എംജി മോട്ടോർ ഇന്ത്യ മൂന്ന് പുതിയ പ്രീമിയം കാറുകൾ പുറത്തിറക്കുന്നു. സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ, എം9 എംപിവി, മജസ്റ്റർ എസ്‌യുവി എന്നിവയാണ് വരുന്നത്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് മൂന്ന് പുതിയ പ്രീമിയം കാറുകൾ പുറത്തിറക്കാൻ എംജി മോട്ടോർ ഇന്ത്യ ഒരുങ്ങിയിരിക്കുന്നു. സൈബർസ്റ്റർ 2-ഡോർ ഇലക്ട്രിക് സ്പോർട്സ് കാർ, 7 സീറ്റർ എം9 എംപിവി, മൂന്നുവരി മജസ്റ്റർ പ്രീമിയം എസ്‌യുവി തുടങ്ങിയ മോഡലുകൾ കമ്പനി അവതരിപ്പിക്കും. ജനുവരിയിൽ നടന്ന 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ മൂന്ന് മോഡലുകളും പ്രദർശിപ്പിച്ചിരുന്നു. ഈ കാറുകളെപ്പറ്റി ചില കാര്യങ്ങൾ അറിയാം.
എംജി സൈബർസ്റ്റർ
വരാനിരിക്കുന്ന ഇലക്ട്രിക് സ്പോർട്സ് കാർ എംജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി മാത്രമായി വിൽക്കും. സൈബർസ്റ്റർ നമ്മുടെ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാറായിരിക്കും. ഏകദേശം 55 ലക്ഷം മുതൽ 60 ലക്ഷം രൂപ എക്‌സ്-ഷോറൂം വില കണക്കാക്കുന്നു. 77kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തോടുകൂടിയ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ സിസ്റ്റം 510bhp കരുത്തും 725Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. കൂടാതെ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100kmph വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. എംജി സൈബർസ്റ്റർ ഫുൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവിയുടെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ഒരു ഫ്രണ്ട് ഡബിൾ വിഷ്‌ബോണും പിന്നിൽ അഞ്ച്-ലിങ്ക് ഇൻഡിപെൻഡന്റ് യൂണിറ്റും ഉൾപ്പെടുന്നു. സവിശേഷതകളുടെ കാര്യത്തിൽ, ഇലക്ട്രിക് സ്‌പോർട്‌സ് കാറിന് 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും രണ്ട് 7 ഇഞ്ച് സ്‌ക്രീനുകളും, ടച്ച് സെൻസിറ്റീവ് കൺട്രോൾ ബട്ടണുകളുള്ള എച്ച്‌വിഎസി സിസ്റ്റവും ലഭിക്കുന്നു. ഇതിന് ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബോസ് സൗണ്ട് സിസ്റ്റം, 4-വേ അഡ്ജസ്റ്റബിൾ ലെതർ-റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, മെമ്മറിയുള്ള 6-വേ അഡ്‍ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ടിപിഎംഎസ് തുടങ്ങിയവ ലഭിക്കുന്നു.
എംജി മജസ്റ്റർ
ടൊയോട്ട ഫോർച്യൂണറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള എംജിയുടെ പുതിയ ശ്രമമാണ് മജസ്റ്റർ . മൂന്ന് നിര എസ്‌യുവി ഒരു പ്രീമിയം ഓഫറായിരിക്കും ഇത്. നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കുള്ള ഗ്ലോസ്റ്റർ എസ്‌യുവിക്ക് മുകളിലായിരിക്കും ഇത് സ്ഥാനംപിടിക്കുക. 218 ബിഎച്ച്പിയും 480 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് ഫോർ-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് ഇത് വരാൻ സാധ്യത. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ, എംജി മജസ്റ്ററിന് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഹീറ്റഡ്, കൂൾഡ്, മസാജിംഗ് ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഹീറ്റിംഗ് സഹിതം പവർഡ് കോ-ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ, എഡിഎഎസ് സ്യൂട്ട് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.
എംജി എം9 ഇവി
ടൊയോട്ട വെൽഫയർ, കിയ കാർണിവൽ എന്നിവയെ നേരിടാൻ ഇലക്ട്രിക് ബദലായി വരുന്ന മൂന്ന് നിര പ്രീമിയം ഇലക്ട്രിക് എംപിവി ആയിരിക്കും എം9. ഈ ഇലക്ട്രിക് എംപിവിക്ക് 5270 എംഎം നീളവും 2000 എംഎം വീതിയും 1840 എംഎം ഉയരവും ഉണ്ട്. കൂടാതെ 3200 എംഎം വീൽബേസും ലഭിക്കുന്നു. ഈ ആഡംബര ഇവിക്ക് 6 അല്ലെങ്കിൽ 7 സീറ്റ് ലേഔട്ടും ഉണ്ടാകും. സവിശേഷതകളുടെ കാര്യത്തിൽ, എംജി എം9 എംപിവിക്ക് ഒരു പനോരമിക് സൺറൂഫ്, താഴെ ക്ലൈമറ്റ് കൺട്രോൾ പാനലുള്ള വലിയ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേഷനും മസാജ് ഫംഗ്ഷനുമുള്ള പവർഡ് ഫ്രണ്ട്, രണ്ടാം നിര സീറ്റുകൾ എന്നിവ ലഭിക്കുന്നു. എംജി M9 ഇലക്ട്രിക് MPV-യിൽ 90kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് ഒറ്റ ചാർജിൽ 430 കിലോമീറ്റർ വരെ സഞ്ചരിക്കും. 244bhp റേറ്റുചെയ്ത സിംഗിൾ ഇലക്ട്രിക് മോട്ടോർ ഇതിനുണ്ട്, കൂടാതെ 350Nm ടോർക്ക് വാഗ്ദാനം ചെയ്യുന്നു. 125 kW DC ചാർജർ വരെ വേഗത്തിൽ ചാർജ് ചെയ്യുന്നതിനെ എംപിവി പിന്തുണയ്ക്കുന്നു, ഇത് വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30% മുതൽ 80% വരെ ചാർജ് ചെയ്യുന്നു.