നിരത്തുകളെ ഹരം കൊളിയ്ക്കാന്‍ വീണ്ടുമെത്തുന്നു ബജാജ് കാലിബര്‍

By Web Team  |  First Published Jul 19, 2021, 11:05 PM IST

125, 135 സി.സി. എന്‍ജിനുമായായിരിക്കും കാലിബറിന്റെ മടങ്ങി വരവെന്നും അഭ്യൂഹങ്ങളുണ്ട്.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയതോടെ 125 സി സി എന്‍ജിനോടെ ഡിസ്‌കവര്‍ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
 


രുകാലത്ത് ഇന്ത്യന്‍ യുവതയുടെ പ്രിയ  ഇരുചക്ര വാഹന മോഡലുകളില്‍ ഒന്നായിരുന്നു ബജാജ് കാവസാക്കി കാലിബര്‍. കൃത്യമായി പറഞ്ഞാല്‍ 1990കളുടെ അവസാനം മുതല്‍ 2006 വരെ യുവാക്കളുടെ മനസ് കവര്‍ന്ന വാഹനം. 1998ല്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജിന്റെയും ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കളായ കവാസാക്കിയുടെയും കൂട്ടുകെട്ടിലാണ് കാലിബര്‍ പിറന്നത്.

കവാസാക്കി ബജാജ് കാലിബര്‍ എന്ന പേരിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തിയിരുന്നത്. 100 സിസിയുള്ള ടൂ സ്ട്രോക്ക് എന്‍ജിന്‍ ബൈക്കുകള്‍ നിരത്തുകള്‍ വാണിരുന്ന കാലത്താണ് മികച്ച ഇന്ധനക്ഷമതയും ആകര്‍ഷകമായ ശബ്ദവും കരുത്തുമായി എത്തിയ ഈ 110 സിസി ഫോര്‍ സ്ട്രോക്ക് എന്‍ജിന്‍ ബൈക്ക് വിപണി കീഴടക്കിയത്. ഹൂഡിബാബ എന്ന പരസ്യ വാചകവുമായി കാലിബര്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടാമന്‍ കൂടി എത്തിയതോടെ ഈ കാലിബര്‍ എന്ന പേര് ഏറെ ശ്രദ്ധ നേടി. പക്ഷേ, ബജാജിന്റെ ബൈക്ക് ശ്രേണി കൂടുതല്‍ വിപുലമായതോടെ 2006-ല്‍ നിരത്തൊഴിഞ്ഞു കാലിബര്‍.

Latest Videos

undefined

എന്നാല്‍ ഇതേ ജനപ്രിയ കാലിബര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കാലിബര്‍ എന്ന പേര് മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബജാജ് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫ്രീറൈഡര്‍, ഫ്ളൂവര്‍, ഫ്ളൂയിര്‍ എന്നീ പേരുകള്‍ ഉള്‍പ്പെടെ ബജാജ് ഓട്ടോ ഈയിടെയായി നിരവധി ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏറ്റവുമൊടുവില്‍ കാലിബര്‍ എന്ന പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ബജാജ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുതായി പെട്രോള്‍ അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിച്ചേക്കുമെന്ന് ട്രേഡ്മാര്‍ക്ക് അപേക്ഷ വ്യക്തമാക്കുന്നതായാണ് ഈ സൂചനകള്‍.

ട്രേഡ്മാര്‍ക്ക് ഫയലിങ്ങിനുള്ള വെബ്‌സൈറ്റ് പ്രകാരം 10 വര്‍ഷകാലത്തേക്കാണു ബജാജ് കാലിബര്‍ എന്ന പേരിനുള്ള അവകാശം സ്വന്തമാക്കിയത്. 1998ല്‍ ആദ്യം സ്വന്തമാക്കിയ കാലാവധി 2008ല്‍ അവസാനിച്ചിരുന്നു.  കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. ശേഷം ഇപ്പോഴാണു ബജാജ് ഓട്ടോ ഈ പേര് വീണ്ടും ഉപയോഗിക്കാനുള്ള അവകാശത്തിനായി അപേക്ഷിച്ചത്.  

111.6 സിസി എന്‍ജിനായിരുന്നു പഴയ കാലിബറിന് കരുത്തേകിയിരുന്നത്. 85 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.6 ബി.എച്ച്.പി. പവറായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.   കമ്മ്യൂട്ടര്‍ ബൈക്കായി എത്തിയിരുന്ന കാലിബര്‍ ഇനിയും ആ ശ്രേണിയില്‍ എത്താനിടയില്ലെന്നാണ് സൂചന. വരാനിരിക്കുന്ന എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ കാലിബര്‍ പേര് ഉപയോഗിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ മോട്ടോര്‍സൈക്കിള്‍ 100 സിസി അല്ലെങ്കില്‍ 110 സിസി എന്‍ജിന്‍ ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. സിടി, പ്ലാറ്റിന മോട്ടോര്‍സൈക്കിളുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സെഗ്മെന്റുകളില്‍ ബജാജ് ഓട്ടോ ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

125, 135 സി.സി. എന്‍ജിനുമായായിരിക്കും കാലിബറിന്റെ മടങ്ങി വരവെന്നും അഭ്യൂഹങ്ങളുണ്ട്.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയതോടെ 125 സി സി എന്‍ജിനോടെ ഡിസ്‌കവര്‍ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ ട്യൂണിങ്ങില്‍ മാറ്റത്തോടെ 125 പള്‍സറിലെ 124.4 സി സി എന്‍ജിനോടെ കാലിബര്‍ തിരിച്ചെത്താനുള്ള സാധ്യതയും വാഹനപ്രേമികള്‍ കണക്കുകൂട്ടുന്നുണ്ട്.

പള്‍സര്‍ 125, പള്‍സര്‍ എന്‍എസ് 125 എന്നിവ ബജാജ് ഓട്ടോയുടെ നിലവിലെ രണ്ട് 125 സിസി ബൈക്കുകളാണ്. എന്നാല്‍ ഇവ രണ്ടും ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളല്ല. മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ച് കാലിബര്‍ മോട്ടോര്‍സൈക്കിളിനെ ഇവിടെ അവതരിപ്പിക്കാന്‍ കഴിയും. ടിവിഎസ് കഴിഞ്ഞ വര്‍ഷം 'ഫിയറോ 125' പേരിനായി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ മോട്ടോര്‍സൈക്കിളിന് ഒരു എതിരാളിയായി ബജാജ് ഓട്ടോയുടെ പുതിയ മോഡല്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം കാലിബര്‍ എന്ന പേരില്‍ ബജാജ് ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ ഇലക്ട്രിക്ക് ബൈക്കിനായി ഒരു പഴയ പേര് പുനരുജ്ജീവിപ്പിക്കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിലും സമാന തന്ത്രമാണ് ബജാജ് പ്രയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 ല്‍ നിരത്തൊഴിഞ്ഞ ചേതക് പിന്നീട് കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറായി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുകയായിരുന്നു.

എന്തായാലും കാഴ്ചയിലടക്കം പുതുമകളും പരിഷ്‌കാരങ്ങളുമായിട്ടാവും ബജാജ് കാലിബറിന്റെ രണ്ടാം വരവ് എന്നാണ് വാഹനലോകം കണക്കുകൂട്ടുന്നത്. എന്‍ജിന്‍ ശേഷിയേറുമ്പോള്‍ കാലിബറിന്റെ വിലയും 70,000  75,000 രൂപ നിലവാരത്തിലേക്ക് ഉയരാനാണു സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!