രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചില മോഡലുകള്‍ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചില മോഡലുകള്‍ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
2020 ഏപ്രില്‍ ഒന്നോടെ രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ മഹീന്ദ്രയുടെ പല മോഡലുകളും നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019 മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് നടപടി. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി കോടതി ഉത്തരവനുസരിച്ച് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.
undefined
മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളായ സൈലോ, വെറിറ്റോ വൈബ്, നുവോ സ്‌പോര്‍ട്ട്, വെറിറ്റോ തുടങ്ങിയ വാഹനങ്ങള്‍ വില്‍പ്പനയില്‍ വളരെ പിന്നിലാണ്. വില്‍പ്പന കുറഞ്ഞ മോഡലുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ മഹീന്ദ്ര നല്‍കിയേക്കില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബിഎസ്-6 എന്‍ജിനുകളുടെ നിര്‍മാണച്ചിലവ് കൂടുതലാണ്. ഇവയില്‍ സുരക്ഷ സംവിധാനങ്ങളായ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതുപോലെ വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കുന്ന ചിലവേറുമെന്നതിനാല്‍ വില്‍പ്പനയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വാഹനങ്ങള്‍ പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമാണ് കമ്പനിയുടെ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ബിഎസ്-6 എന്‍ജിന്‍ എത്തുന്നതോടെ ഈ വാഹനങ്ങളുടെ ഭാവി വഴിമുട്ടും.
ഇപ്പോള്‍ നിരത്തിലെത്തുന്ന വാഹനങ്ങളില്‍ ബിഎസ്-4 നിലവാരത്തിലുള്ള എന്‍ജിനാണുള്ളത്. പാസഞ്ചര്‍ വാഹനങ്ങളില്‍ ഏതൊക്കെ മോഡലുകളില്‍ ഈ എന്‍ജിന്‍ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവര്‍ ഗോയാങ്ക വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മാരുതി സുസുക്കിയുടെ ഓംനി, ജിപ്സി, അള്‍ട്ടോ 800 തുടങ്ങിയ മോഡലുകളും സമാനമായ കാരണങ്ങളാല്‍ നിരത്തൊഴിയുകയാണ്. 2020-ഓടെ ഇവയ്ക്കൊപ്പം മഹീന്ദ്രയുടെ ഈ വാഹനങ്ങളും വിപണി വിട്ടേക്കും.