എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാംഗി ബാഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാംഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? അങ്ങനെയൊരു ദിവസത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശിവാംഗി എന്ന പെൺകുട്ടി കാണിച്ചു തരുന്നു. വധുവിനെ സംബന്ധിച്ച് വിവാഹ ദിവസം വളരെയേറെ തിരക്ക് നിറഞ്ഞതായിരിക്കും. ആഭരണങ്ങളും മേക്കപ്പും അണിഞ്ഞ്, അതിരാവിലെ മുതൽ വൈകുന്നേരം വരെ വധു നിൽക്കേണ്ടി വരും. ഈ തിരക്കിനിടയിൽ പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാൻ കൂടി സാധിച്ചെന്ന് വരില്ല. എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാംഗി ബാഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാംഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതെന്ന് ഇന്ത്യ ടുഡേയാണ് വാര്‍ത്തയില്‍ പറയുന്നു.
ബിഎസ്ഡബ്ല്യു വിനാണ് ശിവാംഗി പഠിക്കുന്നത്. പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമാണ് അഞ്ചാം സെമസ്റ്റർ എക്സാം എഴുതാൻ ശിവാംഗി ഗുജറാത്തിലെ ശാന്തി നികേതൻ കോളേജിലെത്തിയത്. വിവാഹവേഷത്തിൽ, ഫുൾ മേക്കപ്പിൽ പരീക്ഷയെഴുതാനെത്തിയ ശിവാംഗി എല്ലാവരെയും അമ്പരപ്പിച്ചു. ദീപാവലി അവധിക്ക് ശേഷം ഇന്നാണ് സൗരാഷ്ട്ര സർവ്വകലാശാല പരീക്ഷകൾ ആരംഭിച്ചത്. വിവാഹത്തീയതിയും മാറ്റിവെക്കാനുള്ള സാഹചര്യമായിരുന്നില്ല. വിവാഹത്തേക്കാൾ പഠനത്തിന് പ്രധാന്യം നൽകുന്നുണ്ടെന്ന് ശിവാംഗി പറയുന്നു. സോഷ്യൽ വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ബിരുദ പഠനത്തിന് പ്രാധാന്യം നൽകുന്നുവെന്നും ശിവാംഗി വ്യക്തമാക്കി.
പരീക്ഷ തീയതി എത്തുന്നതിന് മുമ്പ് തന്നെ വിവാഹതീയതിയും നിശ്ചയിച്ചിരുന്നു. പരീക്ഷ തീയതിയും വിവാഹതീയതിയും ഒരുമിച്ച് വന്നപ്പോൾ വിവാഹം മാറ്റിവെക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ശിവാംഗിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. പിന്നീട് വിവാഹചടങ്ങുകൾ വൈകി തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചടങ്ങുകൾക്ക് മുമ്പ് തന്നെ പരീക്ഷയെഴുതാനെത്തിയത്. ശിവാംഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നാലുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.