ആവശ്യക്കാര്‍ കൂടി, ഉല്‍പ്പാദനം കൂട്ടാന്‍ ഈ സ്‍കൂട്ടര്‍ കമ്പനി

By Web Team  |  First Published Aug 30, 2021, 7:47 PM IST

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്.  ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി. 


ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്.  ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി. വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഹരിക്കാനാണ് കമ്പനിയുടെ ഈ നീക്കം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ അതിവേഗം രാജ്യത്ത് വളര്‍ന്നുവരുന്ന ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി കൂടിയാണ് കൊമാക്കി. കൊമാക്കി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നഗരവാസികള്‍ക്കും ബജറ്റ് ഉപഭോക്താക്കള്‍ക്കും ഇടയിലാണ് ജനപ്രിയമാകുന്നത്. ബ്രാന്‍ഡ് ഇതിനകം ഇന്ത്യന്‍ വിപണിയില്‍ നിരവധി ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിരവധി മോഡലുകളെ കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ഈ ശ്രേണിയില്‍ മികച്ച ജനപ്രീതി നേടാനും ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest Videos

undefined

സമീപകാല വില്‍പ്പന വളര്‍ച്ചാ കണക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്‍ചവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങളുടെ ഒരു നിര തന്നെയുണ്ട് കൊമാക്കിയ്ക്ക്. 2021 ല്‍, കൊമാക്കി ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

അടുത്തിടെ കൊമാക്കി പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിച്ചുകൊണ്ട് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എക്‌സ്ജിടിഎക്‌സ്5 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിആര്‍എല്‍എ ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമായിരിക്കും സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

പ്രായമായ ആളുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും കൊമാക്കി വ്യക്തമാക്കി. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനായി പിന്‍ ചക്രത്തിനൊപ്പം രണ്ട് വശങ്ങളിലും അധിക ടയറുകള്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. രണ്ട് മോഡലുകള്‍ക്കും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 4-5 മണിക്കൂര്‍ സമയം കൊണ്ട് ലിഥിയം അയണ്‍ വേരിയന്റ് ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

അടുത്തിടെ കൊമാകി പുതിയ XGT CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരുന്നു. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്.  ഈ ഇലക്ട്രിക് ബൈക്കിന് 300-350 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. 1-1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കൂ. ഒറ്റ ചാര്‍ജില്‍ ഈ ബൈക്കിന് 125 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കൊമാകി പറയുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഇ- സ്‍കൂട്ടര്‍ ബാറ്ററിയും കമ്പിന അടുത്തിടെ വികസിപ്പിച്ചിരുന്നു. 

കൊമാകി പുറത്തിറക്കുന്ന XGT-KM, X-One, XGT-X4 എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ബാറ്ററി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മലിനീകരണ മുക്തമായ ഇന്ത്യ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി കൊമാകി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് ഈ കൂടുതല്‍ റേഞ്ച് നല്‍കാന്‍ സാധിക്കുന്ന ഈ ബാറ്ററി ടെക്‌നോളജിയെന്നും പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം കൃത്യമായ പരിശോധനകള്‍ നടത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഓരോ വാഹനവും എത്തുന്നത് എന്നും കൊമാകി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!