സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തും: വി. ശിവൻകുട്ടി

By Web Team  |  First Published May 31, 2022, 11:17 AM IST

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.


തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള (Pravesanolsavam) എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്നതിന്റെ സംസ്ഥാനത ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യു.പി, എൽ.പി. അധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്‌കൾ, ഹയർ സെക്കൻഡറി അധ്യാപകർക്കു സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകും.  എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല. സ്‌കൂളുകളിൽ പി.ടി.എ. ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

Latest Videos

undefined

പൊതുവിദ്യാലയങ്ങളിൽ ആറ് വർഷം കൊണ്ട് പത്തര ലക്ഷത്തോളം കുട്ടികൾ വർധിച്ചു: മുഖ്യമന്ത്രി
 
ആറ് വർഷം കൊണ്ട് പത്തരലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ വർധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ കണ്ണൂർ ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 15 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും.

കുട്ടികളുടെ ഈ വർധന ആരെങ്കിലും നിർബന്ധിച്ച് ഉണ്ടാക്കിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ രംഗത്തുവന്ന മാറ്റം കുട്ടിയും രക്ഷിതാവും നാട്ടുകാരും ഉൾക്കൊണ്ടതിന്റെ ഫലമാണ്. ഇല്ലായ്മയുടെ പര്യായമായിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ രൂപത്തിലേക്ക് മാറി. അതോടൊപ്പം വലിയ അക്കാദമിക് മികവ് ആർജിക്കാനും കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ആഗ്രഹിക്കുന്ന ആർക്കും ഇന്ന് മനസ്സിൽ നീറ്റലില്ല. ഇതിന് വലിയ തോതിൽ സഹായിച്ചത് കിഫ്ബിയാണ്. 

തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതിൽ കിഫ്ബിയുടെ സഹായത്തോടെയുള്ള ഒമ്പത് കെട്ടിടങ്ങൾ, മൂന്ന് കോടി സഹായത്തോടെയുള്ള 16 കെട്ടിടങ്ങൾ ഒരു കോടി സഹായത്തോടെയുള്ള 15 കെട്ടിടങ്ങൾ എന്നിവയുണ്ട്. കൂടാതെ, പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, എസ്എസ്‌കെ ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള 35 സ്‌കൂൾ കെട്ടിടങ്ങളും ഉണ്ട്. ഇതിന് പുറമെ, അഞ്ച് കോടി കിഫ്ബി സഹായത്തോടെ 110 കെട്ടിടങ്ങൾ, മൂന്ന് കോടിയുടെ 106 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ട് കെട്ടിടങ്ങൾ എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 

ഇതു കൂടാതെ തീരദേശമേഖലയിലെ 57 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 18.48 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ 20 സ്‌കൂളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തി. 37 സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അവസാന ഘട്ടത്തിലാണ് തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!