തൊഴിലുകളില്‍ ഈ കുറവ് സംഭവിക്കുമ്പോഴും തൊഴില്‍ തേടി വരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ വൈദ്യുത വാഹന നിര്‍മാണ മേഖല അടക്കമുളള പുതിയ വ്യവസായങ്ങളുടെ വികാസത്തിലൂടെയും വളരുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കിയും തൊഴിലില്ലായ്മ പരിഹരിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക.
ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പരിഹാരം കാണേണ്ട പ്രധാന വെല്ലുവിളികള്‍ രണ്ടാണ്. ഒന്ന് രാജ്യത്തിന്‍റെ വളര്‍ച്ച മുരടിപ്പും രണ്ടാമത്തേത് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും. 2017 -18 ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്.
ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെ ഏങ്ങനെ മറികടക്കുമെന്നതാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതിനുളള ശ്രമം ഉണ്ടാകും എന്നുറപ്പാണ്. സംരംഭകത്വത്തിലൂടെയും നിക്ഷേപ വളര്‍ച്ചയിലൂടെയും നൈപുണ്യ വികസനത്തിലൂടെയും ഇത് മറികടക്കാനാകും സര്‍ക്കാരിന്‍റെ ശ്രമം. ഇതിനൊപ്പം തകര്‍ച്ച നേരിട്ടു നില്‍ക്കുന്ന വ്യവസായങ്ങളെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങളും ബജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയേക്കും.
undefined
പ്രതീക്ഷ നൈപുണ്യ വികസനത്തില്‍
തൊഴില്‍ സൃഷ്ടിക്കുകയെന്നത് മുന്‍കാലത്തെ പോലെ അത്ര എളുപ്പമല്ലാതായി മാറിയിട്ടുണ്ട്. എന്‍ബിഎഫ്സി, ഓട്ടോമൊബൈല്‍ പോലെയുളള മേഖലകളിലെ പ്രതിസന്ധി വലിയ അളവിലാണ് തൊഴില്‍ ഇല്ലായ്മയ്ക്ക് കാരണമായിട്ടുളളത്. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, സോഫ്റ്റ്‍വെയര്‍ റോബോട്ടിക്സ് എന്നിവയുടെ അമിതമായ കടന്നുവരവും തൊഴില്‍ മേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ധനകാര്യ സേവന മേഖലകളില്‍ പുതിയ അനേകം കമ്പനികളും ഫിന്‍ടെക്കുകളും കടന്നുവരുകയും പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനനുസരിച്ച് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, സോഫ്റ്റ്‍വെയര്‍ റോബോട്ടിക്സ് തുടങ്ങിയവയുടെ അമിതമായ കടന്നുകയറ്റമാണ് ഇതിന് കാരണമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യകളെ അമിതമായി ആശ്രയിക്കാന്‍ ധനകാര്യ സേവന രംഗത്തെ കമ്പനികള്‍ മത്സരിക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ധനകാര്യ സേവന മേഖലയോടൊപ്പം മിക്ക മേഖലകളിലും തൊഴിലുകള്‍ക്ക് സാങ്കേതിക വിദ്യയുടെ കടന്നുവരവ് പ്രതിസന്ധിയാകുന്നുണ്ട്. എന്നാല്‍, തൊഴിലുകളില്‍ ഈ കുറവ് സംഭവിക്കുമ്പോഴും തൊഴില്‍ തേടി വരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ വൈദ്യുത വാഹന നിര്‍മാണ മേഖല അടക്കമുളള പുതിയ വ്യവസായങ്ങളുടെ വികാസത്തിലൂടെയും വളരുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കിയും തൊഴിലില്ലായ്മ പരിഹരിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. സംരംഭകത്വം വികസിപ്പിക്കുകയെന്നതും തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.
പ്രതിവര്‍ഷം 80 ലക്ഷം തൊഴിലുകള്‍ വേണം !
കാര്‍ഷിക മേഖലയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 2.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. മാനുഫാക്ചറിംഗ് , കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളിലെല്ലാം വളര്‍ച്ച മുരടിച്ചിരിക്കുകയാണ്. ഓട്ടോ വ്യവസായത്തിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ടായ ഇടിവ് അനേകം പേരുടെ തൊഴിലുകളാണ് നഷ്ടപ്പെടുത്തിയത്. ഇന്ത്യന്‍ വാഹന വിപണിയുടെ 50 ശതമാനത്തോളം കൈയാളുന്ന മാരുതി സുസുക്കിയുടെ മേയിലെ വില്‍പ്പന 22 ശതമാനമായാണ് ഇടിഞ്ഞത്. വരുന്ന ബജറ്റില്‍ നൈപുണ്യ വികസന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം എത്തിക്കാന്‍ ബജറ്റില്‍ പദ്ധതി ഉണ്ടാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു.
ലോക ബാങ്കിന്‍റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പതിനഞ്ച് വയസ്സിന് മുകളില്‍ തൊഴില്‍ എടുക്കാന്‍ ശേഷിയുളള ജനസംഖ്യ പ്രതിമാസം 13 ലക്ഷത്തോളം വര്‍ധിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ പ്രതിവര്‍ഷം 80 ലക്ഷം തൊഴിലുകളെങ്കിലും സൃഷ്ടിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Industry 4.0യും തൊഴില്‍ സൃഷ്ടിയും
ഇന്ത്യന്‍ തൊഴില്‍ സൃഷ്ടിക്ക് പ്രധാന പ്രതിസന്ധിയാകുന്നത് ഓട്ടോമേഷനാണ്. ഓട്ടോമേഷന്‍റെ വ്യവാസായ മേഖലയിലേക്കുളള കടന്നുവരവ് അനുസരിച്ചാണ് നഷ്ടപ്പെടാന്‍ പോകുന്ന തൊഴില്‍ കണക്കാക്കുന്നത്. നിയന്ത്രിതമായ തോതിലാണ് രാജ്യത്ത് ഓട്ടോമേഷന്‍ മുന്നേറുന്നതെങ്കില്‍ 2030 ആകുമ്പോള്‍ രാജ്യത്തിന്‍റെ മൊത്തം തൊഴില്‍ മണിക്കൂറിന്‍റെ ഒന്‍പത് ശതമാനം യന്ത്രങ്ങള്‍ കൈയടക്കും. അതിവേഗത്തിലാണ് ഇത് നടപ്പാക്കുന്നതെങ്കില്‍ 2030 ആകുമ്പോള്‍ 12 കോടി തൊഴിലുകള്‍ തന്നെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകും. ലോകത്ത് അതിവേഗം മുന്നേറുന്ന industry 4.0 യെ നയിക്കുന്നത് സ്മാര്‍ട്ട് സെന്‍സറുകള്‍, ഓട്ടോമേഷന്‍ ഡിവൈസുകള്‍, ന്യൂ ജനറേഷന്‍ റോബോര്‍ട്ടുകള്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ് കംപ്യൂട്ടിങ്, ഓഗ്മെന്‍റഡ് റിയാലിറ്റി, ബിഗ് ഡേറ്റാ അനാലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഹ്യൂമന്‍- മെഷീന്‍ ഇന്‍റര്‍ഫേസ്, 3 ഡി പ്രിന്‍റിങ് എന്നിവയാണ്. ഇവയുടെ കടന്നുവരവ് പുതിയ നിരവധി തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇവ മൂലം നഷ്ടപ്പെടുന്നതിന് തുല്യമായ തൊഴിലുകള്‍ സൃഷിടിക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.