പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എപ്ലസ് നേടിയവ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

By Web Team  |  First Published Oct 29, 2021, 1:52 PM IST

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ (A Plus) നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (Professor Joseph Mundassery Scholarship)  അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. സ്‌കോളർഷിപ്പ് തുക 10,000 (പതിനായിരം രൂപ മാത്രം) രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. 

Latest Videos

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5.  കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

click me!