അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്യാംപസിലേക്ക് മടങ്ങി വരാൻ അനുവാദം നൽകണമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിനോട് അഭ്യർത്ഥിച്ചത്.
ദില്ലി: ക്യാംപസിലേക്ക് തിരികെ വരാൻ ഇൻസ്റ്റിറ്റ്യൂട്ടിനോട് അനുവാദം തേടി ബോബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടിയ അഫ്ഗാൻ വിദ്യാർത്ഥികൾ. അഫ്ഗാനിസ്ഥാനിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഒട്ടുമിക്ക നഗരങ്ങളും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. അഫ്ഗാനിലെ ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
നിലവിലുള്ള സെമസ്റ്ററിൽ പ്രവേശനം നേടിയിട്ടുള്ള ഒൻപത് വിദ്യാർത്ഥികൾക്ക് ക്യാംപസിലേക്ക് മടങ്ങി വരാനുള്ള അനുവാദം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുണ്ട്. ഐസിസിആർ സ്പോൺസർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളാണിവർ. 2019-2020 അധ്യയന വർഷം പ്രവേശനം നേടിയിട്ടുള്ള രണ്ട് വിദ്യാർത്ഥികൾ ഇപ്പോഴും ക്യാംപസിലുണ്ട്. ഒൻപത് അഫ്ഗാൻ വിദ്യാർത്ഥികൾക്കാണ് ഈ വർഷം ഐഐടി ബോംബെ എം ടെക് അഡ്മിഷൻ നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവർ ഓൺലൈനായിട്ടാണ് ക്ലാസുകളിൽ സംബന്ധിച്ചിരുന്നത്.
undefined
''അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്യാംപസിലേക്ക് മടങ്ങി വരാൻ അനുവാദം നൽകണമെന്ന് വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിനോട് അഭ്യർത്ഥിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻഷിപ്പ് സ്കോളർഷിപ്പിന്റെ കീഴിൽ അഫ്ഗാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. ഓൺലൈനായിട്ടാണ് അവർ ക്ലാസുകളിൽ പങ്കെടുത്തുകൊണ്ടിരുന്നത്. അവരുടെ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിരികെ ക്യാംപസിലെ ഹോസ്റ്റലുകളിൽ ചേരാനാണ് അവരുടെ ആഗ്രഹം. പ്രത്യേക പരിഗണന നൽകി അവരുടെ അഭ്യർത്ഥന സ്വീകരിച്ചെങ്കിലും അവരുടെ ആഗ്രഹം എത്രത്തോളം പ്രായോഗികമാണെന്ന് ഞങ്ങൾക്കുറപ്പില്ല. എത്രയും വേഗം അവരിവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.'' ഐഐടി ഡയറക്ടർ സുഭാഷ് ചൗധരി വ്യക്തമാക്കി. ഈ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും സുരക്ഷിതരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona