രണ്ടാമത്തെ ശ്രമത്തിലാണ് സോഹം കട്കർ ക്യാറ്റ് പരീക്ഷ പാസ്സായത്. അതുകൊണ്ട് തന്നെ പരീക്ഷക്ക് രണ്ടാഴ്ച മുമ്പാണ് തയ്യാറെടുപ്പുകൾ നടത്തിയതെന്ന് സോഹം പറയുന്നു.
ദില്ലി: എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സംബന്ധിച്ച് ക്യാറ്റ് പരീക്ഷ (CAT Exam) വളരെ എളുപ്പമാണെന്ന് പരീക്ഷ ജേതാവ് സോഹം കട്കർ (Soham Katkar). ഇത്തവണത്തെ ക്യാറ്റ് പരീക്ഷയിൽ 100 മാർക്ക് നേടിയ മിടുക്കരിൽ ഒരാളാണ് മുംബൈ സ്വദേശിയായ സോഹം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായതിനാൽ ക്യാറ്റ് പരീക്ഷ കഠിനമായിരിക്കുമെന്ന പ്രസ്താവന നിരസിച്ചുകൊണ്ടാണ് സോഹം സംസാരിച്ചത്. 'മറ്റേതൊരു മത്സര പ്രവേശന പരീക്ഷയെയും പോലെ തന്നെയാണ് ക്യാറ്റ് പരീക്ഷയും. മറ്റ് ധാരാളം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്നതിനാൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സംബന്ധിച്ച് ക്യാറ്റ് വളരെ ഈസിയാണ്. മറ്റ് മത്സരപരീക്ഷകളെ അപേക്ഷിച്ച് നോക്കുമ്പോൾ മാത്സ് വിഭാഗം വളരെ എളുപ്പമായിരുന്നു.'' മുംബൈ കെ ജെ സോമയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നാണ് സോഹം കംപ്യൂട്ടർ എഞ്ചിനീയറിംഗ് പാസ്സായത്.
രണ്ടാമത്തെ ശ്രമത്തിലാണ് സോഹം കട്കർ ക്യാറ്റ് പരീക്ഷ പാസ്സായത്. അതുകൊണ്ട് തന്നെ പരീക്ഷക്ക് രണ്ടാഴ്ച മുമ്പാണ് തയ്യാറെടുപ്പുകൾ നടത്തിയതെന്ന് സോഹം പറയുന്നു. നവംബർ 28 നാണ് ക്യാറ്റ് പരീക്ഷ നടന്നത്. 'പരീക്ഷക്ക് മുമ്പ് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ മോക്ക് ടെസ്റ്റുകൾ പരിശീലിക്കുകയായിരുന്നു ചെയ്തത്. ഏകദേശം പന്ത്രണ്ടിലധികം മോക് ടെസ്റ്റുകൾ പരിശീലിച്ചു.' സോഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ 99.66 ശതമാനം മാർക്ക് നേടാൻ സോഹത്തിന് സാധിച്ചു. എന്നാൽ ഐഐഎം പ്രവേശനം നേടാൻ സാധിച്ചില്ല.
undefined
'രണ്ടാം തവണ പരീക്ഷയെഴുതാൻ തീരുമാനിച്ചപ്പോൾ പരിശീലനത്തിന് ചേരുകയോ പുസ്തകങ്ങളെയോ ഓൺലൈൻ പഠനസാമഗ്രികളെയോ ആശ്രയിച്ചില്ല. പകരം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളെ ആശ്രയിച്ച് മോക് ടെസ്റ്റുകൾ പരിശീലിച്ചു. മുൻവർഷത്തെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു തയ്യാറെടുപ്പ്.' സോഹം വ്യക്തമാക്കി.
പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൊവിഡ് ഘട്ടം ഉപയോഗിച്ചതായി സോഹം കട്കർ പറഞ്ഞു. “കൊവിഡ് പ്രതിസന്ധി എന്റെ തയ്യാറെടുപ്പുകളെ തടസ്സപ്പെടുത്തുകയോ കോവിഡ് -19 പ്രോട്ടോക്കോൾ പരീക്ഷാ കേന്ദ്രത്തിൽ എനിക്ക് ബുദ്ധിമുട്ടാകുകയോ ചെയ്തില്ലെന്നും സോഹം പറഞ്ഞു. ഐഐഎം അഹമ്മദാബാദ്, ബാംഗ്ലൂർ, കൽക്കട്ട എന്നീ മൂന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം നേടാനുള്ള തയ്യാറെടുപ്പിലാണ് സോഹം കട്കർ. കാരണം ഈ സ്ഥാപനങ്ങൾ പ്ലെയ്‌സ്‌മെന്റുകൾക്ക് അനുയോജ്യമാണെന്നും സോഹം വ്യകതമാക്കി.