അഭിമാന നേട്ടം; സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി, 3 വയസുകാരന് പുതുജീവൻ

ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

Robotic pediatric surgery for cancer was successfully performed at Thiruvananthapuram Regional Cancer Center

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആര്‍സിസിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസര്‍ജറിയുമായി സംയോജിപ്പിച്ചത് കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലും ഒരുപക്ഷേ, രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളിലും ഒഴിച്ചാല്‍ പീഡിയാട്രിക് കാന്‍സര്‍ സര്‍ജറിക്കുള്ള ആദ്യ സംരംഭമാണ്. റോബോട്ടിക് സര്‍ജറിയുടെ ഈ വിജയം പീഡിയാട്രിക് ഓങ്കോളജി ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള സ്ഥാപനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നു. ഈ ചികിത്സ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പോലും സഹായകരമാകും.

Latest Videos

സംസ്ഥാനത്ത് ഈ സര്‍ക്കാറിന്റെ കാലത്താണ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചത്. തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി ആരംഭിച്ചു. ഇത് സംസ്ഥാനത്തിനകത്ത് പൊതുമേഖലാ ആരോഗ്യ സംരക്ഷണത്തില്‍ ഒരു സുപ്രധാന നാഴികക്കലായി അടയാളപ്പെടുത്തി. 30 കോടി രൂപ വീതം ചെലവില്‍ റോബോട്ടിക് സംവിധാനം സ്ഥാപിച്ചതോടെ നൂതന റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ഇന്ത്യയിലെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍സിസിയും എംസിസിയും സ്ഥാനം പിടിച്ചു.

കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സര്‍ജറിയ്ക്ക് രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉള്‍പ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സര്‍ജിക്കല്‍ ടീമില്‍ ഡോ.ശിവ രഞ്ജിത്ത്, ഡോ. അശ്വിന്‍, ഡോ. ദിനേശ്, ഡോ. മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ ടീം, ഹെഡ് നഴ്‌സ് ഇന്ദുവിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് തിയേറ്റര്‍ നഴ്സിംഗ് വിഭാഗം അഞ്ജലി, അനില, രമ്യ, എന്‍ജിനീയര്‍ പൂജ, ജീന, വകുപ്പ് മേധാവി ഡോ. പ്രിയയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഓങ്കോളജി ടീം എന്നിവരുടേയും ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പൂര്‍ണ പിന്തുണയോടും പരിചരണത്തോടും കൂടിയാണ് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സയും നടത്തിയത്.

Read More : ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; മണ്ണുത്തിയിൽ യൂട്യൂബർ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം കാർ വട്ടംവെച്ച് തടഞ്ഞു, കേസ്

vuukle one pixel image
click me!