സർക്കാരിന് കിട്ടേണ്ട നികുതി മാത്രം മതി, ആരുടെയും ബിസിനസ്സ് താറുമാറാക്കാൻ ഗവൺമെന്റിന് ഉദ്ദേശ്യമില്ല എന്നായിരുന്നു ധനമന്ത്രി ഉദ്ധരിച്ച കവിതയുടെ വ്യംഗ്യാർത്ഥം.
ഇടയ്ക്കിടെ ഉദ്ധരിക്കപ്പെട്ട കാവ്യശകലങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ കന്നി ബജറ്റ്. ബജറ്റിന്‍റെ തുടക്കത്തില്‍ തന്നെ ധനമന്ത്രി നിർമല സീതാരാമൻ ഒരു ഉറുദു കവിതാശകലം ഉദ്ധരിച്ചു. രാജ്യത്തിന്റെ ഭരണകർത്താവിനും ജനങ്ങൾക്കും ആത്മവിശ്വാസം എത്ര പ്രധാനമാണ് എന്ന് പറഞ്ഞ കൂട്ടത്തിലാണ് ധനമന്ത്രി, മൻസൂർ ഹാഷ്മി എന്ന പ്രസിദ്ധ ഉറുദു കവിയുടെ രണ്ടു വരികൾ ചൊല്ലിയത്. ആ ഉർദു വരികൾ ഇപ്രകാരമായിരുന്നു,
'യകീൻ ഹേ തോ കോയി രാസ്താ നികൽതാഹേ..
ഹവാ കി ഓട് സേ ഭി ചരാഗ് ജൽതാ ഹേ..'
അതായത്, ' ആത്മവിശ്വാസമുണ്ടെങ്കിൽ, വഴി എങ്ങനെയും തെളിഞ്ഞു വരും
കാറ്റിന്റെ സംരക്ഷണത്തിലും, ചിലപ്പോൾ തിരി കെടാതെ പിടിച്ചു നിന്നെന്നിരിക്കും.. ' എന്ന്.
undefined
അതിനു പിന്നാലെ അവർ ധനതത്വശാസ്ത്രജ്ഞരുടെ ഇഷ്ട സംസ്കൃതകാവ്യമായ ചാണക്യനീതിയും ഉദ്ധരിച്ചു. 'കാര്യപുരുഷ കരേ ന ലക്‌ഷ്യം സമ്പ ദായതേ..' - എന്നുവെച്ചാൽ, തുനിഞ്ഞിറങ്ങിയാൽ ലക്ഷ്യപ്രാപ്തി സുനിശ്ചിതമാണ് എന്ന്.
സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടെ വിവേകാനന്ദനെ ഉദ്ധരിക്കാനും നിർമല സീതാരാമൻ മടിച്ചില്ല. പണ്ട് വിവേകാനന്ദൻ രാമകൃഷ്ണപരമഹംസർക്കെഴുതിയ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു. "ലോകക്ഷേമത്തിന് സ്ത്രീകളുടെ നില മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒരു പക്ഷിയും ഇന്നോളം ഒറ്റച്ചിറകിൽ പറന്നുപൊങ്ങിയ ചരിത്രമില്ല.." ഈ വരികളാണ് പ്രസംഗത്തിനിടെ ധനമന്ത്രി ഉദ്ധരിച്ചത്.
തുടർന്ന്, നികുതി പിരിവിനെപ്പറ്റി പറഞ്ഞിടത്ത് പുറനാനൂറ് എന്ന പ്രാചീന തമിഴ് കാവ്യത്തിൽ നിന്നുള്ള വരികളും ധനമന്ത്രി ഓർത്തെടുത്തു. വരികൾ പിസിരാന്തെയാർ എന്ന തമിഴ് കവിയുടേതാണ്. പാണ്ട്യൻ അറിവുടൈ നമ്പി എന്ന രാജാവിന് നൽകുന്ന ഉപദേശത്തിന്റെ രൂപത്തിലാണ് ഇത്. കാട്ടിനുള്ളിൽ വിശന്നു വലഞ്ഞു നടക്കുന്ന ആന നാട്ടിലേക്കിറങ്ങി, വിശപ്പുമാറ്റാൻ ഗ്രാമത്തിലെ നെൽപ്പാടത്തിലേക്ക് ഇറങ്ങിച്ചെന്നാലോ ? എന്താവും അവസ്ഥ.. അതേപ്പറ്റിയാണ് ഈ കവിത.
തമിഴിലെ വരികൾ
' കായ് നെൽ അറുത്ത് കവണം കൊളിനേൻ ,
അറിവുടൈയ വേന്തേൻ
നെറി അറിന്തു കൊളിനേ
വരിസൈ അറിയാക് കല്ലെൻ
സുട്രമൊട് പരിവ് തപ എടുക്കും
പിണ്ടം നച്ചിൻ
യാനൈ പുക്ക പുലം പോല
താനും ഉന്തൻ ഉലഗമും കെടുമേ.."
ആനയ്ക്ക് വിശപ്പടക്കാൻ, ഒരു നെൽപ്പാടത്ത് കൃഷി ചെയ്യുന്ന നെല്ലിൽ നിന്നും കുറച്ചെടുത്ത് പുഴുങ്ങികുത്തിയെടുക്കുന്ന അരികൊണ്ടുള്ള ചോറ് മതിയാകും. എന്നാൽ ആന വിശപ്പടക്കാൻ വേണ്ടി ആ നെൽപ്പാടത്തിലേക്ക് നേരിട്ടിറങ്ങിയാലോ..? അത് തിന്നുന്നതിന്റെ എത്രയോ ഇരട്ടി നെല്ല് അത് ചവിട്ടിയരച്ചു കളഞ്ഞിട്ടുണ്ടാവും തീറ്റയ്ക്കിടെ.
ഇവിടെ ആന ഗവണ്മെന്റുതന്നെയാണ്. 'ആനയ്ക്ക് ഏതാനും ഉണ്ട ചോറ് കൊടുത്താൽ' - ചോറെന്നതുകൊണ്ട് 'ടാക്സേഷൻ' അഥവാ 'നികുതി'യാണ് മന്ത്രി ഉദ്ദേശിച്ചിരിക്കുന്നത്- അതിനു സന്തോഷമാകും. അതിന് നെല്ല് കൊയ്യാൻ പാകത്തിന് നിൽക്കുന്ന പാടത്തിലൂടെ ചിന്നം വിളിച്ചുകൊണ്ടോടി അത് ചവിട്ടി മെതിക്കണം എന്ന് നിർബന്ധമൊന്നുമില്ല. സർക്കാരിന് കിട്ടേണ്ട നികുതി മാത്രം മതി, ആരുടെയും ബിസിനസ്സ് താറുമാറാക്കാൻ ഗവൺമെന്റിന് ഉദ്ദേശ്യമില്ല എന്നായിരുന്നു ധനമന്ത്രി ഉദ്ധരിച്ച കവിതയുടെ വ്യംഗ്യാർത്ഥം.