പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും 20500 രൂപ പിഴയിടുകയും ചെയ്തിരിക്കുകയാണ് അധികൃതര്‍.
കൊല്ലം: ഹെല്‍മറ്റില്ലാതെ മോഡിഫൈ ചെയ്ത ബൈക്കില്‍ ചീറിപ്പാഞ്ഞ പെണ്‍കുട്ടിക്ക് എട്ടിന്‍റെ പണികൊടുത്ത് മോട്ടോര്‍വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്കില്‍ പെണ്‍കുട്ടി ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും 20500 രൂപ പിഴയിടുകയും ചെയ്തിരിക്കുകയാണ് അധികൃതര്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ എംവിഡിയുടെ ഫേസ്ബുക്ക് പേജില്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പെണ്‍കുട്ടിയുടെ ആയൂര്‍ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടപടിയെടുത്തത്.
undefined
ഗിയറില്ലാത്ത സ്കൂട്ടറോടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപയും ബൈക്ക് മോഡിഫൈ ചെയ്തതിന് പതിനായിരം രൂപയും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 500 രൂപയും ചേര്‍ത്ത് 20500 രൂപയാണ് പിഴ ചുമത്തിയത്. സേഫ് കേരള എൻഫോഴ്സ്മെന്റ് ആർടിഒ മഹേഷ് ഡിയുടെ നിർദ്ദേശപ്രകാരം എംവിഐ ആയ സുമോദ് സഹദേവൻ, അസിസ്റ്റന്‍റ് എംവിഐമാരായ എസ്.ബിനോജ്, എസ്.യു അനീഷ് എന്നിവരാണ് നടപടി സ്വീകരിച്ചത്.