'കിടന്നുപോയാല്‍ ഒരു ഗ്ലാസ് വെള്ളം എടുത്തുതരാന്‍ ആരുമില്ല'; ബിഗ് ബോസില്‍ ഇതുവരെ കാണാത്ത രജിത് കുമാര്‍

By Web TeamFirst Published Jan 9, 2020, 11:23 PM IST
Highlights

ഗായകന്‍ സോമദാസ് താന്‍ കടന്നുവന്ന കഠിനവഴികളെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് നാം രജിത് കുമാറിനെ, മുന്‍പ് കണ്ടിട്ടില്ലാത്ത ഭാവത്തില്‍ കാണുന്നത്.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കൂട്ടത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന മത്സരാര്‍ഥിയാണ് രജിത് കുമാര്‍. ബിഗ് ബോസിന് പുറത്ത് പല വിവാദ പ്രസ്താവനകളിലൂടെയും അദ്ദേഹത്തിനുള്ള പ്രതിച്ഛായയുടെ തുടര്‍ച്ച തന്നെയായിരുന്നു ബിഗ് ബോസ് ആരംഭിച്ചപ്പോഴും. കഴിഞ്ഞ ദിവസം സ്വന്തം ജീവിതാനുഭവം പറഞ്ഞ് അദ്ദേഹം മറ്റുള്ളവരുടെ വിമര്‍ശനത്തിന് പാത്രമാവുകയും ചെയ്തു. എപ്പോഴും ഒരു തര്‍ക്കത്തിന് സന്നദ്ധനായി നില്‍ക്കുന്ന രജിത് കുമാറിനെയാണ് സാധാരണ കാണാറെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തനായിരുന്നു ഇന്നത്തെ എപ്പോസോഡില്‍ രജിത് കുമാര്‍.

ഗായകന്‍ സോമദാസ് താന്‍ കടന്നുവന്ന കഠിനവഴികളെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് നാം രജിത് കുമാറിനെ, മുന്‍പ് കണ്ടിട്ടില്ലാത്ത ഭാവത്തില്‍ കാണുന്നത്. ബിഗ് ബോസ് ഹൗസില്‍ സുജോ മാത്യുവിന്റെ കട്ടിലിന് തൊട്ടപ്പുറത്താണ് രജിത്തിന്റെ കിടക്ക. കിടക്കയില്‍ കിടന്നുകൊണ്ട് സുജോ മാത്യുവിനോടായിരുന്നു രജിത്തിന്റെ സംഭാഷണം. ഉറ്റവരാരും ഇല്ലാത്ത തനിക്ക് നല്ലൊരു സുഹൃത്ത് പോലും ഇല്ലെന്ന് സുജോയോട് രജിത് പറഞ്ഞു. എന്തെങ്കിലും പറ്റി വീണുപോയാല്‍ ആരും തിരിഞ്ഞുനോക്കാന്‍ ഉണ്ടാവില്ലെന്നും. 'എന്നെ കാത്ത് ആരും ഇരിപ്പില്ല... അച്ഛനില്ല, അമ്മയില്ല, ഭാര്യയില്ല, മകനില്ല, മകളില്ല, സഹോദരിയില്ല, സഹോദരനില്ല, ഒരു നല്ല സുഹൃത്ത് പോലും എനിക്കില്ല. ഞാന്‍ പോണവഴിയില്‍ വീണ് ചത്താല്‍ പോലും എന്റെ ജഡം അവിടെയെങ്ങാനും കിടക്കുകയേ ഉള്ളെടാ', ഉള്ളില്‍ തട്ടി പറയുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു രജിത് കുമാറിന്റെ സംഭാഷണം.

Latest Videos

എന്നാല്‍ രജിത് പറയുന്നതിനെ തമാശയ്ക്ക് എടുത്തുകൊണ്ടായിരുന്നു സുജോയുടെ മറുപടി. 'ചേട്ടന്‍ തിരിച്ചുചെന്നിട്ട് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒക്കെ തുടങ്ങ്. എന്നിട്ട് അതില്‍ ദിവസവും ഓരോ ഫോട്ടോയൊക്കെ ഇട്. പരിചയങ്ങളൊക്കെ ഉണ്ടാവും', എന്നായിരുന്നു സുജോയുടെ പ്രതികരണം. 

click me!