അമ്മമാരേ, വിലകൂടിയ ഉത്പന്നങ്ങളിലല്ല കുഞ്ഞിന്റെ ആരോഗ്യമിരിക്കുന്നത്!

By Pusthakappuzha Book ShelfFirst Published Oct 30, 2024, 5:23 PM IST
Highlights

ഇന്നത്തെ നമ്മുടെ കുഴപ്പം എന്താണെന്നോ, പഴമയോടുള്ള പുച്ഛം! കൂടുതല്‍ മോഡേണ്‍ ആവാനുള്ള ഓട്ടത്തില്‍ നമ്മള്‍ നമ്മുടെ പഴയ നാടന്‍ ഭക്ഷണരീതികള്‍ മറന്നു

പുസ്തകപ്പുഴയില്‍ ഇന്ന് ഡോ. സൗമ്യ സരിന്‍ എഴുതിയ 'ഡോക്ടറേ, ഞങ്ങടെ കുട്ടി ഒകെ ആണോ?' എന്ന പുസ്തകത്തിലെ ഒരധ്യായം. 


ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos


''ഡോക്ടറേ, കുട്ടി നല്ല ഭക്ഷണങ്ങളൊന്നും കഴിക്കുന്നില്ല, ഡോക്ടര്‍ ഇവന്റെ കോലം കണ്ടോ?'' 

ഒരു കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്. ഈ ചോദ്യം കേള്‍ക്കാത്ത ശിശുരോഗവിദഗ്ധര്‍ കുറവായിരിക്കും പറയാത്ത അമ്മമാരും! 

മേല്‍പറഞ്ഞ കുട്ടിയിലേക്കുതന്നെ നമുക്ക് തിരികെ വരാം. കുട്ടിയെയും അമ്മയെയും നിരീക്ഷിച്ചപ്പോള്‍, കാഴ്ചയില്‍നിന്നുതന്നെ സാമ്പത്തികമായി ഇടത്തരമായ ഒരു കുടുംബമാണെന്നു വ്യക്തം. പക്ഷേ, ആ കുട്ടിയുടെ കൈയില്‍ കണ്ട സാധനങ്ങള്‍ വിപണിയില്‍ ലഭ്യമായ മുന്തിയ ചോക്ലേറ്റുകളും ഒരു പാക്കറ്റ് ചിപ്‌സും ശീതളപാനീയത്തിന്റെ പാക്കറ്റുമായിരുന്നു.

കുറച്ചു ദേഷ്യത്തോടെതന്നെ ഞാന്‍ ചോദിച്ചു, ''ഇതൊക്കെയാണോ കുഞ്ഞിന് കഴിക്കാന്‍ കൊടുക്കുന്നത്?'' 

അപ്പോള്‍ ആ അമ്മ പറഞ്ഞ മറുപടി എന്നെ കൂടുതല്‍ കുഴക്കി. ''അതെന്താ ഡോക്ടറേ, ഞങ്ങള്‍ പാവപ്പെട്ടവര്‍ ഇങ്ങനത്തെ സാധനങ്ങള്‍ കഴിച്ചൂടെ? കാശുള്ള വീട്ടിലെ കുട്ടികള്‍ക്കു കൊടുക്കുന്ന എല്ലാ സാധനങ്ങളും ഞങ്ങള്‍ ഇവര്‍ക്കും വാങ്ങിക്കൊടുക്കാറുണ്ട്. ഒന്നിനും ഒരു കുറവും വരുത്തുന്നില്ല. പാലില്‍ ഇട്ടുകൊടുക്കുന്ന ആ പൊടിയും കൊടുക്കുന്നുണ്ട്. നമ്മുടെ ഇല്ലായ്മകൊണ്ട് അവര്‍ക്കു മോശം വരരുത്.'' 

