ഞാനൊരു ഡയറി എഴുതി തുടങ്ങിയതാണ്. അത് ഫേസ്ബുക്കില്‍ കുറച്ച് ഫ്രണ്ട്സിന്‍റെ അടുത്ത് പങ്കുവച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫ്രണ്ട്സ് മെസേജിടാന്‍ തുടങ്ങി, ഇന്നത്തെ കുറിപ്പ് എന്താ ഇടാത്തേ എന്ന്. അപ്പോഴെനിക്ക് തോന്നി, കേരളത്തെ കുറിച്ച് അവര്‍ക്കും അതില്‍ നിന്നും കാര്യങ്ങളിയാന്‍ പറ്റുന്നുണ്ട്, അവര്‍ക്കതറിയാന്‍ താല്‍പര്യമുണ്ട്. അങ്ങനെ കുറച്ചുകൂടി വിശദമായി എഴുതി തുടങ്ങി.
മലയാളിയാണെങ്കിലും കേരളത്തിലധികം താമസിക്കാത്ത ആളാണ് അഞ്ജന മേനോൻ. ഏറെക്കാലവും ചെലവഴിച്ചത് കേരളത്തിന് പുറത്ത്. ബിസിനസ് ജേണലിസ്റ്റായി കരിയറാരംഭിച്ചു. പലയിടങ്ങളിലും സഞ്ചരിച്ചു. ഇപ്പോൾ, അഞ്ജന ഒരു പുസ്തകമെഴുതിയിരിക്കുകയാണ്. എഴുത്ത് ഇംഗ്ലീഷ് ഭാഷയിലാണ് എങ്കിലും പുസ്തകം പറയുന്നത് കേരളത്തെ കുറിച്ച്, തൃശൂരിനെ കുറിച്ചാണ്. പേരും ഒരൽപം വെറൈറ്റിയാണ് 'ഓണം ഇൻ എ നൈറ്റി'. കൊറോണക്കാലത്ത് കേരളത്തിലെത്തി കുറച്ചധികം നാളുകൾ താമസിച്ച അനുഭവത്തിൽ നിന്നാണ് പുസ്തകം പിറന്നിരിക്കുന്നത്. പുസ്തകത്തെ കുറിച്ച് അഞ്ജന മേനോൻ, ഏഷ്യാനെറ്റ് തൃശൂർ ബ്യൂറോ ചീഫ് പ്രിയ ഇളവള്ളിമഠവുമായി സംസാരിക്കുന്നു.
'ഓണം ഇന്‍ എ നൈറ്റി' പിറന്നതെങ്ങനെയാണ്?
പുറത്ത് നിന്ന് ആരുവന്നാലും ആദ്യം ശ്രദ്ധിക്കുന്നത് ഒരുപക്ഷേ നാട്ടിലെ എല്ലാ സ്ത്രീകളും നൈറ്റിയാണല്ലോ ധരിക്കുന്നത് എന്നതായിരിക്കും. അത് അവരുടെ ഒരു കംഫര്‍ട്ട് ഡ്രസാണ്. ഞാന്‍ പണ്ടൊക്കെ വരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയിക്കഴിഞ്ഞാല്‍ സ്ത്രീകളവിടെ ഷോപ്പിംഗിന് പോലും നൈറ്റിയിട്ടിട്ട് വരും, മോളിലൊരു ദുപ്പട്ടയുമിട്ടിട്ട്. അത് നമ്മളധികം കാണാത്ത ഒരു ദൃശ്യമാണ്. എന്നാല്‍, ഇവിടുത്തെ കാലാവസ്ഥയും മറ്റും നോക്കുമ്പോള്‍ അതവര്‍ യോജിച്ച വസ്ത്രമായി തെരഞ്ഞെടുക്കുന്നതാണ്. ഓണം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം അത് കേരളത്തിനെ പറ്റിയുള്ളതാണ് എന്ന്. നൈറ്റീന്ന് പറഞ്ഞാലും അത് കേരളത്തിനെ പറ്റീട്ടാണ്.
