2015-2016 വർഷം മുതലാണ് എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകളിൽ വർദ്ധനവുണ്ടായത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ദില്ലി: എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകൾ വർദ്ധിക്കുകയും നിലവിലുള്ള കോളേജുകളിൽ സീറ്റുകളുടെ എണ്ണം ഗണ്യമായ രീതിയിൽ കുറയുകയും ചെയ്ത സാഹചര്യത്തിൽ എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണത്തിൽ വൻ ഇടിവ്. 2015-2016 വർഷം മുതലാണ് എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകളിൽ വർദ്ധനവുണ്ടായത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അഖിലേന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ബിരുദ ബിരുദാനന്തര, ഡിപ്ലോമ മേഖലകളിലെ എഞ്ചിനീയറിംഗ് സീറ്റുകൾ 23.28 ലക്ഷമായി കുറഞ്ഞു എന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ വിശദമാക്കുന്നു.
ആറ് വർഷത്തിനിടയിൽ പത്ത് ലക്ഷത്തോളം എൻജിനിയറിങ് സീറ്റുകൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014-15 കാലത്ത് രാജ്യത്തൊട്ടാകെ എഐസിറ്റിഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 32 ലക്ഷം എൻജിനിയറിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്. 2015-16 വർഷം മുതൽ എല്ലാ വർഷവും ഏകദേശം 50 എഞ്ചിനീയറിംഗ് കോളേജുകളാണ് അടച്ചുപൂട്ടുന്നത്. ഈ വർഷം 63 കോളേജുകൾക്കാണ് എഐസിറ്റിഇ അടച്ചുപൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്.
undefined
പുതിയ എഞ്ചിനീയറിംഗ് കോളേജുകൾ ആരംഭിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയിരിക്കുന്നവയുടെ എണ്ണവും അഞ്ചുവർഷത്തിനുള്ളിലെ ഏറ്റവും കുറവാണ്. പുതിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് എ ഐ സി ടി ഇ രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 2020-21 മുതൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് തടയുന്നതിനാണ് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്.
(ഗ്രാഫ് കടപ്പാട്: ദ് ഇന്‍ഡ്യന്‍ എക്സ്പ്രസ്)
2021-2022 അക്കാദമിക് വർഷത്തിൽ എഐസിടിഇ 54 പുതിയ എൻജിനിയറിങ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരുകൾക്കുള്ള താൽപര്യം പരിഗണിച്ചാണ് ഈ അനുമതി. ചെയർമാൻ അനിൽ ശാസ്ത്രബുദ്ധോയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മുമ്പ് 2017-18 2018-19, 2019-2020 എന്നീ വർഷങ്ങളിൽ യഥാക്രമം 143, 158, 153 എണ്ണം വീതം പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിരുന്നു.
2016-17 വർഷങ്ങളിൽ 3291 എഞ്ചിനീയറിംഗ് കോളേജുകളിലെ 15.5 ലക്ഷം ബിരുദ സീറ്റുകളിൽ 51 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ സർവ്വേയിൽ വെളിപ്പെട്ടിരുന്നു. മൂന്നു മാസക്കാലത്തെ അന്വേഷണത്തെ തുടർന്നാണ് 2017 ൽ ഇന്ത്യൻ എക്സ്പ്രസ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏതാനും ആഴ്ചകൾക്കുശേഷം, 2018-19 അധ്യയന വർഷം മുതൽ അധികം വിദ്യാർത്ഥികൾ ചേരാത്ത കോഴ്സുകളിലെ സീറ്റ് പകുതിയായി കുറയ്ക്കുന്നതിനുള്ള തീരുമാനം എ ഐ സി ടി ഇ പ്രഖ്യാപിച്ചു. 2019 ൽ പുതിയ സ്ഥാപനങ്ങളിൽ രണ്ടുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം 26 കോളേജുകൾ മാത്രമാണ് അടച്ചുപൂട്ടിയത്. എന്നാൽ ഈ വർഷം 63ലേക്ക് ഈ കണക്ക് ഉയർന്നിരിക്കുകയാണ്. 2017-18ലാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കൂടുതൽ കോളജുകൾ അടച്ചു പൂട്ടിയത്. 73 എണ്ണം. 2016- 17 ൽ അത് 70 ആയിരുന്നു.