കൊവിഡ് കാലത്തെ യാത്രകൾക്കായി പ്രത്യേകം നിർമിച്ചതാണ് ഈ സ്‍കൂട്ടർ. ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ മിനി ഇലക്ട്രിക് സ്കൂട്ടറിന്‍റെ രൂപകൽപ്പന.
ദില്ലി: കൊവിഡ് മഹാമാരി ഭീതിയിലാണ് ലോകം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡ് വ്യാപനം തടയുന്നതിനിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം മുഖ്യമായി നിര്‍ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആദ്യത്തെ 'സോഷ്യൽ ഡിസ്റ്റെൻസിങ്ങ്' ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ജെമോപായ് എന്ന ഇന്ത്യന്‍ കമ്പനി.
മിസോ എന്നാണ് ഈ ഒറ്റ സീറ്റ് സ്‍കൂട്ടറിന്‍റെ പേര്. കൊവിഡ് കാലത്തെ യാത്രകൾക്കായി പ്രത്യേകം നിർമിച്ചതാണ് ഈ സ്‍കൂട്ടർ. ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ മിനി ഇലക്ട്രിക് സ്കൂട്ടറിന്‍റെ രൂപകൽപ്പന. വാഹനത്തിന് ഒറ്റ ചാര്‍ജ്ജില്‍ തന്നെ 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. രണ്ടു മണിക്കൂര്‍ കൊണ്ട് ബാറ്ററിയുടെ 90 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പരമാവധി 25 കിലോമീറ്ററാണ് സ്പീഡ്.
undefined
ഡീപ്പ് സ്കൈ ബ്ല്യു, ഫെയറി റെഡ്, ലൂസിയസ് ഗ്രീൻ, സൺസെറ്റ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലാണ് മിസോ സ്‍കൂട്ടർ എത്തുക. വാഹനത്തിന് ക്യാരിയർ ഉള്ളതും ഇല്ലാത്തതുമായി രണ്ട് വേരിയന്റുകളാണ് ഉള്ളത്. ഒന്ന് ലഗേജിന് കൂടി സൗകര്യമുളളതാണ്. 120 കിലോഗ്രാമാണ് ഈ വാഹനത്തിലെ ക്യാരിയറിന്റെ ശേഷി. വാഹനത്തിന് മൂന്ന് വർഷത്തെ സൗജന്യ സർവീസ് വാറണ്ടിയുണ്ടെന്നാണ് റിപ്പോർട്ട്. പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററായതിനാൽ ഈ സ്‍കൂട്ടറിന് രജിസ്ട്രേഷൻ പെർമിറ്റും ഡ്രൈവിങ്ങ് ലൈസൻസും ആവശ്യമില്ലെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
44,000 രൂപയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്ഷോറും വില. 2000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സൂചന. ജൂലൈ 15ന് മുന്‍പ് വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 60 ഡീലര്‍മാര്‍ വഴി വാഹനം വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
ഗോറിൻ ഇ-മൊബിലിറ്റി, ഒപായി ഇലക്ട്രിക് എന്നീ കമ്പനികളുടെ സംയുക്ത സ്ഥാപനമായ മിസോയുടെ നിര്‍മ്മാതാക്കളായ ജെമോപായ് കമ്പനി. ബാറ്ററി മാത്രമാണ് ഈ പുത്തന്‍ സ്‍കൂട്ടര്‍ നിര്‍മ്മാണത്തിനായി ഇറക്കുമതി ചെയ്‍തതെന്ന് കമ്പനി പറയുന്നു. അടുത്ത മാസത്തോടെ ഇന്ത്യയിലെ 60 ശതമാനം നഗരങ്ങളിലും ഈ വാഹനം എത്തും.