ചാവടി ചെക്ക് പോസ്റ്റിലാണ് റോബിൻ മോട്ടോഴ്സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി
പാലക്കാട്: കേരളത്തിൽ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ. കേരളത്തിൽ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിൻ മോട്ടോഴ്സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ കൂടെയാണ് ഈടാക്കിയത്. ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.
അനധികൃതമായി സർവീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ സാധിക്കും.
undefined
ഇന്ന് രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട റോബിൻ ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യം പിഴ ചുമത്തിയത്. എന്നാൽ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം എംവിഡി പിഴയും ചുമത്തി. അങ്കമാലിയിലും ബസ് പരിശോധിച്ചപ്പോൾ, സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു. എന്നാൽ ആകെ 37500 രൂപ ഇതുവരെ കേരളത്തിൽ നിന്ന് പിഴ വന്നുവെന്ന് റോബിൻ ബസുടമ പറഞ്ഞു. നാലിടത്ത് നിർത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. ഇതിനു പുറമെ മറ്റു ചലാനുകളും വരാനുണ്ടെന്നും അദ്ദേഹം പറയുന്നു.
Read more: റോബിന് പുതിയ പണി, എംവിഡിക്ക് പിന്നാലെ കളത്തിൽ ആനവണ്ടിയും, പുതിയ പ്രഖ്യാപനവുമായി KSRTC
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം, നാളെയും സർവീസ് നടത്തുമെന്ന് റോബിൻ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ റോബിൻ ബസിനെ മറികടക്കാൻ സമാന്തര സർവീസുമായി കെഎസ്ആർടിസിയും രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് നാലരയ്ക്ക് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രഖ്യാപനം. കെഎസ്ആർടിസി ലോ ഫ്ലോർ ബസാണ് സർവീസിനൊരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം