക്തിത്വമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ'
തിരുവനന്തപുരം: എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് അഡീഷണൽ പാഠപുസ്തകം പുറത്തിറക്കി കേരളം. മുഖ്യമന്ത്രി പിണറായ വിജയനാണ് അഡീഷണൽ പാഠപുസ്തകം പ്രകാശനം ചെയ്തത്. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുൾപ്പെടുത്തിയാണ് കേരളം അഡീഷണൽ പാഠപുസ്തകം ഇറക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വർഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളിൽ സൃഷ്ടിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടായതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
undefined
ഗാന്ധിവധം അടക്കം എൻ സി ഇ ആർ ടി വെട്ടിമാറ്റിയ പാഠപാഗങ്ങൾ കേരളത്തിലെ വിദ്യാർഥികൾ പഠിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഇന്നു വെട്ടി മാറ്റിയവർ നാളെ ഗാന്ധിഘാതകനായ ഗോഡ്സേയെ മഹത് വ്യക്തിത്വമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ എന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നൽ നൽകുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയർത്തുന്നത്. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുൾപ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണ്. ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വർഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളിൽ സൃഷ്ടിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റിക്കൽ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡീഷണൽ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഇന്നു വെട്ടി മാറ്റിയവർ നാളെ ഗാന്ധിഘാതകനായ ഗോഡ്സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറൽ സംവിധാനത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് അത്തരം വർഗീയ അജണ്ടകളെ എൽഡിഎഫ് സർക്കാർ നിർഭയത്വവും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവിൽ കോഡിനെതിരെയും കർഷക ദ്രോഹ നിയമങ്ങൾക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തത്.
നമ്മുടെ രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യത്തെ നിരാകരിച്ച് വർഗീയതയും വിദ്വേഷചിന്തയും കുത്തിവയ്ക്കാനും സംഘപരിവാർ സംഘടനകളുടെ വിഷലിപ്തമായ ചരിത്രത്തെ വെള്ളപൂശാനുമുള്ള ശ്രമങ്ങളെ നമ്മൾ ചെറുക്കേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികളെല്ലാം അതിനായി കൈകോർക്കണം. ഇന്നലെ പ്രകാശനം ചെയ്ത പുതിയ പാഠപുസ്തകൾ ആ ദിശയിലുള്ള ഉജ്ജ്വലമായ ചുവടു വയ്പാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ കരുത്തോടെ നമുക്കൊറ്റക്കെട്ടായി മുന്നോട്ടു പോകാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം