ആരൊക്കെയാണ് ആ പതിനേഴ് പേര്‍? ബിഗ് ബോസ് സീസണ്‍ 2 നാളെ മുതല്‍

By Web TeamFirst Published Jan 4, 2020, 6:34 PM IST
Highlights

മിക്കവര്‍ക്കും അറിയാവുന്നതുപോലെ പരിചിതരോ അപരിചിതരോ ആയ മത്സരാര്‍ഥികള്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന ചാലഞ്ച്. മത്സരാര്‍ഥികളുടെ ഓരോ നീക്കവും ക്യാമറകളില്‍ പകര്‍ത്തപ്പെടും.
 

ഒന്നാം സീസണ്‍ കൊണ്ടുതന്നെ വന്‍ ജനപ്രീതി ആര്‍ജ്ജിക്കാനായ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം രണ്ടാംസീസണിന് തിരശ്ശീല ഉയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ആരൊക്കെയാണ് മത്സരാര്‍ഥികള്‍ എന്നതാവും പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും കൗതുകമുയര്‍ത്തുന്ന കാര്യം. സോഷ്യല്‍ മീഡിയ പോളുകളില്‍ ബിഗ് ബോസ് വേദിയില്‍ തങ്ങള്‍ കാണാനാഗ്രഹിക്കുന്ന പല താരങ്ങളുടെ പേരുകളും പ്രേക്ഷകര്‍ കമന്റ് ചെയ്തിരുന്നു. അതില്‍ ചിലരുടെ പേരുകള്‍ക്ക് വലിയ ജനപിന്തുണയും ലഭിച്ചിരുന്നു. പതിനേഴ് പേരാണ് ഇത്തവണ മത്സരാര്‍ഥികളായി എത്തുന്നത്. അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ച ആ പതിനേഴ് പേര്‍ ആരൊക്കെയെന്നറിയാന്‍ ഞായറാഴ്ചയിലെ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

Latest Videos

 

മോഹന്‍ലാല്‍ തന്നെ അവതാരകന്‍

ആദ്യ സീസണിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ആദ്യ സീസണിലെ വിജയി.

ബിഗ് ബോസ് ഹൗസ്

കഴിഞ്ഞ തവണ മുംബൈയിലാണ് മലയാളം ബിഗ് ബോസിനായി സെറ്റ് തയ്യാറായതെങ്കില്‍ ഇക്കുറി വേദി ചെന്നൈയിലാണ്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ തവണത്തേതുപോലെ ഒരു പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ളതാവും സെറ്റിന്റെ ഡിസൈന്‍. ഇത്തവണത്തെ തീം എന്താണെന്ന് അറിയണമെങ്കിലും ആദ്യ എപ്പിസോഡ് വരെ കാത്തിരിക്കണം.

മത്സരാര്‍ഥികള്‍ക്കുള്ള വെല്ലുവിളികള്‍

മിക്കവര്‍ക്കും അറിയാവുന്നതുപോലെ പരിചിതരോ അപരിചിതരോ ആയ മത്സരാര്‍ഥികള്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന ചാലഞ്ച്. മത്സരാര്‍ഥികളുടെ ഓരോ നീക്കവും ക്യാമറകളില്‍ പകര്‍ത്തപ്പെടും. ബിഗ് ബോസ് ഹൗസിനുള്ളില്‍ 60 ക്യാമറകളാണ് പല ആംഗിളുകളില്‍ സ്ഥാപിക്കപ്പെടുക. ബാത്ത്‌റൂം ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം ക്യാമറകള്‍ ഉണ്ടാവും. 24 മണിക്കൂറും ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കും. ഒരുകൂട്ടം മനുഷ്യര്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ അടച്ചിട്ട ഒരു സ്ഥലത്ത് കഴിയുമ്പോള്‍ അവര്‍ക്കിടയിലെ ബന്ധങ്ങള്‍ ഏതെല്ലാം തരത്തില്‍ രൂപാന്തരപ്പെടുമെന്നതാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍വെക്കുന്ന കൗതുകം.

click me!