ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്.
ചെന്നൈ: മത്സരപരീക്ഷകളിലെ (competitive exam) മികച്ച വിജയത്തിന് ദാരിദ്ര്യവും കഷ്ടപ്പാടും ഒന്നുമൊരു തടസ്സമല്ല എന്ന് തെളിയിച്ച നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. അതിലൊരാളാണ് തമിഴ്നാട്ടിൽ നിന്നുള്ള ജയഗണേഷ് (Jaiganesh) 2007 ൽ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public service commission) നടത്തിയ സിവിൽ സർവ്വീസ് പരീക്ഷയിൽ (Civil Service Exam) 156ാം റാങ്ക് നേടിയാണ് ജയഗണേഷ് ഐഎഎസ് ഉറപ്പിച്ചത്. ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്.
തമിഴ്നാട്ടിലെ ആമ്പൂരിനടുത്ത് വിനവമംഗലം എന്ന ഗ്രാമത്തിലാണ് ജയഗണഷിന്റെ ജനനം. ഉപജീവനത്തിനായി ചെന്നൈയിലെ ഒരു ചെറിയ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തു. വെല്ലൂരിലെ ഗവൺമെന്റ് തന്തൈ പെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു ജയഗണേഷ്. വിദ്യാഭ്യാസം നേടിയിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിരവധി ചെറിയ ജോലികൾ ചെയ്യേണ്ടി വന്നു. ഗ്രാമത്തിലായിരുന്ന സമയത്ത് മൂന്നു തവണ സിവിൽ സർവ്വീസ് പരീക്ഷ എഴുതി. എന്നാൽ പരാജയപ്പെടുകയാണുണ്ടായത്. ചെന്നൈയിലാണെങ്കിൽ സിവിൽ സർവ്വീസ് നേടാൻ എളുപ്പമായിരിക്കുമെന്ന് ചിന്തിച്ചു. അങ്ങനെ ഐഎഎസ് കോച്ചിംഗിനായി അണ്ണാനഗറിലെ സർക്കാർ നടത്തുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടില് പ്രവേശനം നേടി. ഫീസടക്കാനും യാത്രക്കൂലിക്കും വേണ്ടി കിട്ടുന്ന ജോലിയെല്ലാം ചെയ്തു. ജയഗണേഷ് പറയുന്നു.
സത്യം സിനിമാസിൽ ജോലി ചെയ്തിരുന്നെങ്കിലും പരീക്ഷക്ക് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കാതെ വന്നപ്പോൾ ആ ജോലി ഉപേക്ഷിച്ചു. പിന്നീടാണ് ഭക്ഷണശാലയിൽ വെയിറ്ററായി ജോലി ചെയ്തത്. സിവിൽ സർവ്വീസ് പരീക്ഷക്ക് പഠിക്കാൻ സമയം ലഭിച്ചു. ഒടുവിൽ 2007 ൽ ജയഗണേഷ് പരീക്ഷയിൽ യോഗ്യത നേടി. തുടർന്ന് മസ്സൂറിയിൽ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനിലേക്ക് പോയി. പ്രതിസന്ധികളോടും കഷ്ടപ്പാടിനോടും പൊരുതി ലക്ഷ്യസ്ഥാനം കൈവരിക്കാൻ ജയഗണഷിനെപ്പോലെ ഉള്ളവരുടെ ജീവിതം പ്രചോദനമാണ്.