NAAC'ന്റെ ഏറ്റവും ഉയർന്ന അക്രഡിറ്റേഷനായ A++ സ്വന്തമാക്കി അമൃത സർവകലാശാല

By Web Team  |  First Published Mar 4, 2022, 10:13 AM IST

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്ഥാപനമായ NAACൽ നിന്നുള്ള ഏറ്റവും ഉയർന്ന റേറ്റിംഗാണ് അമൃതയ്ക്ക് ലഭിച്ചിരിക്കുന്നത്. 


NAAC'ന്റെ ഏറ്റവും ഉയർന്ന അംഗീകാരമായ A++ ന് പുറമേ ഇന്ത്യയിലെ മികച്ച 5-ാംമത് യൂണിവേഴ്സിറ്റി എന്ന സ്ഥാനംകൂടി സ്വന്തമാക്കിയിരിക്കുകയാണ് അമൃത സർവകലാശാല. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്ഥാപനമായ NAAC-ൽനിന്നുള്ള ഏറ്റവും ഉയർന്ന റേറ്റിംഗാണ് അമൃതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റിയാണ് അമൃതയെന്നതും ശ്രദ്ധേയമാണ്. കേവലം ധനസമ്പാദനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിലുപരിയായി എല്ലാ തലങ്ങളിലും മികച്ച ജീവിതം പ്രാപ്യമാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാണ് അമൃത സർവകലാശാല ലോകത്തിലെതന്നെ ശ്രേഷ്ഠമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയർന്നത്.  2021-ൽ NIRF റാങ്കിംഗ് പട്ടികയിൽ അമൃത അഞ്ചാം സ്ഥാനം നേടിയിരുന്നു. അതേ വർഷംതന്നെ 'ടൈംസ് ഹയർ എജ്യൂക്കേഷൻ' (THE) ഇംപാക്റ്റ് റാങ്കിംഗിൽ ആഗോളതലത്തിൽ 81-ാം സ്ഥാനവും അമൃത കരസ്ഥമാക്കി. ഇതിന് പുറമെ, വിഖ്യാതമായ ക്യു.എസ് റാങ്കിംഗിൽ ലോകത്തിലെതന്നെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ തുടർച്ചയായി 5-ാം വർഷവും അമൃത ഇടംപിടിച്ചിട്ടുണ്ട്.

18 വർഷം മുമ്പ് മാത്രം പ്രവർത്തനമാരംഭിച്ച അമൃത യൂണിവേഴ്സിറ്റി തുടർച്ചയായി ഇപ്രകാരം ശ്രദ്ധ പിടിച്ചുപറ്റുന്നതിനു പിന്നിലെ വസ്തുതകൾ പരിശോധിക്കുന്നത് താൽപ്പര്യമുണർത്തുന്ന ഒരു കാര്യമാണ്. ഇത്രയും ചുരുങ്ങിയ കാലയളവിൽ നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങളും അംഗീകാരങ്ങളുമാണ് അമൃതയെ കൂടുതൽ ശ്രേഷ്ഠമാക്കുന്നത്.  ഫരീദാബാദിലും അമരാവതിയിലും തുടങ്ങാനിരിക്കുന്ന രണ്ട് ക്യാംപസുകൾ ഉൾപ്പെടെ എട്ട് ക്യാംപസുകൾ ചേർന്നതാണ് അമൃത യൂണിവേഴ്സിറ്റി. പശ്ചിമഘട്ടത്തിന്റെ മനോഹാരിതയിൽ കുളിച്ചുനിൽക്കുന്നതാണ് കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമൃതയുടെ പ്രധാന ക്യാംപസ്. അമൃതപുരിയിലെ ക്യാംപസാകട്ടെ കായലിന്റെയും കടലിന്റെയും സാമീപ്യത്താൽ സുന്ദരമാണ്. ചാമുണ്ടി മലകൾ പശ്ചാത്തലമായി നിൽക്കുന്ന മൈസൂരുവിലെ അമൃത ക്യാംപസും ഹൃദയാവർജ്ജകമാണ്. കൊച്ചി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേതാകട്ടെ, മഹാനഗരങ്ങളുടെ ചക്രവാളങ്ങൾ അതിരിട്ടു നിൽക്കുന്ന ക്യാംപസുകളാണ്.

