ബജാജ് ഫ്രീഡം സിഎൻജി ബൈക്ക് 50,000 യൂണിറ്റുകൾ വിറ്റഴിച്ചു മുന്നേറുന്നു. പുതിയ വകഭേദങ്ങളുമായി വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് ബജാജ്.
ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ വിപണിയിൽ പുറത്തിറക്കിയ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായിരുന്നു ബജാജ് ഫ്രീഡം സിഎൻജി. 2024 ജൂലൈയിൽ പുറത്തിറങ്ങിയ ബജാജ് ഫ്രീഡം 125 സിഎൻജി ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം എട്ട് മാസങ്ങളായി. ക്രമേണ രാജ്യത്തെ പല നഗരങ്ങളിലും ഈ ബൈക്ക് ആധിപത്യം നേടുന്നു. ഇതുവരെ 50,000ത്തിൽ അധികം യൂണിറ്റുകൾ വിറ്റുകഴിഞ്ഞു. ഡിസ്‍ക് എൽഇഡി, ഡ്രം എൽഇഡി, ഡ്രം എന്നീ മൂന്ന് വേരിയന്റുകളിൽ ബജാജ് ഫ്രീഡം സിഎൻജി ലഭ്യമാണ്. യഥാക്രമം 1,06,268 രൂപ, 1,11,819 രൂപ, 1,28,449 രൂപ എന്നിങ്ങനെയാണ് ബജാജ് ഫ്രീഡം സിഎൻജിയുടെ വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. തുടക്കത്തിൽ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് അവതരിപ്പിച്ചത്. പിന്നീട്, ടയർ-II, ടയർ-III പട്ടണങ്ങൾ ഉൾപ്പെടെ രാജ്യവ്യാപകമായി ഇത് ലഭ്യമാക്കി.
ഇപ്പോഴിതാ ഫ്രീഡം 125 സിഎൻജി നിരയെ പുതിയ വകഭേദങ്ങളുമായി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടുതൽ വകഭേദങ്ങൾ ചേർത്തുകൊണ്ട് ഫ്രീഡം നിര വിപുലീകരിക്കാൻ കമ്പനി ഇപ്പോൾ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വകഭേദങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, പ്രീമിയം വിലയിൽ അവ എത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ. ഫ്രീഡത്തിന് 125 സിസി എഞ്ചിനാണ് കരുത്ത് പകരുന്നത്. എന്നാൽ വലിയ ഡിസ്‌പ്ലേസ്‌മെന്റുകളുള്ള മോട്ടോർസൈക്കിളുകളിലും ഈ സിഎൻജി സാങ്കേതികവിദ്യ കൊണ്ടുവരാൻ കമ്പനി തയ്യാറാണ്. അതിനാൽ അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ 150 സിസി സിഎൻജി ബൈക്കുകൾ രാജ്യത്ത് എത്താൻ സാധ്യതയുണ്ട്. സിഎൻജി ബൈക്കിനൊപ്പം വരുന്ന കുറഞ്ഞ പ്രവർത്തനച്ചെലവിൽ വിട്ടുവീഴ്ച ചെയ്യാതെ കുറച്ചുകൂടി പ്രകടനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ മാഗ്ഗം കമ്പനിയെ അനുവദിക്കും എന്നാണ് റിപ്പോട്ടുകൾ.
ഉപഭോക്താക്കളിൽ നിന്നുള്ള തത്സമയ ഫീഡ്‌ബാക്കിനായി വിപണിയുമായി നിരന്തരം ബന്ധം പുലർത്തുന്ന കമ്പനികളിൽ ഒന്നാണ് ബജാജ്. ഈ ഫീഡ്‌ബാക്കുകൾ ഗവേഷണ വികസന സംഘങ്ങൾക്കും ഉൽപ്പന്ന ആസൂത്രണ സംഘങ്ങൾക്കും അയയ്ക്കുകയും അവർ ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് കമ്പനിയെ വിപണി സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ അനുവദിക്കുന്നു. ഇത് വേഗത്തിലുള്ള ലോഞ്ചുകളിലേക്ക് നയിക്കുന്നു.
നിലവിൽ, ബജാജിന് ഏകദേശം 7,000 സിഎൻജി-ഇന്ധന സ്റ്റേഷനുകളുണ്ട്, അവ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 13,000ത്തിൽ അധികവും 2030 ആകുമ്പോഴേക്കും ഏകദേശം 17,000ത്തിൽ അധികവും ആയി വർദ്ധിക്കാൻ സാധ്യതയുണ്ട്. ബജാജ് ഫ്രീഡം 125-ൽ 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ, രണ്ട് കിലോഗ്രാം സിഎൻജി ടാങ്ക് എന്നിവയുണ്ട്. പെട്രോൾ എഞ്ചിൻ 8,000 ആർപിഎമ്മിൽ 9.5 ബിഎച്ച്പി പവറും 6,000 ആർപിഎമ്മിൽ 9.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ബൈക്ക് 330 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഫ്രീഡം 125 സിഎൻജിയിൽ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളിൽ ഓടുമ്പോൾ 65 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നുവെന്ന് ബജാജ് അവകാശപ്പെടുന്നു. ഫ്രീഡം 125 ആഭ്യന്തര, വ്യവസായ വിലയിരുത്തലുകൾ ഉൾപ്പെടെ 11 സുരക്ഷാ പരിശോധനകൾക്ക് വിധേയമായി. ആഭ്യന്തര വിപണിയിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ച ശേഷം, ഇന്തോനേഷ്യ, ഈജിപ്‍ത്, കൊളംബിയ, ബംഗ്ലാദേശ്, ടാൻസാനിയ, പെറു എന്നിവയുൾപ്പെടെ ആറ് ആഗോള വിപണികളിലേക്ക് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് കയറ്റുമതി ചെയ്യാനാണ് ബജാജ് പദ്ധതിയിടുന്നത് എന്നും റിപ്പോട്ടുകൾ പറയുന്നു.