ജാവയ്ക്ക് പിന്നാലെ മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ബിഎസ്എയെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാനൊരുങ്ങുകയാണ് മഹീന്ദ്ര.
ഐതിഹാസിക ഇരുചക്ര ബ്രാന്‍ഡായ ജാവ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരികെയെത്തിയിട്ട് ചുരുങ്ങിയ ദിവസങ്ങളേ ആയിട്ടുള്ളൂ. മഹീന്ദ്രയാണ് ജാവയെ പുനരവതരിപ്പിച്ചത്. റോയൽ എൻഫീൽഡിന്റെ ഐക്കണിക്ക് ബുള്ളറ്റ് മോഡല്‍ ക്ലാസിക്ക് ബൈക്കുകൾക്കുള്ള എതിരാളിയായ ജാവയ്ക്ക് പിന്നാലെ മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ബിഎസ്എയെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാനൊരുങ്ങുകയാണ് മഹീന്ദ്ര.
കരുത്തേറിയ 650 സിസി എന്‍ജിന്‍ നല്‍കി ബിഎസ്എ നിരത്തിലെത്തിക്കാനാണ് മഹീന്ദ്രയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്എ മോട്ടോര്‍സൈക്കിളുകളുടെ തനതു രൂപമായ റെട്രോ ഡിസൈനിലായിരിക്കും ബിഎസ്എയുടെ വരവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
മഹീന്ദ്ര ആന്റ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം മുമ്പ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 2016 ഒക്ടോബറിലാണ് ബിഎസ്എയുടെ 100 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയത്. ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനി ബിഎസ്എയെ സ്വന്തമാക്കിയത്. ബിഎസ്എയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതേ പേരില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഇപ്പോള്‍ ക്ലാസിക്ക് ലെജെന്‍ഡ്‍സിനാണ്. ഇതേ ക്ലാസിക് ലെജന്‍ഡ് തന്നെയാണ് ജാവയെ പുനരവതരിപ്പിച്ചതും.
അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വേരുകളുണ്ട് ബിഎസ്എക്ക്. ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്ര അന്താരാഷ്ട്ര വാഹന ലോകത്ത് കരുത്തന്മാരായിത്തീര്‍ന്നിരുന്നു. 2011-ല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 2015ല്‍ പുഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.