Latest Videos

undefined

പകരുന്നത് ജീവിതമൂല്യങ്ങൾ
ജീവിക്കാനുള്ള വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തിനായുള്ള വിദ്യാഭ്യാസംകൂടി പകർന്നുനൽകുകയാണ് അമൃത വിശ്വവിദ്യാപീഠത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ഡോ.വെങ്കട്ട് രംഗൻ പറയുന്നു. ഈ രണ്ട് കാര്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സ്വന്തം കരിയറിലുള്ള  വൈദഗ്ധ്യത്തെയും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെയും സംയോജിപ്പിക്കുവാൻ ശേഷിയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃതയിൽ നൽകുന്ന പ്രായോഗികതയിലൂന്നിയതും അല്ലാതെയുമുള്ള അസംഖ്യം പരിശീലനങ്ങളാണ് ഇത്തരമൊരു കാഴ്ച്ചപ്പാട് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ സഹായിക്കുന്നത്. 'ലിവ് ഇൻ ലാബ്സ്' എന്ന പദ്ധതിതന്നെ ഉദാഹരണമായി എടുക്കാം. ഈ പദ്ധതിയനുസരിച്ച് വിദ്യാർത്ഥികൾ കുറച്ചുനാളുകൾ ഗ്രാമീണ മേഖലകളിൽ പോയി ജീവിക്കുകയും ഗ്രാമീണരുടെ പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട്, ആ പ്രശ്നങ്ങളെ നേരിടുന്നതിനായി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയുള്ള സുസ്ഥിരമായ പരിഹാരങ്ങൾ അവർക്കായി വിദ്യാർത്ഥികൾ കണ്ടെത്തുന്നു. കേവലം പ്രായോഗികമായ അനുഭവപരിചയത്തിന് വേണ്ടി മാത്രമല്ല വിദ്യാർത്ഥികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്, മറിച്ച് അവരുടെ കാഴ്ച്ചപ്പാടുകളിൽ സമൂലമായ പരിവർത്തനം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. ഇതിലൂടെ ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകളിൽ അടിമുടി മാറ്റം സംഭവിക്കുന്നു. ഇന്ത്യയിലെ 100-ൽ അധികം ഗ്രാമങ്ങളിലായി 200000-ത്തോളം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ പദ്ധതിയിലൂടെഗണ്യമായ പരിവർത്തനം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം അമൃത യൂണിവേഴ്സിറ്റിയുമായി പങ്കാളിത്തമുള്ള 40 വിദേശ യൂണിവേഴ്സിറ്റികളിൽനിന്നുമായി ഇതിനോടകം 400-ൽ അധികം വിദേശീയരായ വിദ്യാർത്ഥികൾ ലിവ് ഇൻ ലാബ്സിന്റെ ഈ പദ്ധതിയിൽ പങ്കെടുത്തിട്ടുണ്ട് എന്നതാണ്.

"അമൃത സർവകലാശാലയെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം കാരുണ്യത്തിൽ അധിഷ്ഠിതമായ ഗവേഷണങ്ങളാണ്. കാരുണ്യം അല്ലെങ്കിൽ സഹാനുഭൂതി എന്നത് അമൃതയെ സംബന്ധിച്ച് കേവലം ഒരു വികാരം മാത്രമല്ല,സത്കർമ്മങ്ങൾക്കായുള്ള ഒരു മാർഗംകൂടിയാണ്'', അമൃത സ്കൂൾ ഓഫ് ബിസിനസ് ഡീൻ ഡോ.രഘുരാമൻ പറയുന്നു.