കേരളത്തിനെ കുറിച്ച് പുറത്തുള്ളവരൊക്കെ വളരെ ഗൃഹാതുരതയോടെ പറയുന്നത് കായ ഉപ്പേരി, ശര്‍ക്കര വരട്ടി, അവിയല്, സാമ്പാറ്, പാലട തുടങ്ങിയതൊക്കെയാണ്. പക്ഷേ, ഇതൊന്നുമല്ലാതെ നൈറ്റി കൂടി ആ ശ്രേണിയിലേക്ക് വരികയാണല്ലോ.
undefined
അതേ, കാരണം നൈറ്റി ട്രഡീഷണലല്ല. കായല്‍, ഹൗസ്ബോട്ട് ഇവയെ കുറിച്ചൊക്കെ പറയുമ്പോള്‍ നമുക്കറിയാം അവര്‍ കേരളത്തെ കുറിച്ചാണ് പറയുന്നത് എന്ന്. പക്ഷേ, ശരിക്കും കേരളം, അവിടുത്തെ ജനങ്ങള്‍ അവയെ കുറിച്ചാണിത്. ഓണം എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് കേരളത്തില്‍. അന്നും നമുക്ക് സ്ത്രീകളെ നൈറ്റിയില്‍ കാണാം. അതിന്‍റെയൊരു കോംപിനേഷനാണ് 'ഓണം ഇന്‍ എ നൈറ്റി'. ഹ്യൂമറസ് ടോണാണ് പുസ്തകത്തിന്. വളരെ ലളിതമാണ് ഉള്ളടക്കം.
ഇങ്ങനെയൊരു പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത് എന്താണ്?
അതൊരു പുസ്തകമായിട്ടല്ല ഞാന്‍ തുടങ്ങിയത്. നാട്ടില്‍ അച്ഛനും അമ്മയും തനിച്ചാണ്. ലോക്ക്ഡൗണ്‍ സമയത്ത് 2020 -ല്‍ അവര്‍ എല്ലാ ദിവസവും ഡെല്‍ഹിയിലേക്ക് വിളിച്ച് പരാതി പറയും, ഞങ്ങളിവിടെ തനിച്ച് പെട്ടുപോയി, ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല, പുറത്തേക്ക് പോവാനാവില്ല, അങ്ങട് പോവാന്‍ പറ്റില്ല, ഇങ്ങട് പോവാന്‍ പറ്റില്ല എന്നൊക്കെ. അപ്പോള്‍ എന്നോട് ഇവിടെ വന്ന് വര്‍ക്ക് ഫ്രം ഹോം ചെയ്തൂടേ എന്ന് ചോദിച്ചു തുടങ്ങി. ശരിയെന്നും പറഞ്ഞ് ഞാനിങ്ങ് വന്നപ്പോള്‍ ഇവിടെ ഭയങ്കര കര്‍ശനമായ ക്വാറന്‍റീനായിരുന്നു. ശൈലജ ടീച്ചറുടെ കീഴില്‍ എല്ലാം ഭയങ്കര സിസ്റ്റമാറ്റിക്ക്. ഞാന്‍ ശരിക്കും അന്തംവിട്ടു പോയി. ദിവസത്തില്‍ നാലഞ്ച് ആള്‍ക്കാര്‍ ഫോണ്‍ വിളിച്ച് ചെക്ക് ചെയ്യും. എന്തെങ്കിലും കുഴപ്പമുണ്ടോ, തൊണ്ട വേദനയുണ്ടോ, ഡിപ്രഷനുണ്ടോ എന്നൊക്കെ ചോദിക്കും. അതെനിക്ക് അത്ഭുതമായിരുന്നു. ഡെല്‍ഹിയില്‍ ഇത്ര ശ്രദ്ധയൊന്നും കിട്ടില്ല. അവിടെ അതിജീവിച്ചാല്‍ അതിജീവിച്ചു അത്രേയുള്ളൂ. അതുകൊണ്ട് കേരളത്തിലേത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.
