സംസ്ഥാനത്ത് അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്ക് അവാർഡുകൾ നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് (kerala state) അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്ക് അവാർഡുകൾ നൽകുന്നതിന് അപേക്ഷകൾ (apply awards) ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് അനർട്ട് മുഖേന അവാർഡ് നൽകുന്നത്.
2019 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഓരോ മേഖലയിലും അവാർഡിന് അർഹരാകുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നൽകും. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യേക അവാർഡും നൽകും.
undefined
ദേശീയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28ന് അവാർഡ് വിതരണം ചെയ്യും. അപേക്ഷ ഫോമും, മറ്റ് മാർഗ്ഗനിർദേശങ്ങളും www.anert.gov.in ൽ ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഡിസംബർ 31ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 1803 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.
ഉപഭോക്തൃ സംരക്ഷണ അവാർഡ്
2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നു വർഷത്തെ പരിചയവുമുള്ള സംഘടനകൾക്ക് അവാർഡിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
അപേക്ഷകൾ 2022 ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത കേസുകൾ, കമ്മീഷനുകൾക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ കേസുകൾ എന്നിവയ്ക്ക് ഓരോ കേസിനും പരമാവധി 10 പോയിന്റും ഓരോ പുസ്തകത്തിനും പരമാവധി 20 പോയിന്റും വീതം ലഭിക്കും.
നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾക്ക് (ഫേസ് ബുക്ക് പേജ്, ട്വിറ്റർ അക്കൗണ്ട് മുതലായവ) ലൈക്കുകൾ, ഷെയറുകൾ, പിന്തുടരുന്നവർ തുടങ്ങിയവ പരിഗണിച്ച് ഒരോ അക്കൗണ്ടിനും പരമാവധി 10 പോയിന്റ് വീതവും ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ ഫയൽ ചെയ്ത കേസുകൾ ഓരോന്നിനും പരമാവധി അഞ്ച് പോയിന്റ് വീതവും സെമിനാറുകൾ, പ്രസിദ്ധീകരിച്ച മാഗസിനുകൾ, കൺസ്യൂമർ ക്ലബ് പ്രവർത്തനങ്ങൾ, ഉൽപ്പന്ന പരിശോധനകൾ എന്നിവയ്ക്ക് ഓരോന്നിനും പരമാവധി അഞ്ച് പോയിന്റ് വീതവും പ്രസിദ്ധീകരിച്ച ലഘുലേഖകൾക്ക് ഓരോന്നിനും പരമാവധി രണ്ട് പോയിന്റ് വീതവും ലഭിക്കും.