ഞങ്ങളുടെ ചാൻസലർ മാതാ അമൃതാനന്ദമയീദേവി മുന്നോട്ടുവെച്ച ആശയമാണത്. ഈ യൂണിവേഴ്സിറ്റിയുടെ വിഷനും മിഷനും നിർവചിക്കുന്നതും ഈ ആശയമാണ്. ഒന്നു മാത്രമാണ് അതിന്റെ ലക്ഷ്യം: സാമൂഹികപ്രഭാവം അഥവാ Social Impact. സയൻസ്, ടെക്നോളജി, മെഡിസിൻ, ആയുർവേദ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിങ്ങനെയുള്ള ഞങ്ങളുടെ എല്ലാ ഗവേഷണ മേഖലകളിലും ഈ ആശയത്തിന്റെ സ്വാധീനം കാണാം. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോട് (United Nations Sustainable Development Goals) ചേർന്ന് നിൽക്കുന്നതാണ് ''-ഡോ.രഘുരാമൻ വിശദമാക്കുന്നു. ലോകത്ത് ഇന്നു കാണുന്ന പല തലങ്ങളിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായി അമൃതയുടെ 30-ൽ അധികം ഗവേഷണ കേന്ദ്രങ്ങളിലായി  ആയിരത്തിലധികം ഗവേഷകരാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2016-2021 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച 59800-ൽ അധികം സൈറ്റേഷനുകളും 12,000 ത്തിലധികം ഗവേഷണ പ്രബന്ധങ്ങളും അമൃതയുടെ ക്രെഡിറ്റിലുണ്ട്. ഇതിന്റെയെല്ലാം ഗുണഫലം വാക്കുകൾക്കപ്പുറമാണ്.

 
എർത്ത് സയൻസ്, കമ്യൂണിക്കേഷൻ ആൻഡ് നെറ്റ്വർക്കിംഗ്, അനലോഗ്-ഡിജിറ്റൽ സർക്യൂട്ട്സ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള സങ്കേതങ്ങൾ കോർത്തിണക്കിയ 'വയർലെസ് സെൻസർ നെറ്റ്വർക്ക് ' മുൻപ് സൂചിപ്പിച്ച ഗവേഷണ മികവിനുള്ള ഉദാഹരണങ്ങളിലൊന്നാണ്. മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ചെലവ് കുറഞ്ഞ സംവിധാനമാണിത്. മണ്ണിടിച്ചിലുണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പേതന്നെ അത് തിരിച്ചറിയാൻ ഈ ഉപകരണത്തിലൂടെ സാധിക്കും. ഈ ഉപകരണത്തിന് യു.എസ് പേറ്റന്റും ലഭിച്ചിട്ടുണ്ട്. അതു മാത്രമല്ല, ഡിസാസ്റ്റർ റിസ്ക് റിഡക്ഷന്റെ കാര്യത്തിൽ 'വേൾഡ് സെന്റർ ഓഫ് എക്സലൻസ് 'എന്ന അംഗീകാരവും ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലൂടെ അമൃത സർവകലാശാലയ്ക്ക് ലഭിച്ചു.

അമൃതയുടെ നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. മൽസ്യത്തൊഴിലാളികൾക്ക് കടലിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ചെലവ് കുറഞ്ഞ സംവിധാനമായ 'ഓഷ്യാനെറ്റ് 'വികസിപ്പിച്ചതും അമൃതതന്നെയാണ്. തീരത്തുനിന്ന് 60 കിലോമീറ്റർ അകലെ പോലും ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. ഇത് മൽസ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ബ്രെയ്ൻ കാൻസർ ചികിൽസയിൽ വിജയകരമായി പരീക്ഷിച്ചിട്ടുള്ള'മൾട്ടി ഡ്രഗ് എംബഡഡ് നാനോ പോളിമർ വേഫേഴ്സും' അമൃതയ്ക്ക് ഏറെ ഖ്യാതി നേടിക്കൊടുത്തു. തേങ്ങാ ഇടുവാൻ സഹായിക്കുന്ന റോബോട്ടായ 'കൊക്കോബോട്ട് 'കർഷകർക്ക് ഏറെ സഹായകരമാകുന്ന കണ്ടുപിടുത്തമാണ്. യഥാർത്ഥമായ ക്ലാസ്റൂമിന്റെ അനുഭവം നൽകുന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ 'അമൃത വെർച്വൽ ഇന്ററാക്റ്റീവ് ഇ-ലേണിംഗ് വേൾഡും' (A-VIEW) വിദ്യാഭ്യാസ മേഖലയിൽ സജീവ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്.

ഇതു കൂടാതെ 'അമൃത ക്രിയേറ്റ് '(AMRITA CREATE) എന്നറിയപ്പെടുന്ന 'അമൃത സെന്റർ ഫോർ റിസർച്ച് ഇൻ അനലിറ്റിക്സ്, ടെക്നോളജീസ്, ആൻഡ് എജ്യൂക്കേഷൻ' എന്ന സംരംഭം യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായകമാകുന്ന ഒന്നാണ്. ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനുള്ള സാങ്കേതികവിദ്യാസംരംഭമെന്ന നിലയിലാണ് ഇത് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ററാക്റ്റീവ് സിമുലേഷനുകളും അനിമേഷനുകളുമെല്ലാം ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റൽ പഠന സംവിധാനമായ 'ഓൺലൈൻ ലാബ്സ് ' 50,000-ൽ അധികം ടീച്ചർമാർക്കും 4 ലക്ഷത്തിലധികം പഠിതാക്കൾക്കും ഉപകാരപ്രദമായിട്ടുണ്ട്. 21 സംസ്ഥാനങ്ങളിലായി 12000-ൽ അധികം സ്കൂളുകളിലേക്ക് ഈ സംവിധാനം എത്തിച്ചേർന്നിട്ടുണ്ട്.



കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ ലാബുകളിൽ ചെന്ന് നേരിട്ട് പരിശീലനം നേടുകയെന്നത് വിദ്യാർത്ഥികൾക്ക് സാധ്യമല്ലാതായിത്തീർന്നു. ഈ സാഹചര്യത്തിൽ 34 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഓൺലൈൻ ലാബ്സിലൂടെ ലാബ് എക്സ്പെരിമെന്റുകൾ ചെയ്തത്.  പ്രമേഹരോഗികളുടെ എണ്ണം വ്യാപകമായി ഉയരുന്ന ഈ കാലഘട്ടത്തിൽ പ്രമേഹരോഗികൾക്കായി 'അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി', വികസിപ്പിച്ച ചെലവ് കുറഞ്ഞ ഇൻസുലിൻ പമ്പുകളും, നോൺ എൻസൈമാറ്റിക് ഗ്ലൂക്കോസ് സെൻസറുകളും രോഗികൾക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇതിന് യു.എസ് പേറ്റന്റുകളും ലഭിച്ചിരുന്നു.

തൊഴിലധിഷ്ഠിത പരിശീലനത്തിന് 'അമ്മച്ചി ലാബ്സ് '

ഗ്രാമീണ വനിതകൾക്ക് തൊഴിലധിഷ്ഠിത പരിശീലനവും അതിൽ വൈദഗ്ധ്യവും നൽകുന്നതിനായാണ് അമ്മച്ചി ലാബ്സ് എന്ന സംരംഭത്തിന് അമൃത തുടക്കമിട്ടത്. സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്ന വനിതകളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാക്തീകരിച്ച്, അവർക്ക് ആത്മവിശ്വാസം നൽകി, സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വാഭിമാനത്തോടെ ജീവിക്കാൻ സ്ത്രീകളെ ഇത് സഹായിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കിയതു വഴി 'വിമെൻസ് എംപവർമെന്റ് ആൻഡ് ജെൻഡർ ഇക്വാലിറ്റി'യിൽ ഇന്ത്യയിൽനിന്നുള്ള ആദ്യ 'യുനെസ്കോ ചെയർ' എന്ന അംഗീകാരം നേടാനും അമൃതയുടെ ഈ കേന്ദ്രത്തിനായി.  

വിദേശങ്ങളിലുള്ള പ്രമുഖ സർവകലാശാലകളുമായി ഏറ്റവുമധികം പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുള്ള സ്വകാര്യ മേഖലയിലുള്ള സർവകലാശാല അമൃതയാണ്. ഐ.വി ലീഗ് പോലുള്ള ഏറെ പ്രശസ്തമായ വിദേശ സ്ഥാപനങ്ങളിൽനിന്നു പോലും ഫാക്കൽറ്റികളെ ആകർഷിക്കാൻ അമൃത സർവകലാശാലയ്ക്ക് കഴിഞ്ഞു. ഇതുമൂലം ബ്രെയിൻ-ഡ്രെയിൻ എന്ന പ്രശ്നത്തിനു മറുപടിയായി ബ്രെയിൻ-ഗെയിൻ എന്നതിലേക്കുള്ളമാറ്റം കൊണ്ടുവരുവാൻ അമൃതയ്ക്കു കഴിഞ്ഞു.
 

അമൃതയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ ഏറെ ഡിമാന്റ്

അമൃത സർവകലാശാലയിൽനിന്നും പഠിച്ച് പുറത്തിറങ്ങുന്നവർക്ക് തൊഴിൽമേഖലയിൽ ഏറെ ആവശ്യകതയാണ് ഇന്നുള്ളത്. ഗൂഗിൾ, സിസ്കോ, മൈക്രോസോഫ്റ്റ്, എസ്.എ.പി തുടങ്ങിയ വമ്പൻ കോർപ്പറേറ്റുകൾ യോഗ്യരായവരെ തിരയുമ്പോൾ അവരുടെ പ്രഥമ പരിഗണന അമൃതയാണ്. അമൃതയിൽനിന്നും പഠിച്ചിറങ്ങുന്ന 95 ശതമാനം വിദ്യാർത്ഥികൾക്കും മുൻനിരയിലുള്ള ബഹുരാഷ്ട്ര കമ്പനികളിലാണ് ജോലി ലഭിക്കുന്നത്. അതും വളരെ ഉയർന്ന ശമ്പളത്തോടെ. പ്രതിവർഷം 65ലക്ഷം രൂപയെന്ന ശമ്പളം നൽകി അമൃതയിൽനിന്നും ജയിച്ചു പുറത്തിറങ്ങുന്ന കുട്ടികളെ ഈ കമ്പനികൾ ജോലിക്കെടുത്തിട്ടുണ്ട്. 

''ലോകത്തിലെ മികച്ച കമ്പനികൾ ഏറ്റവും മികച്ച വ്യക്തികളെയാണ് അവരുടെ സ്ഥാപനത്തിലേക്കായി തിരഞ്ഞെടുക്കുക. നിങ്ങളുടെ വൈദഗ്ധ്യത്തിനും ഉപരിയായി ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശാലമായ കാഴ്ച്ചപ്പാടിനെ കൂടി തൊഴിൽദാതാക്കൾ വിലമതിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്'' അമൃതയിൽനിന്നും പഠിച്ചിറങ്ങി ഇപ്പോൾ യു.എസിലെ 'ടെസ്ല ഇൻക് '-ൽ പ്രൊഡക്ഷൻ മാനേജരായ തേജസ് മേനോൻ പറയുന്നു.

ശ്രേഷ്ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനും അപ്പുറത്താണ് അമൃത. സാമൂഹ്യ പരിവർത്തനത്തെ ശാക്തീകരിക്കുവാൻ ശേഷിയുള്ള വിദഗ്ധരും അധ്യാപകരും മുൻവിദ്യാർത്ഥികളുമെല്ലാം ചേർന്ന് അരലക്ഷത്തിലധികം പേർ അടങ്ങിയ ശക്തമായ ഒരു സമൂഹമാണ് അമൃത സർവകലാശാല.  എങ്ങനെയാണ് ഇത്രയും വലിയൊരു ഒത്തുചേരലിന് പൊതുവായ ഒരു ലക്ഷ്യബോധവും പ്രചോദനവുമുണ്ടാകുന്നത്. ഇതിനുള്ള ഉത്തരം സർവകലാശാലയുടെ ചാൻസലറായ മാതാ അമൃതാനന്ദമയീദേവിയുടെ വാക്കുകളിലുണ്ട്. ''ജീവിതമെന്നതും ജീവിക്കുക എന്നതും ഒന്നല്ല. ജീവിക്കുന്നതിന് നമുക്ക് ജോലി, പണം, വീട്, കാറ്, മറ്റ് സുഖസൗകര്യങ്ങൾഎന്നിവയെല്ലാം ആവശ്യമായേക്കാം. എന്നാൽ, സമഗ്രവും അർത്ഥപൂർണവുമായ ഒരു ജീവിതത്തിന് നിങ്ങളുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സ്നേഹവും കാരുണ്യവും പക്വതയുമെല്ലാം ആവശ്യമാണ്.''

അമൃത വിശ്വവിദ്യാപീഠത്തെക്കുറിച്ചും വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയുവാനും, കോഴ്സ് പ്രോഗ്രാമുകൾ, ഫാക്കൽറ്റി, ഗ്ലോബൽ യൂണിവേഴ്സിറ്റി പാർട്ണറിങ്, ക്യാമ്പസുകൾ, സ്റ്റുഡന്റ് കമ്മ്യൂണിറ്റി, അമൃത യൂണിവേഴ്സിറ്റി സംരംഭങ്ങൾ എന്നിവയെക്കുറിച്ചും കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click me!