സ്വന്തമായി സ്റ്റാര്‍ട്ടപ്പ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: ഹാര്‍ഡ്‍വെയർ മേഖലയില്‍ (Hardware Sector) നൂതന ആശയങ്ങളുള്ളവര്‍ക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയായ നിധി പ്രയാസിലേക്ക് (Kerala Start Up Mission) കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി അപേക്ഷിക്കാം. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിനു 10 ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
ഈ പദ്ധതി വഴി സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവ സംരംഭകര്‍ ജനുവരി 10 നകം https://startupmission.kerala.gov.in/nidhiprayaas എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് nidhiprayas@startupmission.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
undefined
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിധി പ്രയാസ് പദ്ധതി നടപ്പാക്കി വരുന്നത്. പ്രയാസ് കേന്ദ്രങ്ങള്‍ വഴി നടത്തുന്ന പ്രയാസ് പിച്ച് വീക്കിലൂടെയാണു സംരംഭകര്‍ ധനസഹായ പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ പ്രയാസ് കേന്ദ്രത്തിലെ പദ്ധതി നിര്‍വഹണ കേന്ദ്രം വഴിയാണു ധനസഹായം ലഭിച്ച ആശയങ്ങളുടെ മാതൃകാരൂപീകരണം നടക്കുന്നത്. പരാജയ ഭീതിയില്ലാതെ നൂതനാശയങ്ങളുള്ള യുവാക്കള്‍ക്ക് സധൈര്യം സ്വന്തം ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
വ്യക്തമായ സാങ്കേതിക പരിജ്ഞാനം, മാതൃകാരൂപീകരണത്തിനുള്ള വ്യക്തമായ മാര്‍ഗം എന്നിവ അപേക്ഷകര്‍ക്ക് ആവശ്യമാണ്. ധനസഹായം ലഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃക രൂപീകരിക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു വ്യവസായ പ്രമുഖരില്‍ നിന്നുള്ള വിദഗ്‌ധോപദേശം, ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.