ക്ഷേമ ബജറ്റിൽ വന്‍ പദ്ധതികള്‍; പണത്തിന് പൊതുമേഖല സ്ഥാപന വില്‍പ്പനയും

By Web Team  |  First Published Jul 5, 2019, 1:19 PM IST

ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി 'ഹര്‍ ഘര്‍ ജല്‍' എന്ന പേരില്‍ രാജ്യത്തെ എല്ലാ ഭവനങ്ങളിലും 2024 ആകുമ്പോഴേക്കും കുടിവെള്ളം എത്തിക്കാനുളള പദ്ധതി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കാന്‍ ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.


സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച്, ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍, 2024 ല്‍ എല്ലാവര്‍ക്കും കുടിവെള്ളം, സ്ത്രീ ശാക്തീകരണത്തിന് 'നാരി ടു നാരായണി' പദ്ധതി തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. എന്‍ഡിഎയുടെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തെ ചൂണ്ടിക്കാട്ടി തുടങ്ങിയ ബജറ്റ് അവതരണത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. 

വികസന പ്രവര്‍ത്തനങ്ങളില്‍ സത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി പ്രഖ്യാപനം ധനമന്ത്രിയില്‍ നിന്നുണ്ടായി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരഭങ്ങള്‍ക്ക് പ്രത്യേക സഹായം ഉറപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്കായി ഫണ്ട് ലഭ്യമാക്കുന്നതിന് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച് തുടങ്ങും. സാമൂഹ്യപുരോഗതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം. നിര്‍മാണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാനും ലക്ഷ്യം വച്ച് ഭവന നിര്‍മാണ മേഖലയ്ക്ക് ബജറ്റില്‍ ധനമന്ത്രി പരിഗണന നല്‍കി. 

Latest Videos

undefined

ഗതാഗത ബജറ്റ്...
  
ജല വിതരണം, പ്രകൃതി വാതക വിതരണം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. റെയില്‍വേ ആധൂനികരണം പ്രധാന വിഷയമായി തന്നെ നിര്‍മല സീതാരാമന്‍റെ ബജറ്റിലും ഉള്‍പ്പെട്ടു. റെയില്‍വേ വികസനത്തിന് പിപിപി പദ്ധതി നടപ്പാക്കും. അടുത്ത പത്ത് വര്‍ഷത്തിനകം റെയില്‍വേ മേഖലയില്‍ 50 കോടി നിക്ഷേപം നടത്താനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ശരിക്കും ഒരു ഗതാഗത ബജറ്റായിരുന്നു എന്ന് പറയാം. ഭാരത് മാല, സാഗര്‍മാല, ഉഡാന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് വന്‍ നിക്ഷേപം നേടിയെടുക്കാനായി. രാജ്യത്ത് മുഴുവനായി ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് പ്രഖ്യാപിച്ചത് കൈയടികളോടെയാണ് ഭരണകക്ഷി എംപിമാര്‍ സ്വീകരിച്ചത്. റോഡ്, ജല, വായു തുടങ്ങിയ ഗതാഗത മാര്‍ഗങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം. 

വികസന -ക്ഷേമ പദ്ധതികള്‍ക്കായും ധന സമാഹരണത്തിനായും പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 1,05,000 കോടി രൂപ നേടിയെടുക്കാന്‍ ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. ഇതോടെ നികുതി ഇതര വരുമാന വര്‍ധന ഉയര്‍ത്താനാണ് സര്‍ക്കാരിന്‍റെ ആലോചന. ഗൃഹ നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുകളുടെ നിയന്ത്രണം ദേശീയ ഹൗസിംഗ് ബാങ്കില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്ക് മാറ്റും. 

എല്ലാവര്‍ക്കും കുടിവെളളം

ചെറുകിട വ്യാപാരികള്‍ക്കായി പ്രധാനമന്ത്രി കരംയോഗി മാന്‍ധന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുളള കച്ചവടക്കാര്‍ പെന്‍ഷന് യോഗ്യരായിരിക്കും. ഉദാരവത്കരണം വിപുലമാക്കുന്ന നയങ്ങളാണ് ധനമന്ത്രി ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകള്‍ വിദേശ നിക്ഷേപകര്‍ക്കായി തുറന്ന് കൊടുക്കും. 2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. 1.95 കോടി വീടുകളാണ് നിര്‍മിക്കുക. ബഹിരാകാശ മേഖലയില്‍ പുതിയ കമ്പനി വരും. ബഹിരാകാശ മേഖലയുടെ വാണിജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രൂപീകരിക്കുന്നത്. ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കുന്നതിന്‍റെ ഭാഗമായാണിത്. 

ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി 'ഹര്‍ ഘര്‍ ജല്‍' എന്ന പേരില്‍ രാജ്യത്തെ എല്ലാ ഭവനങ്ങളിലും 2024 ആകുമ്പോഴേക്കും കുടിവെള്ളം എത്തിക്കാനുളള പദ്ധതി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കാന്‍ ഗ്രാമീണ് ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലില്ലായ്മ പരിഹരിക്കേണ്ടത് ലക്ഷ്യം വച്ച് സംരംഭക്ത്വത്തിന് ബജറ്റില്‍ പ്രധാന സ്ഥാനം തന്നെ ലഭിച്ചു. നൈപുണ്യ വികസനത്തിന്‍റെ ഭാഗമായി കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. എല്‍ഇഡി ബൾബ് ഉപയോഗം പ്രോൽസാഹിപ്പിക്കാൻ മിഷൻ എൽഇഡി നടപ്പാക്കും. 

2030 ഓടെ രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളാക്കുക എന്ന നീതി ആയോഗിന്‍റെ ലക്ഷ്യത്തിന് കരുത്ത് പകരുന്ന നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ പ്രത്യേക നയവും ഇത്തരം വാഹനങ്ങള്‍ക്ക് നികുതി ഇളവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. എയര്‍ ഇന്ത്യയുടെ വില്‍പ്പന നടപടികള്‍ പുനരാരംഭിക്കാനും 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ് നല്‍കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. അഞ്ച് വര്‍ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതി സര്‍ക്കാര്‍ ഒഴിവാക്കി.  

400 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം ടാക്‌സ് നല്‍കിയാല്‍ മതി. നിലവില്‍ ഇത് 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ബാധകമായിരുന്നത്. ഇതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂല നിര്‍ദ്ദേശവും ബജറ്റില്‍ ഇടം നേടി. 
 

click me!