കോപ്പിയടിച്ചെന്ന് കോടതി, ലക്ഷങ്ങള്‍ പിഴ; വിവാദമുനമ്പില്‍, കേരളത്തിലും ആരാധകരുള്ള എഴുത്തുകാരി!

By Web Team  |  First Published Feb 2, 2024, 6:32 PM IST

തനിക്കെതിരായ ആരോപണങ്ങളെ ഭ്രാന്തമായ അപകീര്‍ത്തിപ്പെടുത്തലുകളായാണ് എലിഫ് പരാമര്‍ശിച്ചത്


  ഇപ്പോഴിതാ, കരിയറിലെ ഏറ്റവും വലിയ വിവാദത്തിന്റെ മുനമ്പിലാണ് ഈ എഴുത്തുകാരിയുള്ളത്. കോപ്പിയടി, അതാണ് എലിഫിനെ അടിമുടി ഉലച്ചുകളഞ്ഞത്. എലിഫ് കോപ്പിയടിച്ചതായാണ് ടര്‍ക്കി കോടതി ഈയടുത്ത ദിവസങ്ങളിലൊന്നില്‍ വിധിച്ചത്- പ്രണീത എന്‍ ഇ എഴുതുന്നു

 

Latest Videos

എലിഫ് ഷഫാക്ക്

undefined

കഥാപാത്ര വൈവിധ്യം, പ്രമേയത്തിലെ പുതുമ, ആഖ്യാനചാരുത, ലളിതമായ ഭാഷ, സവിശേഷമായ രചനാ തന്ത്രങ്ങള്‍; ഓര്‍ഹാന്‍ പാമുക്കിനു ശേഷം ലോകം കാതോര്‍ക്കുന്ന ടര്‍ക്കി എഴുത്തുകാരിയായി എലിഫ് ഷഫാക്ക് (Elif Shafak) മാറിയത് എഴുത്തിലെ ഈ സവിശേഷതകള്‍ കൊണ്ടാണ്. ലോകത്തില്‍ ഏറ്റവും വിറ്റഴിയുന്ന ടര്‍ക്കി എഴുത്തുകാരിയാണ് അവര്‍. വാക്ചാതുരി കൊണ്ടും വ്യത്യസ്തമായ രചനാരീതി കൊണ്ടും ഒരുപാട് ആരാധകരെ അവര്‍ നേടിയെടുത്തിട്ടുണ്ട്. സൂഫിസം, പ്രണയം, ആത്മീയത, സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ചേരുവകളാണ് അവരുടെ കൃതികളെ ജനപ്രിയമാക്കുന്നത്.  എലിഫിന്റെ കൃതികള്‍ അമ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  വെഫോറം ഗ്ലോബല്‍ അജണ്ട കൗണ്‍സില്‍ ഓണ്‍ ക്രിയേറ്റീവ് ഇക്കണോമി അംഗവും ഇസിഎഫ്ആര്‍ (യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ്) സ്ഥാപക അംഗവുമാണ് എലിഫ്. സ്ത്രീകളുടെ അവകാശങ്ങള്‍, എല്‍ജിബിടിക്യൂ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി സ്ഥിരമായി സംസാരിക്കുന്ന എലിഫ് ടെഡ് ഗ്ലോബല്‍ സ്പീക്കര്‍ എന്ന നിലയിലും  ശ്രദ്ധേയയാണ്. 2017-ല്‍ 'പൊളിറ്റിക്കോ' മാഗസിന്‍ ലോകത്തെ മികച്ചതാക്കുന്ന പന്ത്രണ്ട് പേരില്‍ ഒരാളായി അവരെ തിരഞ്ഞെടുത്തിരുന്നു.

