50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ. 2020 ജനുവരി ഒന്നിനും 2020 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികൾക്കാണ് അവാർഡ്.
തിരുവനന്തപുരം: നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് (Media Award) അപേക്ഷിക്കാനുള്ള സമയം ഈ മാസം 16ന് വൈകിട്ട് മൂന്നുവരെ നീട്ടി. ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി യഥാക്രമം 'ആർ ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്', 'ഇ കെ നായനാർ നിയമസഭാ മാധ്യമ അവാർഡ്', 'ജി കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്' എന്നീ പേരുകളിലാണ് മാധ്യമ അവാർഡുകൾ നൽകുന്നത്.
മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ നൽകുന്ന അവാർഡുകളാണിത്. അച്ചടി-ദൃശ്യമാധ്യമ വിഭാഗങ്ങൾ ഓരോന്നിനും മൂന്നു വീതം ആകെ ആറ് അവാർഡുകൾ ഉണ്ടായിരിക്കും.
50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ. 2020 ജനുവരി ഒന്നിനും 2020 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികൾക്കാണ് അവാർഡ്. അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം എന്നിവ അടങ്ങുന്ന സ്‌കീം, വിജ്ഞാപനം എന്നിവ www.niyamasabha.org യിൽ ലഭ്യമാണ്.