അങ്ങനെ ഞാനൊരു ഡയറി എഴുതി തുടങ്ങിയതാണ്. അത് ഫേസ്ബുക്കില്‍ കുറച്ച് ഫ്രണ്ട്സിന്‍റെ അടുത്ത് പങ്കുവച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫ്രണ്ട്സ് മെസേജിടാന്‍ തുടങ്ങി, ഇന്നത്തെ കുറിപ്പ് എന്താ ഇടാത്തേ എന്ന്. അപ്പോഴെനിക്ക് തോന്നി, കേരളത്തെ കുറിച്ച് അവര്‍ക്കും അതില്‍ നിന്നും കാര്യങ്ങളിയാന്‍ പറ്റുന്നുണ്ട്, അവര്‍ക്കതറിയാന്‍ താല്‍പര്യമുണ്ട്. അങ്ങനെ കുറച്ചുകൂടി വിശദമായി എഴുതി തുടങ്ങി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ ഫോണ്‍ വിളിച്ച് പറഞ്ഞു തുടങ്ങി ഇതൊരു പുസ്തകമാണല്ലോ കേരളത്തെ കുറിച്ച്. അങ്ങനെ ആലോചിച്ചൂടേ എന്ന്. അങ്ങനെയാണ് പുസ്തകത്തിലേക്ക് എത്തുന്നത്.
ജനിച്ചതും വളര്‍ന്നതും ഡെല്‍ഹിയിലാണ്. ജോലി ആവശ്യത്തിനായി ലണ്ടന്‍, സിംഗപ്പൂരൊക്കെ താമസിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളൊക്കെയായി താരതമ്യപ്പെടുത്തുമ്പോള്‍ തൃശൂരിന്‍റെ പ്രത്യേകതയായി അടയാളപ്പെടുത്താന്‍ തോന്നുന്നതെന്താണ്?
പുസ്തകത്തില്‍ അതേ കുറിച്ച് ഞാന്‍ പറയുന്നുണ്ട്. ആര്‍.കെ നാരായണിന്‍റെ മാല്‍ഗുഡി ഡേയ്സ്, സ്വാമി ആന്‍ഡ് ഫ്രണ്ട്സ് ഒക്കെ നോക്കിയാലറിയാം അതിലൊക്കെ ഒരു ചെറിയ പ്രദേശമുണ്ട്. അവിടുത്തെ ജീവിതമുണ്ട്. ജനങ്ങള്‍ക്ക് പരസ്പരമുള്ള സ്നേഹമുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ പരസ്പരം സഹായിക്കും. ഒരു കമ്മ്യൂണിറ്റി സ്പിരിറ്റുണ്ട്. ഇവിടെ വന്നപ്പോള്‍, അച്ഛനും അമ്മയും എപ്പോഴും എന്നോട് പറയുന്നത് ഞങ്ങള്‍ തനിച്ചാണ്, ഐസൊലേറ്റഡാണ് എന്നൊക്കെയാണ്. പക്ഷേ, ചുറ്റുമുള്ള ആള്‍ക്കാരൊക്കെ സഹായിക്കുന്നുണ്ട്. ഭയങ്കര ഒരു കമ്മ്യൂണിറ്റി സ്പിരിറ്റുണ്ട്. മരുന്നുവേണോ അതുവേണോ ഇതുവേണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ആളുകള്‍ക്ക് ഒരു ആത്മാര്‍ത്ഥത ഉണ്ട്. അത് വളരെ പ്രധാനമാണ് എന്നും പുസ്തകത്തില്‍ കൊണ്ടുവരണമെന്നും ഞാന്‍ കരുതി.
തൃശൂരിന്‍റെ പ്രത്യേകതയായി പറയുന്നത് ഈ ഭൂപ്രകൃതിയാണ്. നഗരത്തിന്‍റെ ഒത്തനടുക്കൊരു റൗണ്ട്, അതിനുചുറ്റും കറങ്ങുന്ന ആളുകള്‍, ഈ തൃശൂര്‍ പൂരം അങ്ങനെയൊക്കെയായിട്ട്. തൃശൂര്‍ പൂരം രണ്ട് തവണ കണ്ടതായി പുസ്തകത്തില്‍ വായിച്ചു. അതത്ര നല്ല അനുഭവം ആയിരുന്നില്ല എന്ന് പറയുന്നുണ്ട്. ഇനിയെന്നെങ്കിലും തൃശൂര്‍ പൂരം കാണണം എന്ന് തോന്നീട്ടുണ്ടോ?
