ആകാംക്ഷ വലുതാകുന്നു, നിര്‍ണായക തീരുമാനങ്ങള്‍ ഏതാകും: നിര്‍മല സീതാരാമന്‍റെ പെട്ടിയില്‍ ഇവ ഇടം നേടുമോ?

By Web Team  |  First Published Jul 4, 2019, 5:27 PM IST

ആരോഗ്യം, കാര്‍ഷികം, നൈപുണ്യ വികസനം, വ്യവസായം, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്കാകും ബജറ്റില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്ഥിരത ഉറപ്പാക്കാനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും.


നാളെ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. തൊഴിലില്ലായ്മ, വളര്‍ച്ച മുരടിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ധനമന്ത്രിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികള്‍. അതിനാല്‍ തന്നെ ഈ പ്രതിസന്ധികള്‍ക്കുളള പരിഹാര നിര്‍ദ്ദേശങ്ങളും പദ്ധതികളും ബജറ്റിലുണ്ടാകുമെന്നുറപ്പാണ്. 

ആരോഗ്യം, കാര്‍ഷികം, നൈപുണ്യ വികസനം, വ്യവസായം, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്കാകും ബജറ്റില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്ഥിരത ഉറപ്പാക്കാനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കാന്‍ സഹായകരമായ നയങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെട്ടേക്കാം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ രീതി എന്ന നിലയില്‍ നൈപുണ്യ വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയേക്കും. നിക്ഷേപം വലിയ രീതിയില്‍ വര്‍ധിപ്പിച്ച് തൊഴിലില്ലായ്മ പരിഹരിക്കാനുളള ശ്രമങ്ങളും ബജറ്റിലുണ്ടാകും.  

Latest Videos

undefined

വ്യവസായ മേഖലയുടെ ഉന്നമനത്തിനായി വിദേശ- ആഭ്യന്തര നിക്ഷേപ വര്‍ധനയ്ക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ബജറ്റിലൂടെ ശ്രമം ഉണ്ടായേക്കും. ഓട്ടോമൊബൈല്‍, നിര്‍മാണ മേഖലകളെ വളര്‍ച്ചയിലേക്ക് തിരികെയെത്തിക്കാനും ബാങ്കിങ്, എന്‍ബിഎഫ്സി മേഖലകളെ ശക്തിപ്പെടുത്താനും പ്രഖ്യാപനങ്ങളുണ്ടാകുമെന്നുറപ്പാണ്. കൂടുതല്‍ പൊതുമേഖല ബാങ്ക് ലയനങ്ങള്‍ക്ക് സഹായകരമായ നയങ്ങളാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ കൈക്കാള്ളാന്‍ സാധ്യത.  സ്റ്റേറ്റ് ബാങ്ക്, വിജയ ബാങ്ക്- ദേനാ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ലയനങ്ങള്‍ക്ക് ശേഷം കൂടുതല്‍ ലയനങ്ങള്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം. 

നികുതിയിതര വരുമാനം തേടിപ്പോകുമോ? 

വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്ക് വന്‍ പരിഗണന ബജറ്റില്‍ ലഭിച്ചേക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. വൈദ്യുത വാഹനങ്ങളുടെ ഗവേഷണ -നിര്‍മാണ മേഖലയ്ക്ക് സഹായകരമായ രീതിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ബജറ്റിലൂടെ ശ്രമം ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. 2030 ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ ധനക്കമ്മി പരിധി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്. സര്‍ക്കാരിന്‍റെ ഖജനാവിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ പൊതുമേഖല ഓഹരി വില്‍പ്പനയാകും സര്‍ക്കാര്‍ ആശ്രയിക്കാന്‍ സാധ്യത. ഇതിനോടൊപ്പം മറ്റ് നികുതി ഇതര വരുമാന വരവ് വര്‍ധിപ്പിക്കാനും ബജറ്റിലൂടെ ശ്രമം ഉണ്ടായേക്കും. 

ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ മൂന്ന് പണനയ അവലോകന യോഗങ്ങളിലായി റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റുകള്‍ വീതം റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരുന്നു ഇത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച നിരക്കിന് ഏറെ സഹായകരമാണ്. ഇതോടെ നാളത്തെ ബജറ്റില്‍ വളര്‍ച്ച നിരക്കിനെ ഉയര്‍ത്തിയെടുക്കാനുളള ശക്തമായ പ്രഖ്യാപനങ്ങളുണ്ടായേക്കും.

2024 ആകുമ്പോഴേക്കും എല്ലാവര്‍ക്കും പൈപ്പ് വെള്ളം എന്ന എന്‍ഡിഎയുടെ പ്രഖ്യാപനത്തിന് ഉതകുന്ന തരത്തിലുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. ജലവുമായി ബന്ധപ്പെട്ടവയെ ജലശക്തി മന്ത്രാലയം എന്ന കൂടക്കീഴിലെത്തിച്ചതിന് പിന്നാലെ ബജറ്റില്‍ ജലത്തിന് വലിയ പ്രധാന്യം ലഭിച്ചേക്കും. നദീ സംയോജന അടക്കമുളള വിഷയങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെട്ടേക്കാം.

 

താരമാകുമോ ഡിജിറ്റല്‍ മണി

ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുളള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗൃഹ നിര്‍മാണ മേഖലയ്ക്ക് സഹായകരമായ രീതിയില്‍ സബ്സിഡികള്‍, മറ്റ് ഇളവുകള്‍ തുടങ്ങിയവയും പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. സംരംഭകത്വ വികസനം ബജറ്റിലെ മറ്റൊരു പ്രധാന അജണ്ട ആകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുകയും വ്യവസായ വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ഇന്ന് പുറത്തുവന്ന സാമ്പത്തിക സര്‍വേയില്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക ഇടം ലഭിച്ചിരുന്നു. സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ മേഖലകളെ തൊഴില്‍ സൃഷ്ടിയുടെയും വളര്‍ച്ചയുടെയും പുതിയ ആശയങ്ങളുടെയും ഉറവിടമായാണ് സര്‍വേ കണക്കാക്കുന്നത്. നാളെ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലും പ്രധാന പ്രഖ്യാപനങ്ങള്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

click me!