ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ മഞ്ജു പത്രോസ്.
മലയാളികള്‍ അത്ഭുതത്തോടെ കണ്ട ഷോയായിരുന്നു ബിഗ് ബോസ്. അപചരിചതരും പരിചതരുമായ ഒട്ടേറെപ്പേര്‍ 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍. അതില്‍ പ്രശസ്‍തരും അപ്രശസ്‍തരുമുണ്ടായിരുന്നു. അവരുടെ ഇണക്കങ്ങളും പിണക്കുങ്ങളും പ്രേക്ഷകരും ഏറ്റെടുത്തു. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ കൂട്ടുകൂടാനെത്തുന്നവരില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു പത്രോസുമുണ്ട്.
കൊച്ചിക്കാരിയായ മഞ്ജു പത്രോസ് ഒരു റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. വെറുതെ അല്ല ഭാര്യ എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പിന്നീട് ടെലിവിഷനിലെ കോമഡി പരമ്പരയിലൂടെ ശ്രദ്ധേയയായി. മിനി സ്ക്രീനിലേക്ക് എത്തും മുന്നേതന്നെ വെള്ളിത്തിരയിലും കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ എ കെ ലോഹിതദാസിന്റെ ചക്രത്തിലൂടെയായിരുന്നു മഞ്ജു പത്രോസ് വെള്ളിത്തിരയിലെത്തിയത്. ചക്രത്തിനു ശേഷം വീണ്ടും കലാരംഗത്ത് സജീവമായത് റിയാലിറ്റി ഷോയിലൂടെയാണ് എന്ന് മാത്രം. നോര്‍ത്ത് 24 കാതം, പഞ്ചവര്‍ണ്ണതത്ത, സ്‍കൂള്‍ ബസ്, കഥ പറഞ്ഞ കഥ, പ്രേമസൂത്രം തുടങ്ങി ഒട്ടേറെ സിനിമകളില്‍ മഞ്ജു തിളങ്ങി.
undefined
ഒരു മൂളലില്‍ പോലും മലയാളി തിരിച്ചറിയുന്ന നടിയായി മഞ്ജു പത്രോസിനെ മാറ്റിയത് ടെലിവിഷനിലെ കോമഡി പരമ്പരകളാണ്. അളിയൻ വിഎസ് അളിയനിലെ തങ്കം, കുടുംബകോടതിയിലെ മോളിക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് മഞ്ജു പത്രോസ് മുന്നേറുന്നത്.
ബിഗ് ബോസ്സില്‍ എത്തുമ്പോഴും മഞ്ജു പത്രോസിന്റെ കോമഡി നമ്പറുകള്‍ക്കാകും പ്രേക്ഷകര്‍ കാത്തിരിക്കുക. അതേസമയം സ്ക്രീനിനു പുറത്തെ മഞ്ജു പത്രോസ് യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെയാകും പെരുമാറുകയെന്നും ബിഗ് ബോസ് കാട്ടിത്തരും. തുറന്നുവച്ച കണ്ണുകളുള്ള വീട്ടില്‍ മഞ്ജു പത്രോസിന്റെ ഇടപെടലുകളും തന്ത്രങ്ങളും തമാശകളും കൌണ്ടറുകളുമൊക്കെ എന്താകും. ബിഗ് ബോസ് വീട്ടിലേക്ക് മഞ്ജു പത്രോസും അതിഥിയായി എത്തുന്നതോടെ കൂടുതല്‍ രസകരമാകും ഷോ എന്ന് വ്യക്തമാകുന്നു.
മലയാളികളുടെ സ്വന്തം മോഹൻലാല്‍ തന്നെയാണ് ഇത്തവണും ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കുക.