സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകള്‍ മനസ്സിലാക്കി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ (Start Ups) മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അതിവേഗം പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Kerala Start Up Mission) (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവണ്‍മെന്‍റ് (ബി2ജി) ഉച്ചകോടി ഏപ്രില്‍ 26 ചൊവ്വാഴ്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചീഫ് സെക്രട്ടറി വിപി ജോയ് അദ്ധ്യക്ഷനായിരിക്കും. "സ്റ്റാര്‍ട്ടപ്പ് സംഭരണം: കേരള മാതൃക"എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് സ്വാഗതം പറയും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകള്‍ മനസ്സിലാക്കി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ആവശ്യകതകള്‍ സ്റ്റാര്‍ട്ടപ്പുകളെ ധരിപ്പിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംഭരിക്കുകയും ചെയ്യാം. സര്‍ക്കാര്‍ വകുപ്പുകളില്‍ കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ സോണുകള്‍ രൂപീകരിക്കാന്‍ ഉച്ചകോടി വഴിതെളിക്കും.
ഐടി-ഇലക്ട്രോണിക്സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കായിക-യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡറക്ടറുമായ ഡോ.ബി അശോക്, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എംആര്‍ അജിത്കുമാര്‍, ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ സഫൈറുള്ള, സ്മാര്‍ട്സിറ്റി -തിരുവനന്തപുരം സിഇഒ ഡോ.വിനയ് ഗോയല്‍, കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ സിംഗ്, കെഎസ്ആര്‍ടിസി ഐടി മാനേജര്‍ നിശാന്ത് എസ് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷകരായിരിക്കും.
undefined
സംസ്ഥാന ആസൂത്രണ ബോര്‍ഡ്, സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി, എക്സൈസ് വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലെന്‍സ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം, മോട്ടോര്‍ വാഹന വകുപ്പ്, ചരക്ക് സേവന നികുതി വകുപ്പ്, ടെക്നോപാര്‍ക്ക്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മൃഗസംരക്ഷണ വകുപ്പ്, കേരള ഇന്‍ഫര്‍മേഷന്‍ മിഷന്‍, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, തൃശൂരിലെ എംഎസ്എംഇ-ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എപിജെ അബ്ദുല്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈയില്‍സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജി, ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി , എന്‍ഐസി കേരള, ആഭ്യന്തര വകുപ്പ്, കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള രാജ്യത്തെ മികച്ച സംഭരണ മാതൃകകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മനസ്സിലാക്കാന്‍ ഉച്ചകോടി വേദിയൊരുക്കുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇടപെടലുകള്‍ നടത്തുന്നതിന് ഇതിലൂടെ കഴിയും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കാവശ്യമായ നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://pps.startupmission.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
2017 ലെ സംസ്ഥാന ഐടി നയത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പൊതുസംഭരണം നിയമവിധേയമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മികച്ച ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയുക്തമാക്കാനാകും. ഇരുപതു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ നേരിട്ടും ഒരു കോടി രൂപവരെയുള്ളവ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെണ്ടര്‍ സ്വീകരിച്ചും നടപ്പിലാക്കാം.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും പന്ത്രണ്ടിലധികം കോടി രൂപയുടെ 135 സംഭരണങ്ങള്‍ 'ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ്പ്ലേസ്' പദ്ധതിക്ക് കീഴിലായി ഇതുവരെ വിജയകരമായി നടന്നിട്ടുണ്ട്. രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയാണിതെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡും (ഡിപിഐഐടി) വിലയിരുത്തിയ ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.