ഒരു പ്രത്യേകം ഗാലറി സ്ത്രീകള്‍ക്കുണ്ട് എങ്കില്‍ കാണും. പുസ്തകം എഴുതിയത് കാരണം എന്‍റെയൊരു വീക്ഷണത്തില്‍ മാറ്റമുണ്ടാവും ഇനി. പിന്നെ ഞാന്‍ കുറേനാള്‍ ഇവിടെ താമസിക്കുകയും ചെയ്തു. അപ്പോ കുറച്ച് കൂടി താല്‍പര്യമുണ്ട്, കുറച്ച് കൂടി കാര്യങ്ങള്‍ കണ്ടെത്തണമെന്ന് തോന്നലുണ്ട്.
തൃശൂര്‍ ആകര്‍ഷിക്കുന്ന ഘടകമായി തോന്നിയത് മറ്റെന്താണ്?
റൗണ്ടിനെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അത് നഗരത്തിന്‍റെ ഹൃദയം പോലെയാണ്. വളരെ തനതായ ഒരിടമാണ്. ഇത്രയധികം ഏക്കറുണ്ട്. പഴയൊരു അമ്പലം, അതിന്‍റെ വാസ്തുപരമായ പ്രത്യേകതകള്‍, അതിലൊരുപാട് കാര്യങ്ങളുണ്ട്. വളരെ സൂക്ഷ്മമായി നോക്കുമ്പോള്‍ അന്നത്തെ കാലത്ത് എങ്ങനെ അതൊക്കെ ഉണ്ടാക്കി എന്ന് അത്ഭുതം തോന്നും. പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ചുമരിലെ ആനകളെയൊക്കെ പണിതിട്ടുണ്ടാവുക. അതൊക്കെ വളരെ തനതായി തോന്നി. പഴയ വീടുകള്‍, തറവാടുകള്‍ ഒക്കെ എന്നെ ആകര്‍ഷിക്കുന്നുണ്ട്. അതിലെനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം വടക്കുംനാഥ ക്ഷേത്രമാണ്. പുസ്തകത്തിലും അതുണ്ട്. ആദ്യത്തെ അധ്യായങ്ങളും അവസാനത്തെ അധ്യായങ്ങളും റൗണ്ടിനെ ചുറ്റിപ്പറ്റിയാണ്.
പുസ്തകത്തിന്‍റെ കവര്‍ പേജ് തന്നെ വളരെ ആകര്‍ഷകമാണ്. കണിക്കൊന്നയുടെ കവറാണ്. എങ്ങനെയാണ് ഇതിലേക്ക് എത്തിയത്?
16 വയസുള്ളൊരു കുട്ടിയാണ് കവര്‍ ചെയ്തത് -അനുജാത് സിന്ധു വിനയ്‍ലാല്‍. ക്വാറന്‍റീനിലിരിക്കുമ്പോള്‍ ഞാനൊരു വാര്‍ത്ത കണ്ടിട്ടുണ്ടായിരുന്നു ഒരു കുട്ടി മദേഴ്സ് എന്നൊരു പെയിന്‍റിംഗ് ചെയ്തതായിട്ട്. അത് കേരള ജെന്‍ഡര്‍ ബജറ്റിന്‍റെ കവറായിരുന്നു. ആ പെയിന്‍റിംഗിന്‍റെ പ്രത്യേകത അതില്‍ കുറേ അമ്മമാരുണ്ട്. അവരെല്ലാവരും നൈറ്റിയിലാണ്. അവരൊരു ആയിരംകൂട്ടം പണികള്‍ ചെയ്യുന്നുണ്ട് എല്ലാ ദിവസവും. വീട്ടിലെ പണികള്‍ പുറത്തെ പണികള്‍, കുട്ടിയെ നോക്കല്‍... ആ കുട്ടി അത് പെയിന്‍റ് ചെയ്‍തത് ഒമ്പത് വയസായിരിക്കുമ്പോഴാണ്.