മലയാളത്തിലടക്കം എലിഫിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സൂഫിവര്യനായ ജലാലുദ്ദീന്‍ റൂമിയുടെ ജീവിതം പറയുന്ന, എലിഫിന്റെ ഏറ്റവും ശ്രദ്ധേയ നോവല്‍ 'ദ് ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്'  കോഴിക്കോട്ടെ അദര്‍ ബുക്‌സ് '40 പ്രണയ നിയമങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഇപ്പോഴിതാ, കരിയറിലെ ഏറ്റവും വലിയ വിവാദത്തിന്റെ മുനമ്പിലാണ് ഈ എഴുത്തുകാരിയുള്ളത്. കോപ്പിയടി, അതാണ് എലിഫിനെ അടിമുടി ഉലച്ചുകളഞ്ഞത്. എലിഫ് കോപ്പിയടിച്ചതായാണ് ടര്‍ക്കി കോടതി ഈയടുത്ത ദിവസങ്ങളിലൊന്നില്‍ വിധിച്ചത്. നാല് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ഇതിനോട് എന്നാല്‍, അനുകൂലമായല്ല ഈ എഴുത്തുകാരി പ്രതികരിച്ചത്. കോടതി വിധിക്കെതിരെ മുന്നോട്ടു പോവുമെന്നാണ് അവര്‍ അറിയിച്ചത്. സംഭവത്തില്‍ എലിഫിന് അനുകൂലവും പ്രതികൂലവുമായി വായനക്കാരും എഴുത്തുകാരും രംഗത്തുവന്നിട്ടുണ്ട്. 

കോപ്പിയടി ആരോപണം 

ടര്‍ക്കി, ജര്‍മനി, ജോര്‍ദാന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ താമസിച്ചിരുന്നെങ്കിലും എലിഫ്  ജന്മദേശമായ ഇസ്താംബുളിനോട് പ്രത്യേക മമത  പുലര്‍ത്തുന്നുണ്ട്. എലിഫിന്റെ മിക്കവാറും നോവലുകളിലും ആ ആത്മബന്ധത്തിന്റെ ആഴം പ്രതിഫലിക്കുന്നുമുണ്ട്. ഇസ്താംബുളിനോടുള്ള അടങ്ങാത്ത പ്രണയവും അവിടത്തെ ജീവിതങ്ങളിലെ വൈവിധ്യങ്ങളും എഴുതാനുള്ള എലിഫിന്റെ ആവേശം എടുത്തുകാട്ടുന്ന പുസ്തകമാണ് 'ദി ഫ്‌ലീ പാലസ്'.ഈ പുസ്തകമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടത്. 

ഇസ്താംബുളിലെ ഒരു കെട്ടിടത്തില്‍ കഴിയുന്ന 10 വ്യത്യസ്ത മനുഷ്യരുടെ കഥയാണ് 'ദി ഫ്‌ലീ പാലസ്' പറയുന്നത്.  ഓരോ കഥാപാത്രങ്ങളെയും ആഴത്തില്‍ പരിഗണിക്കുന്നതാണ് രചനാരീതി. അതിനായി, വിശദാംശങ്ങളിലാണ് അവര്‍ ശ്രദ്ധയൂന്നിയത്. പക്ഷേ, വിവരണങ്ങള്‍ നീണ്ട് പോയത് വായനക്ഷമത കുറച്ചതായാണ് ചിലരുടെ വിമര്‍ശനം. എങ്കിലും ലോകമെമ്പാടും, പ്രത്യേകിച്ച് ടര്‍ക്കിയില്‍ ഈ പുസ്തകത്തിന്റെ അനേകം കോപ്പികളാണ് വിറ്റ് പോയത്. പുസ്തകത്തിന്റെ 45 എഡിഷനുകള്‍ ഇറങ്ങുകയും ചെയ്തു.  2001-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം കൊല്ലങ്ങള്‍ക്കിപ്പുറം ഇന്ന് 'കോപ്പിയടി'യുടെ പേരില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി തെളിച്ചിരിക്കുകയാണ്.  

