'എന്റെ കൈയില്‍ അന്ന് ആകെയുള്ളത് 961 രൂപയായിരുന്നു, സുരാജേട്ടനാണ് സഹായിച്ചത്'

By Web TeamFirst Published Jan 7, 2020, 11:04 PM IST
Highlights

സന്തോഷത്തോടെയാണ് വീണ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ജീവിതത്തിലെ പല സങ്കീര്‍ണ ഘട്ടങ്ങളിലും നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ അവരുടെ ശബ്ദം ഇടറിത്തുടങ്ങി.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മൂന്നാം എപ്പിസോഡ് മത്സരാര്‍ഥികളിലും കാണികളിലും നൊമ്പരമുണര്‍ത്തുന്ന ഒന്നായി. ബിഗ് ബോസ് അംഗങ്ങള്‍ക്ക് നല്‍കിയ ടാസ്‌ക് ആയിരുന്നു അതിന് കാരണം. മറ്റുള്ള പതിനാറുപേര്‍ക്ക് മുന്നില്‍ സ്വന്തം ജീവിതം സത്യസന്ധമായി അവതരിപ്പിക്കുക എന്നതായിരുന്നു ടാസ്‌ക്. ആദ്യമായി സിനിമ-സീരിയല്‍ താരം വീണ നായരെയാണ് സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസ് ക്ഷണിച്ചത്.

സന്തോഷത്തോടെയാണ് വീണ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ജീവിതത്തിലെ പല സങ്കീര്‍ണ ഘട്ടങ്ങളിലും നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ അവരുടെ ശബ്ദം ഇടറിത്തുടങ്ങി. പിന്നീട് കരഞ്ഞുകൊണ്ടാണ് ഇരുപത് മിനിറ്റോളം വീണ സംസാരിച്ചത്. ഇതുകേട്ട് മറ്റ് പതിനാറ് പേരും എന്ത് പറയണമെന്നറിയാതെ ഇരിക്കുന്നുണ്ടായിരുന്നു.

Latest Videos

അമ്മയെ അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ കൈയില്‍ ആകെയുണ്ടായിരുന്നത് 961 രൂപയായിരുന്നെന്ന് വീണ പറഞ്ഞു. നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ആണ് അന്ന് സഹായവുമായി എത്തിയതെന്നും. 'എന്റെ കല്യാണം അടുത്തിരുന്ന സമയമായിരുന്നതിനാല്‍ കുറച്ച് സ്വര്‍ണം കൈയിലുണ്ടായിരുന്നു. പണമായി 961 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. സുരാജേട്ടന്‍ ഇതറിഞ്ഞിട്ട് ഓടിവന്നു. ഏതോ സിനിമയുടെ ഷൂട്ടിലായിരുന്നു അദ്ദേഹം. എന്റെ കൈയില്‍ കുറച്ച് പൈസ തന്നു. എന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞു'. എന്നാല്‍ അമ്മയുടെ ആരോഗ്യനില പിന്നാലെ മോശമാവുകയായിരുന്നുവെന്നും തനിക്ക് വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആയില്ലെന്നും വീണ ഇടര്‍ച്ചയോടെ പറഞ്ഞു. 

click me!