പ്രളയത്തില്‍ കുടുങ്ങി പ്രവാസി യാത്രികര്‍

By Web Team  |  First Published Aug 17, 2018, 6:07 AM IST

കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ കുടുങ്ങി പ്രവാസികളും. വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതോടെ നൂറുകണക്കിന് ആളുകളുടെ വിമാനയാത്രയും വെള്ളത്തിലായി


കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ കുടുങ്ങി പ്രവാസികളും. വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതോടെ നൂറുകണക്കിന് ആളുകളുടെ വിമാനയാത്രയും വെള്ളത്തിലായി. ഒപ്പം വിമാനക്കമ്പനികളുടെ അനാസ്ഥയും കൂടിയായപ്പോള്‍  വിദേശ രാജ്യങ്ങളില്‍നിന്ന് നെടുമ്പാശേരിയിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.

ബദല്‍ സംവിധാനത്തെക്കുറിച്ച് യാത്രികര്‍ക്ക് വ്യക്തമായ ധാരണ ഇതുവരെയില്ല. വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നും പലര്‍ക്കും അറിയപ്പൊന്നും ലഭിച്ചിട്ടില്ല. പലരും എയര്‍ലൈന്‍ ഓഫീസുകള്‍ക്കും ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ക്കു മുന്നിലും  ക്യൂവില്‍ ഇടംപിടിച്ചിരിക്കുകയാണ്. 

Latest Videos

undefined

പ്രകൃതി ദുരന്തത്തില്‍ വിമാനത്താവളം അടയ്ക്കേണ്ടി വന്നതില്‍ യാത്രികര്‍ക്ക് പരിഭവമില്ല. പക്ഷേ, പൊതുമേഖലാ വിമാനക്കമ്പനികളെങ്കിലും കുറേക്കൂടി ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ കുറേപ്പേർക്കു കൂടി നാട്ടിൽ പോകുകയോ തിരികെ എത്തുകയോ ചെയ്യാമായിരുന്നുവെന്നാണ് മിക്കവരുടെയും പരാതി. ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ പല വിമാനക്കമ്പനികളും പൂര്‍ണപരാജയമാണെന്നാണ് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല. റണ്‍വേയില്‍ കൂടുതല്‍ വെള്ളം കയറിയതിനാല്‍ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. ചെങ്ങൽ തോട്ടില്‍ ജലമൊഴുക്ക് കൂടുകയും വെള്ളം കയറുകയും ചെയ്തതോടെ റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.

വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. ടെർമിനലിന് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ ചാക്കുകളിൽ മണൽ നിറച്ചു വിരിക്കുകയാണ് ജീവനക്കാർ. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതാണ് തുറക്കാനുള്ള തീരുമാനം നീട്ടിയത്. ടെർമിനലിന്റെ പ്രവേശന ഭാഗവും കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റുമൊക്കെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തുടര്‍ച്ചയായ കനത്തമഴയുള്ളതിനാലും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല.

ഡാമുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനും കുറവില്ല. ഇതോടെ വിദേശത്ത് പോകേണ്ടവരും വിദേശത്തുനിന്ന് നാട്ടിലേക്കു വരുന്നവരും യാത്രയിൽ മാറ്റം വരുത്തേണ്ടി വരും. നെടുമ്പാശേരിയിൽ നിന്നുള്ള 35 സർവ്വീസുകൾ നിലവില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. മൂന്നു ഹജ്ജ് വിമാനങ്ങളും തലസ്ഥാനത്തു നിന്നാണ് പുറപ്പെടുക.

click me!