ലോകത്തിലാകെ തന്നെ ഒരു സ്ത്രീവിരുദ്ധത ഉണ്ട്. സ്ത്രീകള്‍ ചെയ്യുന്ന പണിക്ക് ഒരു വിലയുമില്ല. അതിപ്പോ എവിടെ ആയാലും തൃശൂരായാലും ഡെല്‍ഹിയിലായാലും ലണ്ടനിലായാലും സിംഗപ്പൂരിലായാലും. സ്ത്രീകള്‍ വീട്ടിലെ ജോലികളെല്ലാം ചെയ്യും ജോലി ചെയ്യുന്നുണ്ടാവും. പക്ഷേ, അതിനൊരു വില ആരും കാണില്ല. പ്രത്യേകിച്ച് പുരുഷന്മാര്‍. പക്ഷേ, ഒമ്പത് വയസുള്ള ഒരു ആണ്‍കുട്ടി അതിന്‍റെ വില മനസിലാക്കി അത് ചെയ്തത് കണ്ടപ്പോള്‍ അതെന്‍റെ മനസിനെ സ്പര്‍ശിച്ചു. പുസ്തകം ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രസാധകര്‍ രണ്ടുമൂന്ന് നിര്‍ദേശങ്ങള്‍ വച്ചു. അത് കണ്ടപ്പോള്‍ കുഴപ്പമില്ല തോന്നി. പക്ഷേ, ഈ കുട്ടിയുടേത് കൂടി നോക്കാം എന്ന് തോന്നി. കുട്ടി തൃശൂര്‍ ഉള്ളതാണ്, എഴുതിയ കാര്യങ്ങളൊക്കെ മനസിലാവും. കാര്യങ്ങള്‍ മനസിലാക്കി വരക്കാനുള്ള കഴിവ് അനുജാതിന് ഉണ്ട്. പഠിക്കുന്ന കുട്ടിയാണ് എന്നിട്ടും അവനോട് ചോദിച്ചു. അവന്‍ സമ്മതിച്ചു, അങ്ങനെ അവന്‍ കവര്‍ ചെയ്‍തു തന്നു.
നൈറ്റിയെ കുറിച്ച് പറഞ്ഞത് കൊണ്ട് ചോദിക്കുകയാണ്. എന്നെങ്കിലും കേരളത്തിലെ സ്ത്രീകള്‍ ഇടുന്നത് പോലെയുള്ളൊരു നൈറ്റി ഇട്ടിട്ടുണ്ടോ?
ഉണ്ടുണ്ട്. അമ്മയുടെ അടുത്തുനിന്നും വാങ്ങി ഇട്ടിട്ടുണ്ട്. സ്ഥിരമായിട്ടൊന്നുമല്ല, ചിലപ്പോഴൊക്കെ.
പുസ്തകത്തെ കുറിച്ചുള്ള പ്രതികരണം
വായിച്ചവരൊക്കെ നല്ല അഭിപ്രായം പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയായി കുറേക്കാലം നിന്നതുകൊണ്ട് അതുവച്ച് കാര്യങ്ങളെ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, മുന്‍വിധി ഒന്നും നല്‍കിയില്ല. ലളിതമായി പറഞ്ഞുപോവുന്ന തരത്തിലുള്ളതാണ് പുസ്തകം. കേരളത്തിന്‍റെ പച്ചപ്പും മറ്റു മനോഹാരിതകളും കുറച്ചുകൂടി വിശദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നൊസ്റ്റാള്‍ജിക് മലയാളികളെയാണ് പ്രധാനമായും ടാര്‍ഗറ്റ് റീഡേഴ്സായി കണ്ടത്. പിന്നെ, എന്നെപ്പോലുള്ള മലയാളിയായിട്ടും ഇവിടെ അങ്ങനെ താമസിച്ചിട്ടില്ലാത്ത ആളുകള്‍, ഒപ്പം കേരളത്തെ കൂടുതലായി അറിയാനാഗ്രഹിക്കുന്ന ആളുകള്‍ ഇവരൊക്കെ.
പുസ്തകം വായിച്ചവര്‍ റസ്കിന്‍ ബോണ്ട്, ആര്‍.കെ നാരായണ്‍ പിന്നെ ഹ്യൂമര്‍ ഉള്ളതുകൊണ്ട് പിജി വോഡ്ഹൗസ് ഇവരുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മൂവരും ചെറുപ്പം മുതലേ ഞാനൊരുപാട് വായിച്ചവരാണ്. പ്രിയപ്പെട്ട എഴുത്തുകാരാണ്. അതുകൊണ്ട് അവരെപ്പോലെ എന്ന് കേൾക്കുന്നത് സന്തോഷമാണ്.