ജാവയുടെ ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനം ഡിസംബറില്‍ നടക്കും. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങി. ഓണ്‍ലൈന്‍ വഴി 5000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം.
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി 5000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം.
ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനം ഡിസംബറില്‍ നടക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഡീലര്‍ഷിപ്പുകള്‍ എവിടെയാണെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ജാവ വ്യക്തമാക്കിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ രാജ്യത്താകെ 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്ന് ലോഞ്ചിങ് വേളയില്‍ ജാവ വ്യക്തമാക്കിയിരുന്നു. പുതിയ സൂചനകള്‍ പ്രകാരം പുനെ, ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിലാണ് ആദ്യം ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
ആദ്യഘട്ടത്തില്‍ മുംബൈയിലും ദില്ലിയിലും ഹൈദരാബാദിലും നാല് വീതവും പുണെയില്‍ മൂന്നും ബെംഗളൂരുവില്‍ അഞ്ചും ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലും കൊല്‍ക്കത്തിയിലും ഡീലര്‍ഷിപ്പ് നിര്‍മാണം പുരോഗമിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.
22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്.
പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍. ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.
ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്.