ടര്‍ക്കിഷ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ മിനെ കൊരികെനാറ്റാണ് (Elif Shafak) എലിഫക്കെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്. ''ദി ഫ്‌ലീ പാലസ്' 1990-ല്‍ പുറത്തിറങ്ങിയ തന്റെ 'ദി ഫ്‌ലീസ് പാലസ്' എന്ന കൃതിയുടെ കോപ്പിയടിയാണെന്നായിരുന്നു അവരുടെ ആരോപിച്ചാണ് മിനെ കൊരികെനാറ്റ് കോടതിയിലെത്തിയത്. ആദ്യഘട്ടത്തിലേ, എലിഫ ഈ ആരോപണത്തെ തള്ളിക്കളഞ്ഞു. സമാനതകള്‍ തികച്ചും യാദൃശ്ചികമാണെന്നായിരുന്നു എലിഫയുടെ വാദം.

കോടതിവിധിയുടെ മുനകള്‍ 

എന്നാല്‍ ഇരു പുസ്തകങ്ങളും തമ്മില്‍ യാദൃശ്ചികതക്കുമപ്പുറത്തുള്ള സാമ്യതകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മിനെ കൊരികെനാറ്റിന്റെ പുസ്തകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയതാണെന്ന് എലിഫ വാദിച്ചെങ്കില്‍ പോലും രണ്ട് പുസ്തകങ്ങളിലെയും കഥ, കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലം, കഥയുടെ സമയക്രമം എന്നിവ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വെറും പ്രചോദനവും യാദൃശ്ചികതയും മാത്രമായി കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 

ബൗദ്ധികവും കലാപരവുമായ സൃഷ്ടികളുടെ പകര്‍പ്പവകാശ നിയമപ്രകാരം മിനെ കൊരികെനാറ്റിന്റെ അവകാശങ്ങളുടെ ലംഘനമാണ് ഇതെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് എലിഫിനെതിരെ കോടതി പിഴ ചുമത്തി. നഷ്ടപരിഹാരമായി എലിഫ്  മിനെ കൊരികെനാറ്റിന് 160,000 തുര്‍ക്കിഷ് ലിറ (ഏകദേശം 431,000 രൂപ) നല്‍കണമെന്നാണ് കോടതി വിധിച്ചത്. തുര്‍ക്കിയിലെ പ്രധാന പത്രങ്ങളില്‍ കോപ്പിയടിച്ചെന്ന് സമ്മതിച്ച് എലിഫ് വാര്‍ത്ത നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികരണവും വിവാദങ്ങളും

നിര്‍ണ്ണായകമായ ഈ കോടതി വിധി എലീഫയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കോടതി അലക്ഷ്യമെന്ന് വ്യാഖ്യാനിക്കുന്ന വിധത്തിലായിരുന്നു അവരുടെ പ്രതികരണം. ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍, തനിക്കെതിരായ ആരോപണങ്ങളെ ഭ്രാന്തമായ അപകീര്‍ത്തിപ്പെടുത്തലുകളായാണ് എലിഫ് പരാമര്‍ശിച്ചത്.  തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയതിന് മിനെ കൊരികെനാറ്റിക്കെതിരെ കേസ് നല്‍കാനാണ് എലിഫിന്റെ തീരുമാനം. തന്നോടുള്ള അസൂയ കൊണ്ടോ അവരുടെ മോശം സമയം കൊണ്ടോ ആണ് മിനെ കൊരികെനാറ്റ് ഇങ്ങനെ ചെയ്തതെന്നാണ് എലിഫ് പറയുന്നത്. 

സംഭവത്തില്‍, ടര്‍ക്കിയിലെ സാഹിത്യ ലോകം പല നിലയ്ക്കാണ് നിലയുറപ്പിച്ചത്. നിരൂപകനായ ഉല്‍കര്‍ ഗോക്ബെര്‍ട്ട്ക് ഉള്‍പ്പെടെ നിരവധി സാഹിത്യ പണ്ഡിതരും എഴുത്തുകാരും കോടതി വിധിയോട് വിയോജിച്ചു. രണ്ട് പുസ്തകങ്ങളും വ്യത്യസ്തമായ ആഖ്യാനരീതികളുള്ളതും, വ്യത്യസ്തമായ സെമാന്റിക്, സിമിയോറ്റിക് ചട്ടക്കൂടുകള്‍ക്കുള്ളിലുള്ളതാണെന്നും, ഇവ രണ്ടും  അതുല്യവും മൂല്യവത്തായതുമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു വിഭാഗം എഴുത്തുകാരും നിരൂപകരും കോടതി വിധിയോട് യോജിക്കുന്നുണ്ട്. 

