Niyukthi Job Fair : കണ്ണൂർ നിയുക്തി തൊഴിൽ മേളയിൽ 121 പേർക്ക് നിയമനം; ചുരുക്കപ്പട്ടികയിൽ 1163 പേർ

By Web Team  |  First Published Jan 4, 2022, 9:29 AM IST

ആസ്റ്റർ മിംസ്, വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ്, ബിസിനസ് റിസർച്ച് ആൻഡ് അനലിറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
 


കണ്ണൂർ:  നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (National Employment Service) (കേരളം) വകുപ്പിന്റെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംഘ ടിപ്പിച്ച ജില്ലാ നിയുക്തി തൊഴിൽ മേളയിൽ (Niyukthi Job Fair) 3452 ഉദ്യോഗാർഥികളും 55 ഉദ്യോഗദായകരും പങ്കെടുത്തു. 1163 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും 121 പേർക്ക് നിയമനം നൽകുകയും ചെയ്തു. ആസ്റ്റർ മിംസ്, വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ്, ബിസിനസ് റിസർച്ച് ആൻഡ് അനലിറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഏത് തൊഴിലിനും അതിന്റേതായ പവിത്രതയും മഹത്വവുമുണ്ടെന്നും ഏത് തൊഴിലും ചെയ്യാനുള്ള സന്നദ്ധതയാണ് എല്ലാ ഉദ്യോഗാർത്ഥികളിലും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സി.എം. പത്മജ, ചൊവ്വ എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ആർ രവികുമാർ സ്വാഗതവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻ ചാർജ്ജ് രമേശൻ കുനിയിൽ നന്ദിയും പറഞ്ഞു.

Latest Videos

മേളയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്റ്റാൾ മികച്ച പ്രതികരണം നേടി. അടുത്ത വ്യോമസേന റിക്രൂട്ട്‌മെൻറ് ഫെബ്രുവരി മധ്യത്തിൽ നടക്കാനിരിക്കെയാണ് മലയാളിയായ കോർപറൽ പികെ ഷെറിൻ, സർജൻറുമാരായ ഡിജെ സിംഗ്, സുരേഷ് എന്നിവർ യുവാക്കൾക്ക് വ്യോമസേനയെക്കുറിച്ച് അവബോധവും മോട്ടിവേഷൻ ക്ലാസും നൽകിയത്. കൊച്ചി കാക്കനാട്ടെ 14 എയർമെൻ സെലക്ഷൻ സെൻറർ, ഇന്ത്യൻ എയർഫോഴ്‌സ് കാക്കനാടിന്റെ നേതൃത്വത്തിലായിരുന്നു കാമ്പയിൻ. വ്യോമസേനയുടെ റിക്രൂട്ട്‌മെൻറിനുള്ള യോഗ്യത, വ്യോമസേനാംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, തുടർപഠനാവസരം, വിരമിച്ച ശേഷമുള്ള സെക്കൻറ് കരിയറിനുള്ള അവസരം എന്നിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി. ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ നടക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിലും വ്യോമസേനയുടെ സാന്നിധ്യം ഉണ്ടാവും.

click me!