Childrens Day Stamp| ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി പിള്ളയുടെ 'ഇന്ത്യൻ കർഷകൻ'

By Web Team  |  First Published Nov 11, 2021, 10:09 AM IST

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. 


തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ (Childrens day stamp) തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ (Akshay B Pillai) വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.

കൊല്ലം ജില്ലയിൽ പ്രാക്കുളം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് ബി പിള്ള. 'ഇന്ത്യൻ കർഷകൻ ഒരു നേർക്കാഴ്ച' എന്ന വിഷയത്തെ ആസ്പദമാക്കി ശിശുദിനസ്റ്റാമ്പ്-2021 രൂപകല്പന ചെയ്യുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് അക്ഷയ് ചിത്രം വരച്ചത്.  സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ആണ് വിജയിയെ തിരഞ്ഞെടുത്തത്.

Latest Videos

ഷാർജയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ ബിജു പി പിള്ളയുടേയും അഞ്ജുവിന്റേയും മൂത്ത മകനാണ് അക്ഷയ്. ചിത്രരചനയ്ക്കു പുറമേ ഒറിഗാമിയിലും പ്രാഗത്ഭ്യം പുലർത്തുന്നു. മുമ്പ് ഡിഗ്രിതലത്തിൽ വരെയുള്ളവർ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലും അക്ഷയ് സമ്മാനം നേടിയിട്ടുണ്ട്. ഏക സഹോദരി അക്ഷിത ബി പിള്ള പ്രാക്കുളം ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാർഥിനിയാണ്. ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനം നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, ആന്റണിരാജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
 

click me!