കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
തിരുവനന്തപുരം: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള ടാലന്റ് സെര്‍ച്ച് പരീക്ഷ (Talent Search Examination) മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെ വിവിധ ജില്ലകളില്‍ നടക്കും. 2021-22 അദ്ധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വിശദമായ അപേക്ഷ തയ്യാറാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം അതാത് ജില്ലയിലെ സംയോജിത പട്ടിക വര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 21 ന് മുമ്പായി ലഭ്യമാക്കണം. സംസ്ഥാനതലത്തില്‍ ആകെ 200 വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണീച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം ലഭിക്കും. കൂടാതെ പത്താം പ്ലാസ് വരെയുള്ള പഠനത്തിന് സ്‌റ്റൈപ്പറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംയോജിത പട്ടിക വര്‍ഗ വികസന പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.