യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ വാഹനം എക്സ് യു വി 300 ന്‍റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കാനൊരുങ്ങുന്നു
യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ വാഹനം എക്സ് യു വി 300 ന്‍റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കാനൊരുങ്ങുന്നു. 2020 പകുതിയോടെ ഇ കെ യു വി 300 വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ഓടുന്ന എസ് യു വിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ ആണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.
പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്‍യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന. വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്‍യുവി നിരത്തിലെത്തുകയെന്നാണ് വിവരം.
undefined
നിലവിൽ മഹീന്ദ്രയ്ക്കു വൈദ്യുത വാഹന വിഭാഗത്തില്‍ ഇ ടു ഒ, ഇ വെരിറ്റൊ തുടങ്ങിയ വാഹനങ്ങളാണുള്ളത്. അടുത്ത വർഷത്തോടെ ബാറ്ററിയിൽ ഓടുന്ന കെയുവി 100 അവതരിപ്പിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ഇതോടൊപ്പമാണ് എക്സ് യു വി 300 വൈദ്യുത പതിപ്പിന്റെ വികസനവും പുരോഗമിക്കുന്നത്. എം ഇ എസ് എം എ(മഹീന്ദ്ര ഇലക്ട്രിക് സ്കേലബ്ൾ മൊഡ്യുലർ ആർക്കിടെക്ചർ) ആവും വൈദ്യുത എക്സ് യു വി 300 മോഡലിന് അടിത്തറയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം കഴിഞ്ഞ ആഴ്‍ച പെട്രോള്‍ ഡീസല്‍ പതിപ്പുകളിലായെത്തിയ എക്സ് യു വി 300 നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് XUV300 എത്തുന്നത്. വാഹനത്തിന്‍റെ ആക്സിലറേഷന്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതി XUV300ന്. 100ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡും.
എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് XUV300 അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണുള്ളത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതും എക്സ് യു വി 300 ന് പകിട്ടേകുന്നു. എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ട്. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.