അപ്പോ അതാണ് പ്രശ്‌നം! 'നല്ല ഭക്ഷണം' എന്നതിന് നമ്മള്‍ കൊടുത്തിരുന്ന നിര്‍വചനങ്ങളൊക്കെ മാറിപ്പോയിരിക്കുന്നു. ഇന്ന് വിപണിയില്‍ കിട്ടുന്ന ഏറ്റവും വില കൂടിയ സാധനങ്ങളാണ് ഏറ്റവും നല്ലതെന്നു നമ്മുടെ അമ്മമാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അതിനു മേമ്പൊടിയായി നാഴികയ്ക്ക് നാല്പതുവട്ടം ടി.വി യിലും മറ്റും കാണിക്കുന്ന പരസ്യപ്പെരുമഴയും! 

 

 

എന്താണ് നല്ല ഭക്ഷണം/സമീകൃതാഹാരം? 

കുട്ടികളിലായാലും വലിയവരിലായാലും നല്ല ഭക്ഷണം എന്നാല്‍ സമീകൃതാഹാരമാണ്. അതായത് നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വേണ്ട അളവില്‍ ഒത്തുചേര്‍ന്ന ആഹാരം. എന്തൊക്കെ ആണ് നമ്മുടെ ശരീരത്തിനാവശ്യമായ ആ ഘടകങ്ങള്‍? പണ്ട് നമ്മള്‍ പഠിച്ചതൊക്കെത്തന്നെ അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകള്‍, പിന്നെ ധാതുലവണങ്ങളും! ഇതില്‍ പ്രധാനം അന്നജമാണ്, അതാണ് ഒരു ദിവസത്തേക്കുവേണ്ട ഊര്‍ജം നമുക്കു നല്‍കുന്നത്.

നമ്മുടെ ഒരു ദിവസത്തെ ആഹാരത്തിന്റെ പ്രധാന ഭാഗം അന്നജമായിരിക്കണം. അതായത് ഒരു 50-60% വരെ. ശേഷം വേണ്ടത് മാംസ്യമാണ്, അഥവാ പ്രോട്ടീന്‍. ഇതാണ് നമ്മുടെ ശരീരത്തിലെ പേശികളുടെയും മറ്റും വികാസത്തിന് സഹായിച്ച് ശരീരഘടന നിലനിര്‍ത്തുന്നത്. അടുത്തതായി ഭക്ഷണത്തില്‍ കൂടുതലായി ചേര്‍ക്കേണ്ടത് പ്രോട്ടീനുകളെയാണ്. കൊഴുപ്പും ഒഴിച്ചുകൂടാത്തൊരു ഘടകമാണ്. പലരുടെയും വിചാരം കൊഴുപ്പ് ശരീരത്തിന് നല്ലതല്ല എന്നാണ്. അത് ശരിയല്ല. നല്ല കൊഴുപ്പുകളും ഹാനികരങ്ങളായ കൊഴുപ്പുകളുമുണ്ട്. ഇതില്‍ നല്ല കൊഴുപ്പുകള്‍ ശരീരത്തിന് അത്യാവശ്യമാണ്, കോശങ്ങളുടെയും മറ്റും ഘടന നിലനിര്‍ത്താനും പല പ്രധാനപ്പെട്ട ഹോര്‍മോണുകളുടെ ഉത്പാദനത്തിനും കൊഴുപ്പുകള്‍ അത്യന്താപേക്ഷിതമാണ്. 10-15 %വരെ ഭക്ഷണത്തില്‍ നല്ല കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തണം. മേമ്പൊടിയായി വിറ്റാമിനുകളും ധാതുലവങ്ങളുംകൂടി ആകുമ്പോള്‍ സമീകൃതാഹാരം റെഡി! 

ഇതൊക്കെ എവിടെനിന്നാണ് നമുക്കു കിട്ടുന്നത്? ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളുമാണ് അന്നജത്തിന്റെ സ്രോതസ്സുകള്‍. പയറുവര്‍ഗ്ഗങ്ങള്‍, പാല്‍, മുട്ട, മാംസം എന്നിവയാണ് പ്രോട്ടീന്റെ കലവറകള്‍. തേങ്ങ, എണ്ണയുത്പന്നങ്ങള്‍ എന്നിവ നമുക്ക് വേണ്ട കൊഴുപ്പും നല്‍കുന്നു. ഇലക്കറികളും പച്ചക്കറികളും വിറ്റാമിന്റെ സ്രോതസ്സുകളാണ്. പഴവര്‍ഗങ്ങള്‍ നമുക്കുവേണ്ട ധാതുലവണങ്ങളും തരുന്നു.

