രജിസ്ട്രേഷൻ ഫീസ് വേണ്ടെന്ന് യോഗി സർക്കാർ! യുപിയിൽ ഈ വാഹനങ്ങളുടെ വില കുത്തനെ കുറയും!

By Web Team  |  First Published Jul 10, 2024, 11:08 AM IST

മാരുതി സുസുക്കി, ഹോണ്ട കാർസ്, ടൊയോട്ട കിർലോസ്കർ മോട്ടോർ തുടങ്ങിയ നിർമ്മാതാക്കൾക്ക് പുതിയ പോളിസിയിൽ നിന്ന് വലിയ നേട്ടമുണ്ടാകും. അതേസമയം, ഹെവി ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3.5 ലക്ഷം രൂപ വരെ ലാഭിക്കാം.


ഹൈബ്രിഡ് കാറുകളെ രജിസ്ട്രേഷൻ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച്  ഉത്തർപ്രദേശ് സർക്കാർ. കരുത്തുറ്റ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിൽ 100 ശതമാനം ഇളവ് എന്ന നയം ഉടൻ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ സർക്കുലറിൽ അറിയിച്ചു.  ഇത് ഹൈബ്രിഡ് കാർ വിപണിക്ക് ഗണ്യമായ ഉത്തേജനം നൽകുമെന്ന് കണക്കാക്കപ്പെടുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതി സുസുക്കി, ഹോണ്ട കാർസ്, ടൊയോട്ട കിർലോസ്‍കർ മോട്ടോർ തുടങ്ങിയ നിർമ്മാതാക്കൾക്ക് പുതിയ പോളിസിയിൽ നിന്ന് വലിയ നേട്ടമുണ്ടാകും. അതേസമയം, ഹെവി ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിലയിൽ 3.5 ലക്ഷം രൂപ വരെ ലാഭിക്കാം. നിലവിൽ ഉത്തർപ്രദേശിൽ 10 ലക്ഷം രൂപയിൽ താഴെ എക്സ് ഷോറൂം വിലയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനം റോഡ് നികുതിയും 10 ലക്ഷം രൂപയിൽ കൂടുതൽ എക്സ് ഷോറൂം വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം റോഡ് നികുതിയുമാണ്. ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന കുറവായതിനാൽ റോഡ് നികുതി ഇളവ് സംസ്ഥാന ട്രഷറിയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല എന്നാണ് രിപ്പോര്‍ട്ടുകൾ.

Latest Videos

undefined

നിലവിൽ ഹൈബ്രിഡ് ഓട്ടോമൊബൈൽ വിഭാഗത്തിൽ ഗ്രാൻഡ് വിറ്റാരയും ഇൻവിക്റ്റോയും മാരുതി വിൽക്കുന്നു. ടൊയോട്ട ഇന്ത്യയാകട്ടെ  ഇന്നോവ ഹൈക്രോസും ഹൈറൈഡറും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു ജാപ്പനീസ് ബ്രൻഡായ ഹോണ്ടയ്ക്ക് സിറ്റി ഹൈബ്രിഡുമുണ്ട്. ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ് മോഡലുകളുടെ ശരാശരി രജിസ്ട്രേഷൻ ചെലവ് യുപിയിൽ ഏകദേശം 1.80 ലക്ഷം രൂപയാണ്. ഇന്നോവ ഹൈക്രോസും ഇൻവിക്ടോയും വാങ്ങുന്നവർക്ക് ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ഓൺറോഡ് വിലയിൽ മൂന്നു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

പാസഞ്ചർ വാഹനങ്ങളുടെ പ്രധാന വിപണിയാണ് ഉത്തർപ്രദേശ്. ഈ വർഷം ആദ്യ പകുതിയിൽ 2,36,097 യൂണിറ്റുകൾ വിറ്റഴിച്ചു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 13.46 ശതമാനം വർധന രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ മാത്രം വിൽപ്പന 1,09,712 യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10.26 ശതമാനം വർധിച്ചു. 

വിപണി നിലവിൽ ചെറുതാണെങ്കിലും ഈ പുതയ നയം യുപിയിൽ ഹൈബ്രിഡ് വാഹന വിൽപ്പന വർദ്ധിപ്പിക്കും. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും ആദ്യമായി വാഹനം വാങ്ങുന്നവർ ആയിരിക്കില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഈ നീക്കം ഓട്ടോമൊബൈൽ മേഖലയെ സഹായിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഉത്തർപ്രദേശ് സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള നികുതിയിലും രജിസ്ട്രേഷൻ ഫീസിലുമുള്ള മൂന്ന് വർഷത്തെ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ തീരുമാനം എന്നതാണ് ശ്രദ്ധേയം. 

click me!