കോപ്പിയടിയും സാഹിത്യവും

കോപ്പിയടി, മോഷണക്കുറ്റങ്ങള്‍ സാഹിത്യ, കലാ രംഗങ്ങളില്‍ സര്‍വസാധാരണമാണ്. ലോകപ്രശസ്തരായ അനേകം എഴുത്തുകാര്‍ പല കാലങ്ങളില്‍ സമാനമായ ആരോപണങ്ങള്‍  നേരിടേണ്ടി വന്നിട്ടുണ്ട്. ചിലതിലെല്ലാം കാമ്പുണ്ടായിരുന്നു. ചിലത്, നിയമത്തിന്റെ വരണ്ട വ്യാഖ്യാനങ്ങളുടെ ഫലമായിരുന്നു. അതോടൊപ്പം എടുത്തുപറയേണ്ടതാണ്, തല്‍പ്പര കക്ഷികളുടെ ഇടപെടലുകള്‍. എഴുത്തുകാരെ ബോധപൂര്‍വ്വം കുറ്റവാളികളാക്കുന്ന തരത്തില്‍ കോപ്പിയടി ആരോപണം ഉയര്‍ന്നുവരാറുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനതിരെ എസ് ഗുപ്തന്‍ നായര്‍ ഉയര്‍ത്തിയ കോപ്പിയടി ആരോപണവും എം എന്‍ വിജയന്റെ നേതൃത്വത്തില്‍ ആ ആരോപണങ്ങള്‍ക്കെതിരെ ഉണ്ടായ കാമ്പെയിനും മലയാള സാഹിത്യത്തില്‍ ഒരുകാലത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

പ്രശസ്തരായ പല എഴുത്തുകാര്‍ക്കുമെതിരെ മുന്‍പും  കോപ്പിയടി ആരോപണങ്ങളുണ്ടായിട്ടുണ്ട്.  ഹാരി പോര്‍ട്ടറിന്റെ സ്രഷ്ടാവ് ജെ കെ റൗളിങ്ങ് മുതല്‍ ടി എസ് എലിയറ്റ് വരെ ആരോപണവിധേയരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ദശലക്ഷ കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ് ഡാന്‍ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്'. 2006-ല്‍ റിച്ചാര്‍ഡ് ലേയ്, മൈക്കിള്‍ ബൈഗന്റ് എന്നീ എഴുത്തുകാര്‍ ഈ നോവല്‍ കോപ്പിയടി ആണെന്ന് ആരോപിച്ചിരുന്നു. തങ്ങളുടെ 'ദി ബ്ലഡ് ആന്‍ഡ് ദി ഹോളി ഗ്രൈല്‍' എന്ന പുസ്തകത്തിന്റെ പല ഭാഗങ്ങളും മോഷ്ടിച്ചാണ് ഡാന്‍ ബ്രൗണ്‍ 'ഡാവിഞ്ചി കോഡ്' എഴുതിയതെന്നായിരുന്നു ആരോപണം. കോടതിയില്‍ ഈ വാദം പൊളിഞ്ഞു. മാത്രമല്ല, ആരോപണമുന്നയിച്ചവര്‍ 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ഡാന്‍ ബ്രൗണിന് നല്‍കണമെന്ന് കോടതി വിധിയെഴുതി. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ കാവ്യ വിശ്വനാഥന്റെ ആദ്യ നോവലായ ' How Opal Mehta got kissed, got wild, and got a life'-കോപ്പിയടി വിവാദത്തില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കാവ്യയുടെ പുസ്തകങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 

click me!