എങ്ങനെ കുട്ടികള്‍ക്കായി സമീകൃതാഹാരം തയ്യാറാക്കാം? 

പലരും വിചാരിക്കുന്നപോലെ സമീകൃതാഹാരം കഷ്ടപ്പെട്ട് തയ്യാറാക്കേണ്ടതൊന്നുമില്ല. നമ്മള്‍ ദൈനംദിനം കഴിച്ചുവന്നിരുന്ന നമ്മുടെ നാടന്‍ ഭക്ഷണങ്ങള്‍തന്നെ ധാരാളം. നമ്മുടെ പഴമക്കാര്‍ ഓരോ വിഭവങ്ങളും തയ്യാറാക്കിയിരുന്നത് ഇത്തരത്തില്‍തന്നെയായിരുന്നു. എത്രയോ ഉദാഹരണങ്ങളുണ്ട്. നമ്മള്‍ പ്രാതലിനായി കഴിക്കുന്ന വിഭവങ്ങള്‍തന്നെ നോക്കാം, പുട്ടും കടലയും എടുക്കൂ, പുട്ടുണ്ടാക്കുന്നത് അധികവും അരിയും ഗോതമ്പും ചോളവുമൊക്കെ കൊണ്ടല്ലേ? ഈവക ധാന്യങ്ങള്‍ എന്താണ്, നമ്മുടെ അന്നജംതന്നെ! കൂടെ കഴിക്കുന്ന കടല, നല്ല ഒന്നാന്തരം പ്രോട്ടീന്‍ നല്‍കുന്ന പയറുവര്‍ഗ്ഗമാണ്. പുട്ടിന്റെകൂടെ ഇടുന്ന തേങ്ങയില്‍ വേണ്ടത്ര നല്ല കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇനി ഇഡ്ഡലിയും ചമ്മന്തിയുമെടുക്കൂ, ഇഡ്ഡലി ഉണ്ടാക്കുന്നത് അരിയും ഉഴുന്നുംകൊണ്ടാണ്. അരിയില്‍ അന്നജവും ഉഴുന്നില്‍ വേണ്ടത്ര പ്രോട്ടീനുമുണ്ട്. ചമ്മന്തി ഉണ്ടാക്കുന്ന തേങ്ങയില്‍ മേല്പറഞ്ഞപോലെ കൊഴുപ്പും പ്രോട്ടീനും ധാരാളം. ഇതിനു പുറമേ നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന പഴവര്‍ഗങ്ങളില്‍നിന്ന്, വേണ്ടത്ര വിറ്റാമിനുകളും ധാതുലവണങ്ങളും നമുക്ക് കിട്ടുന്നുണ്ട്. 

പക്ഷേ, ഇന്നത്തെ നമ്മുടെ കുഴപ്പം എന്താണെന്നോ, പഴമയോടുള്ള പുച്ഛം! കൂടുതല്‍ മോഡേണ്‍ ആവാനുള്ള ഓട്ടത്തില്‍ നമ്മള്‍ നമ്മുടെ പഴയ നാടന്‍ ഭക്ഷണരീതികള്‍ മറന്നു. അവയെ നമ്മുടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ മടിക്കുന്നു. വിപണിയില്‍ കിട്ടുന്ന വിലകൂടിയ മുന്തിയ ഉത്പന്നങ്ങളിലാണ് സ്വന്തം കുഞ്ഞിന്റെ ആരോഗ്യം അത്രയുമിരിക്കുന്നത് എന്ന മിഥ്യാധാരണയിലാണ് അധിക അമ്മമാരും!
 

click me!